ശബരിമല ദര്‍ശനം നടത്തിയവർ 15 ലക്ഷം കവിഞ്ഞു
text_fieldsശബരിമല: ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഡിസംബര്‍ ഒന്നാംവാരം വരെ ദിനംപ്രതി ശരാശരി 80,000ത്തോളം തീർഥാടകരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍, രണ്ടാം വാരമായതോടെ എണ്ണം ക്രമേണ വര്‍ധിച്ചുവരികയാണ്. വെള്ളിയാഴ്ച 1,07,695 പേരാണ് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. പത്താംതീയതിയും ഒരു ലക്ഷത്തിനടുത്താണ് ബുക്കിങ്. വരും ദിവസങ്ങളിലും തിരക്ക് തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വിലയിരുത്തുന്നു.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. തിരക്ക് കൂടുമ്പോള്‍ പമ്പ മുതല്‍ സന്നിധാനംവരെ ഘട്ടംഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കുന്നത്. സന്നിധാനത്തേക്കുള്ള പ്രധാന പാതയില്‍നിന്ന് വഴിതിരിഞ്ഞ് അയ്യപ്പഭക്തര്‍ വനത്തിലൂടെ നടക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്നും ശബരിമല പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.
ഇക്കാര്യം നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെ.എസ്.ആര്‍.ടി.സി നിലവില്‍ 200ല്‍ അധികം ബസുകള്‍ നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസിനായി ക്രമീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച 189 ബസുകളാണ് സര്‍വിസ് നടത്തിയത്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.