കാരുണ്യം ചൊരിയുന്ന പകലിരവുകൾ
text_fieldsറമദാനിലെ പവിത്രമായ രാപ്പകലുകളുടെ മൂന്നിലൊന്ന് പിന്നിട്ടിരിക്കുന്നു. അനുഗ്രഹകവാടങ്ങൾ തുറന്നും തിന്മയുടെ വഴികളിൽ വിലക്കേർപ്പെടുത്തിയും റമദാനെ സാർഥകമായി ഉപയോഗപ്പെടുത്താൻ സ്രഷ്ടാവുതന്നെ സാഹചര്യമൊരുക്കുകയാണ്.
ആത്മസംസ്കരണത്തിെൻറ അടിത്തറയായ തഖ്വ (സൂക്ഷ്മത) നേടാൻ കഴിയുമെന്നതാണ് വ്രതാനുഷ്ഠാനത്തിെൻറ ഗുണഫലമായി ഖുർആൻ എടുത്തുപറഞ്ഞത്.
നോമ്പെന്നപോലെ എല്ലാ ആരാധനകളുടെയും ലക്ഷ്യവും ഇതുതന്നെ. 'തഖ്വ' എന്ന സൂക്ഷ്മത വിശ്വാസത്തിലും അനുഷ്ഠാനത്തിലും മാത്രം ഒതുങ്ങുന്നില്ല. സമഗ്രമായ ജീവിതരീതിയാണത്. ജീവിതത്തിെൻറ എല്ലാ തുറകളിലും സൂക്ഷ്മത പുലർത്തുമ്പോഴാണ് ഒരാൾ 'മുത്തഖി' എന്ന പ്രയോഗം സാർഥകമാകുന്നത്. ആത്മീയ അഭിവൃദ്ധിക്കും ആസക്തികളെ നിയന്ത്രിക്കുന്നതിനും നോമ്പ് വിശ്വാസിയെ പ്രാപ്തനാക്കുന്നു.
കാരുണ്യം പെയ്തിറങ്ങുന്ന ഈ ദിനരാത്രങ്ങൾ ഉപയോഗപ്പെടുത്താനാവണം. അറിഞ്ഞും അറിയാതെയും പരസ്യമായും പരോക്ഷമായും ചെയ്തുപോയ തെറ്റുകളെല്ലാം ശുദ്ധീകരിക്കാൻ കഴിയണം. മനസ്സുറച്ചുള്ള ഹൃദയത്തിെൻറ ഒരുക്കങ്ങളാണ് അതിനു വേണ്ടത്. സഹനവും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിെൻറ മുഖമുദ്ര.
തിരുവരുൾ ഇവിടെ സ്മർത്തവ്യമാണ്: ''നോമ്പ് ഒരു പരിചയാണ്. നിങ്ങൾ നോെമ്പടുത്തെങ്കിൽ അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അക്രമത്തിനോ ചീത്തവിളിക്കാനോ വന്നാൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് അങ്ങോട്ടു പറയണം''.
സത്യാസത്യ വിവേചന പോരാട്ടമായിരുന്ന ബദ്റിന്റെ ഓർമകൾ അയവിറക്കുന്ന ഈ മാസത്തിൽ നമുക്ക് സ്വന്തത്തോട് ആത്മസമരം നടത്താം. അങ്ങനെ പാപമുക്തരായി, ഭാവി ജീവിതത്തിൽ സുകൃത സൂനങ്ങൾ സാധിച്ചെടുക്കാനുള്ള പാഥേയമൊരുക്കാൻ പവിത്രമായ ഈ പകലിരവുകൾ വഴി തുറക്കട്ടെ!
പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.