കുത്തിത്തിരിപ്പ് സൂക്ഷിക്കുക!
text_fieldsആടിനെ പട്ടിയാക്കുന്ന വിരുതന്മാരെ കുറിച്ച് നമുക്കറിയാം. ഇവർ പട്ടിയെ ആടും ആക്കും. മാത്രമല്ല, കൊടും വിഷത്തെ അമൃതുവരെയാക്കും. കിളിപ്പാട്ട് ഈ കാര്യത്തിൽ വാച്യമായിത്തന്നെ താക്കീത് തരുന്നു. എത്ര നല്ല മനുഷ്യരെയും ചീത്തയാക്കാൻ ചിലർക്ക് ഒരു നിമിഷം മതി. രാമന്റെ അഭിഷേകത്തെ കുറിച്ച് അറിഞ്ഞതോടെ മതിമറന്ന് സന്തോഷിച്ചുനിൽക്കുന്ന കൈകേയിയെ രാമൻ പതിനാലു വർഷം കാട്ടിൽ കഴിയണമെന്ന് ശഠിക്കുന്ന മാനസികാവസ്ഥയിലേക്ക് മാറ്റാൻ ഒരു ഏഷണിക്കാരിക്ക് ഏതാനും നിമിഷങ്ങൾ മതിയായി! ദുഷ്ട സംസർഗംകൊണ്ട് എന്തുമാത്രം കഷ്ടം വരാമെന്ന് ഇത് ഉദാഹരിക്കുന്നു. പുലിയെ മാൻ ആക്കുന്ന ക്രിമിനൽ വക്കീലന്മാരെ കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. മഹാദുഷ്ടനായ കൊടുംകുറ്റവാളിയെ അവർ മാൻപേടയാക്കിത്തരും! അതുപോലെ, ആരെയും വശീകരിച്ച് സ്വപക്ഷത്ത് ആക്കാൻ കഴിയുന്ന വാഗ്മികളും ഉണ്ട്. വസ്തുതാനിരപേക്ഷമായി തങ്ങളുടെ നിലപാടു മാത്രം ശരി എന്നു വാദിച്ച് സ്ഥാപിക്കാൻ വശമുള്ള പ്രസംഗകരെ ഓരോ രാഷ്ട്രീയ കക്ഷിയും അന്വേഷിച്ചു കണ്ടെത്തുന്നുവല്ലോ.
ഒരർഥത്തിൽ, ഉപഭോഗ സാധനങ്ങളുടെ പരസ്യങ്ങളും ഇങ്ങനെതന്നെയാണ്. പറഞ്ഞു കമ്പംപിടിപ്പിച്ച് വാങ്ങിപ്പിക്കും, ആവശ്യം ഒന്നും ഇല്ലെങ്കിൽ പോലും! പരസ്യത്തിലെ ദൃശ്യവും വാചകവും അത്ര ആകർഷകമായിരിക്കും. പറഞ്ഞതുതന്നെ ആവർത്തിച്ച് പറഞ്ഞുപറഞ്ഞ് പറ്റിക്കും. ഇതിനേക്കാളൊക്കെ ഭീകരമാണ് സമൂഹത്തിൽ ജാതിമതാദികളുടെ അടിസ്ഥാനത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ശ്രമം. ഒരു പ്രസംഗംകൊണ്ട് ഒരു വൻ ലഹള ഉണ്ടാക്കാൻ കഴിയുന്ന ആളുകളുണ്ടല്ലോ. ഇന്നലെവരെ ആത്മാർഥ സുഹൃത്തുക്കളായിരുന്നവരെ ഒറ്റയടിക്ക് ഒരു നിമിഷംകൊണ്ട് ഇക്കൂട്ടർ മഹാശത്രുക്കളാക്കി മാറ്റിത്തീർക്കുന്നു. ഇതിനൊക്കെ ഉപയോഗിക്കപ്പെടുന്നത് നമ്മുടെ മനസ്സിൽ തന്നെ ചാരം മൂടി കിടക്കുന്ന, നമുക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത, ചില സംശയങ്ങളും ഭീതികളുമാണ്. പച്ചക്കള്ളം കൊണ്ട് വളമിട്ട് പൊടിപ്പും തൊങ്ങലും വെച്ചു പടർത്തി അതിനെ പെരുപ്പിക്കുന്നു. ആരോഗ്യം ഉണ്ടായിരുന്നിടത്ത് രോഗാണു വിതച്ചിട്ടു പോകുന്ന ഈ ദുഷ്ടബുദ്ധികളെ നാം പലപ്പോഴും നമ്മുടെ നേതാക്കന്മാരായി സ്വീകരിച്ച് ആരാധിക്കുന്നു! ആരെങ്കിലും ഹാലിളക്കിയിട്ടായാലും ജന്മസ്വഭാവംകൊണ്ടായാലും സ്വയബുദ്ധി നഷ്ടപ്പെട്ടാൽ പിന്നെ പിടിച്ചാൽ കിട്ടുകയില്ല. എത്ര മഹാത്മാക്കൾ നല്ലതു പറഞ്ഞാലും വിലപ്പോവുകയുമില്ല. ആർത്തിപിടിച്ച രാവണൻ തന്നെ ഉദാഹരണം.
സ്വന്തക്കാർ മുതൽ ശത്രുവിന്റെ ദൂതനായി വന്ന ഹനൂമാൻ വരെ അയാളെ ശാസിച്ചുനോക്കുന്നു. ഒക്കെ പാറപ്പുറത്ത് വിതച്ച വിത്തുപോലെയേ ആകുന്നുള്ളൂ. അതിനാൽ, ചെവിക്കൊള്ളേണ്ടത് ആരെയാണ്, ആരുമായാണ് കൂട്ടുകൂടാവുന്നത്, വായിക്കേണ്ടത് എന്താണ്, ആരോഗ്യകരങ്ങളായ കലാരൂപങ്ങൾ ഏതെല്ലാമാണ്, കഷ്ടപ്പെട്ട് നേടുന്ന ധനം എങ്ങനെയാണ് ചെലവാക്കേണ്ടത് മുതലായ കാര്യങ്ങളിൽ മതിയായ ജാഗ്രത പുലർത്തുകതന്നെ വേണം. ജീവിതത്തിൽ സ്ഥായിയായ ഒരു കാഴ്ചപ്പാട് കണ്ടെത്തുകയും അതിൽ ഉറച്ചുനിൽക്കുകയുമാണ് പോംവഴി. സീതാന്വേഷണത്തിന് നിശ്ചയദാർഢ്യത്തോടെ ലങ്കയിലേക്ക് കുതിച്ചു ചാടിയ ഹനൂമാന്റെ ലക്ഷ്യബോധത്തെ ദേവന്മാർ പരീക്ഷണ വിധേയമാക്കുന്നു. വഴിപിഴപ്പിക്കാനും വെച്ചു താമസിപ്പിക്കാനും ആർക്കെങ്കിലും കഴിയുമോ എന്നാണ് പരീക്ഷണം. എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയാമെന്നും അഥവാ, അറിയാൻ വല്ലതുമുണ്ടെങ്കിൽ അത് ആരോടാണ് ചോദിച്ച് അറിയേണ്ടത് എന്നുകൂടി ശരിയായി അറിയാമെന്നും ഹനൂമാൻ തെളിയിക്കുന്നു. എത്തേണ്ടിടത്ത് എത്താൻ വേറെ വഴി ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.