പ്രവാചക ചരിത്രം പറയുന്ന മദീനയിലെ മസ്ജിദ് ബനീ ഉനൈഫ്
text_fieldsമദീന: പ്രവാചകന്റെ ഹിജ്റ പലായനശേഷം മദീനയിൽ ആദ്യമായി നിര്മിച്ച ഖുബ മസ്ജിദിൽനിന്ന് 500 മീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മസ്ജിദ് ബനീ ഉനൈഫ് ചരിത്രത്തിൽ ഇടംപിടിച്ച ഒരു സുപ്രധാന പൈതൃകശേഷിപ്പാണ്. മദീന റീജ്യൻ ഡെവലപ്മെൻറ്, ഹെറിറ്റേജ് അതോറിറ്റികളുടെ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ പള്ളി 37.5 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുനരുദ്ധരിച്ച് അടുത്തിടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.
ബനീ ഉനൈഫ് ഗോത്രം അധിവസിച്ചിരുന്ന സ്ഥലത്ത് നിർമിച്ചതുകൊണ്ടാണ് പള്ളിക്ക് ഈ പേര് ലഭിച്ചത്. മുഹമ്മദ് നബി ഈ പള്ളിയിൽനിന്ന് പ്രഭാത നമസ്കാരം നിർവഹിച്ചതിനാൽ ഈ പള്ളി ‘മസ്ജിദ് മുസബഹ്’ എന്ന പേരിലും ചരിത്രത്തിൽ അറിയപ്പെടുന്നു. മദീനയിലെ ചരിത്രശേഷിപ്പുകൾ തൊട്ടറിയാനും ഇസ്ലാമിക ചരിത്രം പഠിക്കാനും സന്ദർശകർക്ക് അവസരം നൽകാനും ചരിത്ര, പുരാവസ്തു സ്ഥലങ്ങൾ വികസിപ്പിക്കാനും പഴമയുടെ പെരുമ നിലനിർത്തി സംരക്ഷിക്കാനും വിവിധ പദ്ധതികളാണ് ഇപ്പോൾ രാജ്യത്ത് നടപ്പാക്കുന്നത്. മസ്ജിദ് ബനീ ഉനൈഫ് സന്ദർശിക്കാനും കെട്ടിടത്തിലെ വാസ്തുവിദ്യകൾ അടുത്തറിയാനും പകൽസമയമാണ് ഏറ്റവും അനുയോജ്യം.
മേൽക്കൂരയില്ലാതെ മരത്തടികളുടെ തൂണുകളും ആകർഷണീയമായ രൂപകൽപനയോടെ പണിതീർത്ത ഭിത്തികളുടെ ശേഷിപ്പുകളും സന്ദർശകരെ ആകർഷിക്കുന്നതാണ്. പാനീസ് വിളക്കുകളും അലങ്കാര വിളക്കുകളും പൈതൃക രൂപകൽപനകളും ഉള്ള പള്ളിയുടെ നിലം വെളുത്ത മാർബിൾ കൊണ്ടാണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കല്ലുകൾ പാകിയ പള്ളിയുടെ മുറ്റവും കുറ്റിച്ചെടികളും ഈന്തപ്പനകളും മറ്റു ചെടികളും കൂടി ഉൾക്കൊള്ളുമ്പോൾ പള്ളി ഏറെ ചാരുത പ്രകടമാക്കുന്നു.
മദീനയിലെ പൗരാണിക പള്ളികളിൽ ഒന്നായി രേഖപ്പെടുത്തിയ മസ്ജിദ് ബനീ ഉനൈഫ് മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ചരിത്രത്തിന്റെ നാൾവഴികൾ പറഞ്ഞുതരുന്നു. പ്രവാചക സഹചാരികളിൽ പ്രമുഖനായിരുന്ന തൽഹ ഇബ്നു ഉബൈദുല്ലയെ സന്ദർശിക്കാൻ പോകുമ്പോൾ പ്രവാചകൻ പ്രാർഥന നടത്തിയിരുന്നത് ഈ പള്ളിയിലായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.