അമ്മയും മകനും തീര്‍ഥാടനത്തിലാണ്; സ്‌കൂട്ടറില്‍ പിന്നിട്ടത് 58,600 കിലോമീറ്റര്‍
text_fieldsഗുരുവായൂര്‍: 'മോനേ, തൊട്ടടുത്തുള്ള പുണ്യക്ഷേത്രങ്ങള്‍ പോലും അമ്മക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തിന്‍റെ തത്രപ്പാടുകള്‍ക്കിടയില്‍ അവിടെയൊക്കെ പോകാനുള്ള മോഹം അമ്മ ഉപേക്ഷിക്കുകയായിരുന്നു' -നാല് വര്‍ഷം മുമ്പാണ് മൈസൂരു ബോഗാഡി സ്വദേശി ചൂഡാരത്നമ്മ ഏക മകന്‍ കൃഷ്ണകുമാറിനോട് ഇത് പറഞ്ഞത്.
അമ്മയുടെ വാക്കുകള്‍ കേട്ട മകന്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. കോര്‍പറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് തീര്‍ഥാടനത്തിനിറങ്ങി. 20 വര്‍ഷം മുമ്പ് പിതാവ് ദക്ഷിണാമൂര്‍ത്തി സമ്മാനിച്ച ചേതക് സ്‌കൂട്ടറിലായിരുന്നു യാത്ര. 2015ല്‍ പിതാവ് മരിച്ചിരുന്നു.
കൃഷ്ണകുമാര്‍ അവിവാഹിതനാണ്. അമ്മ പറഞ്ഞ തൊട്ടടുത്ത തീര്‍ഥാടന കേന്ദ്രത്തില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും പ്രമുഖ ക്ഷേത്രങ്ങളിലേക്കും മഠങ്ങളിലേക്കും കെ.എ 09 എക്‌സ് 6143 ചേതക് സ്‌കൂട്ടര്‍ ഓടി. രാജ്യത്തിന്‍റെ അതിര്‍ത്തി കടന്ന് നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കും 72കാരിയായ അമ്മയെയും പിറകിലിരുത്തി 44കാരനായ മകന്‍ സഞ്ചരിച്ചു.
58,600 കിലോമീറ്ററോളമാണ് ഈ സ്‌കൂട്ടര്‍ പുണ്യയാത്ര നടത്തിയത്. അമ്മയെ വൃദ്ധസദനത്തിലാക്കുന്ന ഉദ്യോഗസ്ഥരായ മക്കളുള്ള നാട്ടിലെ റോഡുകളിലൂടെയാണ് ജോലി രാജിവെച്ച് അമ്മയുടെ മോഹം സഫലമാക്കാന്‍ മകന്‍ സ്‌കൂട്ടറോടിച്ച് കടന്നുപോയത്.
2018 ജനുവരി 16നാണ് യാത്ര തുടങ്ങിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചു. ക്ഷേത്രങ്ങളും മഠങ്ങളുമെല്ലാമാണ് വിശ്രമത്തിന് തെരഞ്ഞെടുത്തത്. രണ്ടു വര്‍ഷവും ഒമ്പത് മാസവുംകൊണ്ട് കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കും അവിടെനിന്ന് മൈസൂരുവിലെ വീട്ടിലുമെത്തി.
നേപ്പാളില്‍ 10 ദിവസവും ഭൂട്ടാനിലും മ്യാന്‍മറിലും ഒരാഴ്ചയും ചുറ്റിക്കറങ്ങി. ആറ് ബാഗുകളിലായി ലഗേജുകള്‍ സ്കൂട്ടറില്‍ വെക്കുകയാണ് ചെയ്യുന്നത്. 2020 അവസാനമാണ് ആദ്യ യാത്ര അവസാനിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അല്‍പ്പ ദിവസം സിക്കിമില്‍ യാത്ര നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പിന്നെ പ്രത്യേക അനുമതിയോടെ യാത്ര തുടരുകയായിരുന്നു.
രണ്ടാംഘട്ട യാത്രക്കാണ് കഴിഞ്ഞ മാസം 15ന് തുടക്കമിട്ടത്. ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്കും അവിടെ നിന്ന് കാലടിയുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് യാത്ര തുടരും.
അമ്മക്കും മകനും ഗുരുവായൂര്‍ പൈതൃകത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അഡ്വ. രവി ചങ്കത്ത്, മധു കെ. നായര്‍, കെ.കെ. ശ്രീനിവാസന്‍, മുരളി അകമ്പടി, ശ്രീകുമാര്‍ പി. നായര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.