മിന: താഴ്വരകളുടെയും തമ്പുകളുടെയും നഗരി
text_fieldsഹജ്ജിനെത്തുന്ന തീർഥാടകർ കൂടുതൽ സമയം ചെലവഴിക്കുന്ന പുണ്യ പുരാതന താഴ്വരയും ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയുമാണ് മിന. ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ നിരവധി സംഭവങ്ങൾക്ക് സാക്ഷിയാണ് ഈ താഴ്വര. മസ്ജിദുൽ ഹറാമിന്റെ വടക്കുകിഴക്ക് ഏഴു കിലോമീറ്റർ അകലെയാണ് രണ്ടു ഭാഗങ്ങളും മലകളാൽ ചുറ്റപ്പെട്ട നിലയിൽ ഈ പ്രദേശം. മക്കക്കും മുസ്ദലിഫക്കും ഇടയിൽ 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന വിശാലമായ ഇടമാണിത്. ഹജ്ജിലെ സുപ്രധാന കർമങ്ങളായ ബലിയും ജംറകളിലെ കല്ലേറും ഇവിടെനിന്നാണ് നിർവഹിക്കുന്നത്.
തമ്പുകളുടെ നഗരം, ജംറകളുടെ ഇടം എന്നീ വിശേഷണങ്ങൾ മിന താഴ്വരയുടെ പ്രാധാന്യം വിളിച്ചോതുന്നു. ബലിയറുക്കപ്പെടുന്ന മൃഗങ്ങളുടെ രക്തമൊഴുക്കപ്പെടുന്ന സ്ഥലമെന്ന അർഥത്തിലാണ് 'മനാ' എന്ന പദത്തില്‍നിന്ന് മിന എന്ന പേരുണ്ടായത്. ജനം ഒരുമിച്ചുകൂടുന്ന സ്ഥലമെന്ന അര്‍ഥത്തിലും മിനയെന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഹറമിന്റെ പരിധിക്കുള്ളിലുള്ള സ്ഥലമാണ് മിന. ഇവിടെവെച്ച് ദൈവം അടിമകളുടെ പാപം കഴുകിക്കളഞ്ഞ് അവര്‍ക്ക് അനുഗ്രഹം (മന്ന) നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതുകൊണ്ടാകാം മിനയെന്ന പേര് ലഭിച്ചതെന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകൻ ഇബ്രാഹീമിന്റെ പുത്രന് ഇസ്മാഈലിനെ ബലിനല്കാന് വേണ്ടി ദൈവകൽപനപ്രകാരം കൊണ്ടുവന്ന സ്ഥലവും അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ സ്ഥലവും മിനയാണ്. പ്രവാചകൻ മുഹമ്മദിന്റെ ഹജ്ജ് കർമവേളയിൽ ഖുർആനിലെ 'അന്നസ്ർ' അധ്യായം അവതരിച്ചതും പ്രവാചകൻ മുഹമ്മദും യസ്രിബ് നിവാസികളും തമ്മിൽ ഉണ്ടാക്കിയ രണ്ട് 'അഖബാ' ഉടമ്പടികള്‍ നടന്നതും ഇവിടെവെച്ചായിരുന്നു. നിരവധി പ്രവാചകന്മാരുടെ പാദസ്പർശമേറ്റ മക്കയിലെ പുരാതന പള്ളികളിലൊന്നായ മസ്ജിദ് അൽഖൈഫ് സ്ഥിതി ചെയ്യുന്നതും മിനയിലാണ്.
പ്രവാചകന്മാരുടെ പള്ളി എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച പള്ളിയാണിത്. പ്രവാചകൻ മുഹമ്മദ് വിടവാങ്ങൽ ഹജ്ജ് നിർവഹിച്ചപ്പോൾ മിനയിൽ താമസിച്ചിരുന്ന വേളയിൽ ഈ പള്ളിയിൽവെച്ച് നടത്തിയ പ്രഭാഷണവും പ്രാർഥനയും ചരിത്രത്തിലുണ്ട്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഈ വർഷം തീർഥാടകർക്കായി ഈ പള്ളി തുറക്കും. 23,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽഖൈഫ് മസ്ജിദിൽ ഒരേസമയം 25,000 പേർക്ക് നമസ്കാരം നിർവഹിക്കാൻ സാധിക്കും. പ്രാർഥനക്കെത്തുന്നവർക്ക് അംഗശുദ്ധി വരുത്തുന്നതിനായി 3,000 ടാപ്പുകളും ആയിരത്തിലേറെ ടോയ്ലറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറിയ മൺകുടിലുകളിലായിരുന്നു പൗരാണിക കാലത്ത് മിനയിൽ തീർഥാടകർ താമസിച്ചിരുന്നത്.
പിന്നീട് തുണി ഉപയോഗിച്ചുള്ള തമ്പുകൾ ഉണ്ടാക്കി. കുറച്ചു വർഷം മുമ്പ് ആവർത്തിച്ചുണ്ടായ അഗ്നിബാധയെ തുടർന്നാണ് നിലവിലുള്ള അഗ്നിപ്രതിരോധ തമ്പുകൾ മിനയിൽ പണിതത്. 25 ലക്ഷത്തിലധികം തീർഥാടകർക്ക് താമസിക്കാൻ സാധിക്കുന്ന 1,60,000ത്തോളം തമ്പുകൾ ഇപ്പോൾ മിനയിലുണ്ട്. താമസക്കാർക്കാവശ്യമായ വെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങൾ അടക്കം എല്ലാ സംവിധാനങ്ങളും തമ്പുകളിൽ ഒരുക്കിയിട്ടുണ്ട്.
ശീതീകരണ യന്ത്രങ്ങളും തമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. അഗ്നിശമനത്തിനായി ആധുനിക രീതിയിലുള്ള ഒരുക്കവും വിശാലമായ റോഡുകളും മെട്രോ ട്രെയിൻ സർവിസും തണലിട്ട നടപ്പാതകളുമെല്ലാം തീർഥാടകർക്ക് ആശ്വാസമേകാൻ സൗദി ഭരണകൂടം മിനയിലൊരുക്കിയിട്ടുണ്ട്. 1997ൽ മിനയിലുണ്ടായ തീപിടിത്തത്തിനു ശേഷമാണ് നിലവിലുള്ള ടെന്റുകൾ സ്ഥാപിച്ചത്.
തീർഥാടകർ ദുല്‍ഹജ്ജ് എട്ടിനും 10നും രാത്രി താമസിക്കുന്ന സ്ഥലമാണിവിടെ. ദുൽഹജ്ജ് 11, 12 ദിവസങ്ങളിൽ പൂർണമായും ചിലർ 13നും തമ്പുകളിൽ ആരാധനകളുമായി കഴിഞ്ഞുകൂടാറുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട ബലിയറുക്കൽ കർമവും മിനയിൽ തന്നെയാണ് നിർവഹിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.