മൈലാഞ്ചി മൊഞ്ചിൽ പോരൂർ പഞ്ചായത്ത്
text_fieldsവണ്ടൂർ: മൈലാഞ്ചി മൊഞ്ചുകൊണ്ട് ചെറിയ പെരുന്നാളിനെ വരവേൽക്കുന്ന കാഴ്ചയൊരുക്കി പോരൂർ പഞ്ചായത്ത് ഭരണസമിതി. ആഘോഷങ്ങൾ തിരികെ കൊണ്ടുവരുന്നതിനൊപ്പം സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ട് നടത്തിയ മൈലാഞ്ചിയിടൽ മത്സരം പങ്കാളിത്തത്താൽ ശ്രദ്ധേമായി.
വിദ്യാർഥികളും വീട്ടമ്മമാരുമായി പങ്കെടുത്തത് 200 ടീമുകളാണ്. രണ്ട് മണിക്കൂറായിരുന്നു മത്സരം. അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച പങ്കാളിത്തമായതിനാൽ പഞ്ചായത്ത് ഹാൾ, ബോർഡ് യോഗസ്ഥലം, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരുടെ കാബിനുകൾ, വരാന്ത എന്നിവിടങ്ങളിലാണ് മത്സരാർഥികൾക്ക് ഇരിപ്പിടമൊരുക്കിയത്. മൊബൈൽ ഫോൺ കൈയിൽ കരുതാൻ അനുവാദം ഉണ്ടായിരുന്നതിൽ മിക്കവരും ഇൻസ്റ്റഗ്രാം, യൂ ട്യൂബ്, ഗൂഗിൾ തുടങ്ങിയവയുടെ സഹായത്തോടെ ഡിസൈനുകൾ കണ്ടെത്തി. ചിലരാകട്ടെ മനസ്സിൽ കണ്ടത് മൈലാഞ്ചി ചുകപ്പാക്കി മാറ്റി.
പങ്കെടുത്തവരല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ വിധികർത്താക്കളായ ചിത്രകലാ അധ്യാപകൻ കെ. ഷമീം, അധ്യാപിക സിതാര, പി. ജിഷ തുടങ്ങിയവർ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്താൻ നന്നെ പാടുപെട്ടു. വി. മാജിദ, ഇ.പി. ആദു അഫ്രിൻ എന്നിവർ ഒന്നാം സ്ഥാനവും ഇ.പി. വജീഫ പർവ്വിൻ, ഇ.പി. നഹല പർവിൻ രണ്ടാം സ്ഥാനവും ടി. ആവണി, ടി. ആതിര മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനത്തിന് 5000 രൂപയുടെ പർച്ചേഴ്സ് കൂപ്പണും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയുടെ പർച്ചേഴ്സ് കൂപ്പണും മൂന്നാം സ്ഥാനക്കാർക്ക് 1000 രൂപ സമ്മാനവും നൽകി. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്‍റായി ചുമതലയേറ്റ ലീഗിലെ വി. റാഷിദിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ പരിപാടി വൻവിജയമായ സന്തോഷത്തിലാണ് ഭരണസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.