പ്രവാചക പള്ളിയിൽ പ്രാർഥനകൾക്ക് ഇവർ നേതൃത്വം നൽകും
text_fieldsമക്ക: പ്രവാചകന്റെ പള്ളിയായ മദീനയിലെ മസ്ജിദുന്നബവിയിൽ റമദാനിൽ തറാവീഹ് ഉൾപ്പെടെ വിവിധ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗദിയിലെ മുതിർന്ന പണ്ഡിതരും ഇസ്ലാമിക കർമശാസ്ത്രത്തിൽ ഗവേഷണ ബിരുദമുൾപ്പെടെ നേടിയവരുമായ ആറ് ഇമാമുമാരാണ്. വ്രതമാസാരംഭത്തോടെ കൂടുതൽ പ്രാർഥനാനിരതമാവുകയാണ് മസ്ജിദ്ദുന്നബവി. ഏറ്റവും കൂടുതൽ വിശ്വാസികൾ ഒരേസമയം ഇവിടെ നമസ്കാരത്തിനും പ്രാർഥനക്കുമായി എത്തുന്നതിനാൽ ഹറം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് രാത്രിനമസ്കാരങ്ങളിൽ പങ്കെടുക്കുന്നത്. മഗ്രിബ്, ഇശാഅ്, തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്കും മനമുരുകിയ പ്രാർഥനകള്ക്കും ഇമാമുമാർ നേതൃത്വം നൽകും. അതിനായി ഇത്തവണ ചുമതലപ്പെടുത്തിയ ആറുപേരും മുതിർന്ന പണ്ഡിതരും മധുരമായി ഖുർആൻ പാരായണം ചെയ്യുന്നവരുമാണ്.
അബ്ദുൽ മുഹ്സിൻ കാസിം
മക്കയിലാണ് അബ്ദുൽ മുഹ്സിൻ കാസിം ജനിച്ചത്. ചെറുപ്പത്തിലേ ഖുർആൻ മനഃപ്പാഠമാക്കിയ അദ്ദേഹം ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക കർമശാസ്ത്ര താരതമ്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
1997 മുതൽ മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാമും ഖത്തീബുമാണ്. മദീന ജനറൽ കോടതിയിലെ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന്റെ ജൂറി അംഗവും മസ്ജിദുന്നബവിയിലെ വിവിധ വിദ്യാഭ്യാസ വകുപ്പ് ഉപദേശകനുമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതനായ ആബിദ് മുഹമ്മദ് കാസിം പിതാവാണ്.
സലാഹ് ബിൻ മുഹമ്മദ് അൽ ബുദൈർ
1998 മുതൽ മദീനയിലെ മസ്ജിദുൽ നബവിയിൽ ഇമാമായും ഖത്തീബായും സേവനമനുഷ്ഠിക്കുന്നുണ്ട്. മദീനയിലെ അപ്പീൽ കോടതിയിൽ ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ ഹുഫൂഫിൽ ജനിച്ച അദ്ദേഹം ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക, താരതമ്യ നിയമശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. റിയാദിലെയും ദമ്മാമിലെയും പ്രമുഖ പള്ളികളിൽ ഇമാമായും കോടതികളിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. വിവിധ റേഡിയോ, ടിവി ചാനലുകളിൽ അദ്ദേഹത്തിന്റെ ഖുർആൻ പാരായണം സംപ്രേഷണം ചെയ്തു വരുന്നുണ്ട്.
അബ്ദുല്ല ബഈജാൻ
അബ്ദുല്ല ബഈജാൻ 2013 മുതൽ മദീനയിലെ പ്രവാചക പള്ളിയിലെ ഇമാമായും 2016 മുതൽ പ്രഭാഷകനായും സേവനം അനുഷ്ഠിക്കുന്നുണ്ട്. സൗദിയിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ അദ്ദേഹം സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ വിവിധ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫസറായും സേവനമനുഷ്ഠിച്ചു. ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിൽ നിന്ന് ശരീഅത്ത് പൊളിറ്റിക്സ് വിഭാഗത്തിൽ മികച്ച ഗ്രേഡുകളോടെ പിഎച്ച്.ഡി ബിരുദം നേടി.
അഹ്മദ് താലിബ്
മദീനയിലെ പ്രവാചകന്റെ മസ്ജിദിലെ പ്രായം കുറഞ്ഞ ഇമാമാണ്. പാരായണ ശൈലിയിൽ ഏറെ വ്യത്യസ്തനായ അഹ്മദ് താലിബ് സൗദിയിലെ പ്രമുഖ ഖുർആൻ പണ്ഡിതരിൽനിന്നാണ് ഖുർആൻ പഠനം പൂർത്തിയാക്കിയത്. 2013 മുതൽ മസ്ജിദുന്നബവിയിൽ ഇമാമായി. ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ശരീഅ ഫാക്കൽറ്റിയിൽനിന്നും ബിരുദം നേടി, ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യറി, ഡിപ്പാർട്ട്മെന്റ് ഓഫ് കംപാരറ്റിവ് ഫിഖ്ഹിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്
ഖാലിദ് മുഹന്ന
2019 മുതൽ മസ്ജിദുന്നബവിയിൽ ഇമാമാണ്. അൽഅഹ്സയിൽ ജനിച്ച അദ്ദേഹം പിന്നീട് റിയാദിലേക്ക് താമസം മാറുകയും ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കുകയും അതേ യൂനിവേഴ്സിറ്റിയിൽതന്നെ പ്രഫസറായി നിയമിതനാവുകയും ചെയ്തു.
അഹ്മദ് അൽ ഹുദൈഫി
സൗദിയിൽ ഖുർആൻ പാരായണം ചെയ്യുന്നവരിൽ പ്രമുഖനാണ് അഹ്മദ് ബിൻ അലി അൽഹുദൈഫി. പ്രവാചക മസ്ജിദിലെ ഇമാമായും പ്രഭാഷകനായും അദ്ദേഹം സേവനനുഷ്ഠിക്കുന്നുണ്ട്. മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. അറബി, ഹദീസ് വ്യാഖ്യാനം, നിയമശാസ്ത്രം എന്നിവയിലും ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. മദീനയിലെ പ്രശസ്ത ഖുബാഅ് പള്ളിയുടെ ഇമാമായും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.