പഴമയെ സംരക്ഷിച്ച് മുണ്ടക്കയം സി.എസ്.ഐ പള്ളി
text_fieldsമുണ്ടക്കയം: കേട്ടുമാത്രം പരിചയമുള്ള ശവമഞ്ചം പുതുതലമുറയുടെ അറിവിലേക്കായി പ്രത്യേക മുറി പണിത് അതില്‍ സൂക്ഷിക്കുകയാണ് മുണ്ടക്കയം സി.എസ്.ഐ പള്ളി ഭാരവാഹികള്‍. 100 വര്‍ഷത്തോളം പഴക്കമുള്ളതാണിത്. സംസ്ഥാനത്തെവിടെയും ശവമഞ്ചം ഇപ്പോള്‍ ഉപയോഗത്തിലില്ലെങ്കിലും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ് അറ്റകുറ്റപ്പണിയെല്ലാം തീര്‍ത്ത് പ്രത്യേക മുറിയില്‍ സൂക്ഷിക്കുന്നത്. മുറിയുടെ ഒരുവശം പൂര്‍ണമായി ചില്ലിട്ട് പൊതുജനത്തിന് കാണാവുന്ന സൗകര്യത്തിലാണിത്.
ഒമ്പത് പതിറ്റാണ്ട് മുമ്പ് വാഹനസൗകര്യമില്ലാതിരുന്ന കാലത്താണ് ശവമഞ്ചം പള്ളികളില്‍ ഉപയോഗിച്ചുപോന്നിരുന്നത്. മലയോരവാസികള്‍ മരിച്ചാല്‍ ഇതിലാണ് മൃതദേഹം പള്ളിയിലെത്തിച്ചിരുന്നത്. നാലു ചക്രങ്ങളില്‍ തയാറാക്കിയ മഞ്ചം വലിക്കാന്‍ പ്രത്യേക കമ്പിവലയമുണ്ട്. മറ്റു വാഹനങ്ങളിലേതുപോലെ ബ്രേക്കും പ്ലേറ്റും എല്ലാം മഞ്ചത്തിനുണ്ട്. എങ്കിലും കുത്തിറക്കത്തില്‍ മാത്രം മഞ്ചത്തിന്റെ പിന്നില്‍നിന്ന് ബലം നല്‍കേണ്ടതുണ്ട്. അക്കാലത്ത് മഞ്ചത്തില്‍ മൃതദേഹം കിടത്തി ഘോഷയാത്രയായാണ് പള്ളിയിലെത്തുക.
കാല്‍നൂറ്റാണ്ട് മുമ്പാണ് മുണ്ടക്കയം സി.എസ്.ഐ പള്ളിവക ശവമഞ്ചം ഉപയോഗം നിര്‍ത്തിയത്. ആംബുലന്‍സിന്റെ വരവോടെ ഇത് വേണ്ടാതായി. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പള്ളികളില്‍ ഇത്തരം മഞ്ചങ്ങളാണ് ഉപയോഗിച്ചുവന്നതെങ്കിലും പിന്നീട് ഇല്ലാതായി. എന്നാല്‍, മുണ്ടക്കയം പോലുള്ള ചുരുക്കം ചില പള്ളികളില്‍ മാത്രമേ ഇത് കൗതുകക്കാഴ്ചയായി സൂക്ഷിച്ചിരിക്കുന്നത്.
മുണ്ടക്കയം വേങ്ങകുന്ന് ഭാഗത്ത് 1848ലായിരുന്നു സി.എസ്.ഐ പള്ളി ആദ്യം നിർമിച്ചത്. ഹെന്‍ട്രി ബേക്കര്‍ ജൂനിയറാണ് സ്ഥാപകന്‍. പിന്നീട് 1890ല്‍ പള്ളി പട്ടണത്തിലേക്ക് മാറ്റിപ്പണിയുകയായിരുന്നു. ആദ്യം ഉപയോഗിച്ചു വന്ന ശവമഞ്ചം കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെയാണ് പുതിയത് നിര്‍മിച്ചത്. തങ്ങളുടെ മാതാപിതാക്കളും മുത്തച്ഛന്മാരുമെല്ലാം യാത്രചെയ്ത ശവമഞ്ചം കാണാന്‍ പലരും ഇപ്പോഴും പള്ളിയിലെത്താറുണ്ട്. മഞ്ചം കാണാന്‍ മറ്റുള്ളവരും പള്ളിയിലെത്തുന്നത് പതിവുകാഴ്ചയാണെന്ന് വികാരി അലക്സാണ്ടര്‍ ചെറിയാന്, ട്രസ്റ്റി ബോബിന മാത്യു എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.