നൂറിന്റെ നിറവിലും നോമ്പിനെ ‘കൈ’വിടാതെ മറിയുമ്മ
text_fieldsമണ്ണഞ്ചേരി: പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് ചാലാങ്ങാടിയിൽ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മയുടെ (99) നോമ്പോർമകൾക്ക് നൂറിന്റെ നിറവ്. പഴയകാലം വറുതിയുടെയും പ്രയാസങ്ങളുടെയും ആയിരുന്നെങ്കിലും റമദാൻകാലം മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്. വാർധക്യത്തിന്റെ അവശതകൾ ഏറെയുണ്ടെങ്കിലും ഇന്നും ഒരു നോമ്പുപോലും ഉപേക്ഷിച്ചിട്ടില്ല.
എട്ടാംവയസ്സിൽ തുടങ്ങിയ വ്രതാനുഷ്ഠാനം മുടങ്ങാതെ നിർവഹിക്കാൻ കഴിയുന്നത് അല്ലാഹുവിന്റെ കാരുണ്യത്താലാണ്. ഇന്നത്തെപ്പോലെ വിഭവ സമൃദ്ധമായിരുന്നില്ല പഴയനോമ്പുകാലം. കുട്ടിക്കാലത്ത് ഇടയത്താഴത്തിന് ശർക്കരയും പഴവും അവലും ചേർത്ത് തയാറാക്കിയ പാലുവാഴക്കയായിരുന്നു. അത് എല്ലാവർക്കും നിർബന്ധമായിരുന്നു. നോമ്പ് തുറക്കുമ്പോൾ ജീരകക്കഞ്ഞിയും നാരങ്ങവെള്ളവും ചായയും കൈകളിൽ പരത്തുന്ന കൈയൊറോട്ടിയുമാണ് കഴിച്ചിരുന്നത്.
നാരങ്ങവെള്ളം ശരിയാക്കാൻ മാസങ്ങൾക്കു മുമ്പേ നറുനീണ്ടി ലായനി ശരിയാക്കിവെക്കുമായിരുന്നു. പൊരിപലഹാരങ്ങൾ നോമ്പുകാലങ്ങളിൽ കഴിച്ചതായി മറിയുമ്മയുടെ ഓർമയിലില്ല. ഇറച്ചി കിട്ടണമെങ്കിൽ പെരുന്നാൾ വരണമായിരുന്നു. കാലം മാറിയപ്പോൾ ഭക്ഷണരീതിയും മാറി. ആരോഗ്യഭക്ഷണത്തിനപ്പുറം ആർഭാട ഭക്ഷണത്തിലേക്ക് ശീലങ്ങൾ മാറി. സ്വന്തമായി കൈകൊണ്ട് തുന്നിയ കുപ്പായമാണ് മറിയുമ്മ ധരിച്ചിരുന്നത്.
ഏതാനുംനാൾ മുമ്പ് വരെ വ്രതാനുഷ്ഠാനം തുടങ്ങുമ്പോൾ തന്നെ പെരുന്നാളിന് അണിയാൻ വേണ്ടിയുള്ള കുപ്പായം തുന്നി തുടങ്ങും. ശാരീരിക അവശതകളും കാഴ്ചയും മങ്ങിയതോടെ കുപ്പായം തുന്നാൻ കഴിയാറില്ല. വാർധക്യത്തിന്റെ ക്ഷീണം കണ്ണുകളിലും കാലുകളിലും പകർന്ന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും പൂർണസമയം പ്രാർഥനനിരതയാണ്.
റമദാൻ വ്രതാനുഷ്ഠാനത്തിന്റെ നന്മകൾ ജനത്തെ ബോധവത്കരിക്കാൻ എല്ലാവർഷവും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തിരുന്ന ഭർത്താവ് പരേതനായ സി.വി. കുഞ്ഞുമുഹമ്മദാണ് മറിയുമ്മയുടെ മാതൃക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.