പെയ്ത് തോരാത്ത നോമ്പോർമകൾ
text_fieldsഒമ്പതു മക്കളും വാപ്പയും ഉമ്മയും ഉപ്പപ്പായും ഉമ്മമ്മായും ചേർന്ന തീരെ ചെറുതല്ലാത്തൊരു കൂട്ടു കുടുംബത്തിന്റെ പരാധീനതകളും ബഹളങ്ങളും നിറഞ്ഞതാണ് ശൈശവ സ്മൃതികളിലെ നോമ്പുകാലം. നോമ്പു തുറക്കാനുള്ള വെള്ളവും ചായയുമായി, മഗ്രിബ് ബാങ്ക് കേൾക്കുന്നത് കാത്ത്, വുളുവോട് കൂടി, നമസ്കാരപ്പായയിൽ അക്ഷമനായി കാത്തിരിക്കുന്ന ഉപ്പപ്പായുടെ രൂപം ഓർമയിൽ മായാതെ കിടപ്പുണ്ട്. അന്ന് പുത്തൻപള്ളിയിലെ ബാങ്ക് അകലെനിന്ന് കേൾക്കേണ്ടിയിരുന്നു നോമ്പുതുറക്കാൻ. അതും വീടിന്റെ ‘കരോട്ടെ പറമ്പിൽ’ പോയി കാതുകൂർപ്പിച്ചു നിന്നാൽ മാത്രം (അന്ന് ഏറ്റവും അടുത്തുള്ള നടയ്ക്കൽ തയ്ക്കാവിൽ മൈക്ക് സൗകര്യം ആയിട്ടില്ല). ഞങ്ങൾ കുട്ടികളുടെ ജോലിയാണ് ബാങ്ക് വിളിച്ചാൽ അറിയിക്കണം എന്നത്. അതിനുവേണ്ടി കരോട്ടെ പറമ്പിലെ പാറപ്പുറത്തും, കശുമാവിന്റെ മുകളിലും കയറിയിരിക്കും. ബാങ്ക് വിളി കേട്ടാൽ ആർത്തലച്ചൊരു ഓട്ടമാണ് വീട്ടിലേക്ക്.
ഇടയത്താഴം കഴിക്കാൻ വിളിയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഉമ്മയോടുള്ള വാശിതീർക്കാൻ ഉച്ചവരെ നോമ്പു നോറ്റ് പരാജയപ്പെട്ടത് അഞ്ചോ,ആറോ വയസ്സിന്റെ ചെറു ബാല്യത്തിലായിരിക്കാം. പൊന്നുമോൻ നോമ്പു നോറ്റ് ക്ഷീണിക്കേണ്ട എന്ന സ്നേഹാർദ്രതയും, കരുതലുമായിരുന്നു ഉമ്മയുടേത്. പക്ഷേ, അവന് കൂട്ടുകാരുടെ മുന്നിൽ നോമ്പുകാരനായി ഞെളിയേണ്ടതിന്റെ ആവശ്യകത പാവം ഉമ്മയ്ക്കറിയില്ലല്ലോ.
ആദ്യമായി നോമ്പുപിടിച്ചു പൂർത്തിയാക്കിയ ദിവസം ഒരുപാട് സന്തോഷത്തിന്റേതായിരുന്നു. കിതച്ചും, ക്ഷീണിച്ചും, തളർന്നും ലക്ഷ്യത്തിലെത്തിയതിന്റെ നിർവൃതി വാക്കുകളിൽ ഒതുങ്ങില്ല. കന്നി നോമ്പുകാരന് മറ്റുള്ളവരേക്കാൾ മുന്തിയ പരിഗണനയാണ് അന്ന് ലഭിക്കുന്നത്.
പിന്നീട് സെന്റ് ജോർജ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടാപ്പിന്റെ ചുവട്ടിൽ ചെന്ന് മുഖം കഴുകി നോമ്പിന്റെ ക്ഷീണം മാറ്റാമെന്ന് പഠിച്ചത്. ഓരോ കൈക്കുമ്പിൾ വെള്ളമെടുത്ത് മുഖത്തോട് ചേർക്കുമ്പോഴും ഓരോ കവിൾ വെള്ളം അകത്താക്കുകയും, ഒപ്പം മുഖം കഴുകുകയും ചെയ്യുന്ന വിദ്യ.
തിരുവയർ പങ്കിട്ട ഉടപ്പിറപ്പായ മൂത്തോൾ, ചാരിയിട്ട വാതിലിനപ്പുറംനിന്ന് വെള്ളം കുടിക്കുന്നത് തൊണ്ടിയോടെ പിടിച്ച് ഉമ്മയോട് പറഞ്ഞപ്പോൾ ‘അവൾക്ക് വയറുവേദനയാ’ണെന്ന് ഉമ്മ പറഞ്ഞതും, ഇത്താ എന്നെ ഗോഷ്ടി കാണിച്ചു ചിരിച്ചതിന്റെ പൊരുളും, പെൺകിടാങ്ങൾ ചില ദിവസങ്ങളിൽ നോമ്പു പിടിക്കാറില്ലെന്നുള്ള സത്യവും കുറെ മുതിർന്ന ശേഷമാണ് മനസ്സിലായത്.
ഗൾഫിലെ പ്രവാസ ജീവിതത്തിനിടെ ചുട്ടുപൊള്ളുന്ന അത്യുഷ്ണത്തിലും, മിതോഷ്ണ കാലാവസ്ഥയിലും നോമ്പു നോറ്റിട്ടുണ്ട്. അവിടത്തെ റമദാൻ പകലുകളിൽ തെരുവോരങ്ങളും, അങ്ങാടികളും വിജനമാണ്. റമദാനിലെ രാത്രികളിലാണ് സൂക്കുകളും, പാതകളും സജീവമാകുന്നത്.
റിയാദിലെ പ്രശസ്തമായ ഹറാജ് സൂക്കിലെ ഒത്തിരി ബഹളങ്ങളിൽ വെള്ളിയാഴ്ച ചന്തകളിലെ വാണിഭക്കാരനായി രാത്രി പുലരുന്നതു വരെ ഇഴുകിച്ചേർന്നിട്ടുണ്ട്.
പള്ളികൾ കേന്ദ്രീകരിച്ചുള്ള ചെറിയ ഇഫ്താർ പാർട്ടികളിലും, ആയിരങ്ങൾ സംഗമിക്കുന്ന നോമ്പുതുറ ടെൻറുകളിലും സംബന്ധിച്ചിട്ടുണ്ട്.
ഒരു റമദാനിൽ ഉംറ കഴിഞ്ഞു റിയാദിലേക്കുള്ള മടക്കയാത്രയിൽ മഗ്രിബ് സമയത്ത് ഞങ്ങളുടെ വാഹനം ബ്രേക്ക് ഡൗണായതും, മരുഭൂ മധ്യത്തിലെ പെരുമ്പാതയോരത്ത് ഏതാനും കാരക്കച്ചീളുകൾ കൊണ്ട് നോമ്പുതുറന്ന് രാത്രി ഏറെ വൈകുന്നതുവരെ കഴിഞ്ഞുകൂടിയതും, മരുമണ്ണിലെ പരന്നൊഴുകുന്ന നിലാ പ്രഭയിൽ മഗ്രിബ് - ഇശാ നമസ്കാരങ്ങൾ ഒരുമിച്ചു നമസ്കരിച്ചതും മറക്കാൻ കഴിയാത്ത അനുഭവമാണ്.
മഗ്രിബിന് തൊട്ടുമുമ്പ് വരെ ശൂന്യമായിക്കണ്ട ഇഫ്താർ വിരിപ്പ് നിമിഷങ്ങൾകൊണ്ട് വിഭവ സമൃദ്ധമാകുന്നതും, ലക്ഷക്കണക്കായ ആളുകളുടെ നോമ്പുതുറക്കുശേഷം വളരെ പെട്ടെന്ന് അവശിഷ്ടങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് അവിടെത്തന്നെ മുസല്ല വിരിച്ചു നമസ്കരിക്കുന്നതുമായ അത്ഭുതം ഇരു ഹറം പള്ളികളിലും കണ്ടിട്ടുണ്ട്.
വ്യത്യസ്ത രുചികളുള്ള ഭക്ഷണ വിഭവങ്ങൾ പാകംചെയ്യാൻ പഠിച്ച മറുനാട്ടിലെ ജീവിതത്തിൽ നിന്ന്, മലയാളിയുടെ നോമ്പുതുറ വിഭവങ്ങളുടെ പട്ടികയിലേക്ക് അധിനിവേശം നടത്തിയ ‘സമ്പൂസ’ എന്ന് അസ്സൽ നാമമുള്ള സമൂസ ഉണ്ടാക്കാൻ പഠിച്ചതും അത് റമദാനിലെങ്കിലും ജീവിതോപാധിയായി തുടരാൻ കഴിയുന്നതും ഒരു നിമിത്തമാകാം. മറക്കാൻ മടിക്കുന്ന പ്രിയമുള്ള ചില ഓർമകളില്ലേ നമുക്ക്. ചില നേരങ്ങളിൽ അവ മനസ്സാകെ കുളിർപ്പിച്ചു കടന്നുപോകും. നിനച്ചിരിക്കാതെ പെയ്തു തോർന്നൊരു രാത്രിമഴ പോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.