സ്നേഹസാഹോദര്യത്തിന്റെ ഓര്‍മകളിൽ നബീസയുടെ നോമ്പുകാലം
text_fieldsഅമ്പലപ്പുഴ: ബാപ്പയും ഉമ്മയും പഠിപ്പിച്ചുനൽകിയ നോമ്പുവീട്ടല് 94ാം വയസ്സിലും മുടങ്ങാതെ തുടരുകയാണ് നീര്‍ക്കുന്നം ചെമ്പകപ്പള്ളിയില്‍ കെ.ബി. നബീസ. ചങ്ങനാശ്ശേരിയിലെ കുഴിവേലിൽ വീട്ടിൽ ബാപ്പു കുഞ്ഞിന്റെയും ബീഫാത്തുമ്മയുടെയും മകളാണ് നബീസ.
ബാപ്പുകുഞ്ഞ് ചങ്ങനാശ്ശേരിയിലെ വ്യാപാരിയായിരുന്നു. അന്നത്തെ ആറാംതരം വരെ പഠിച്ചു. ഇംഗ്ലീഷ് വശമാണ്. പ്രായത്തിന്റേതായ ചില ശാരീരിക അസ്വസ്ഥതകള്‍ അലട്ടുന്നുണ്ടെങ്കിലും റമദാന്‍കാലത്ത് നോമ്പ് പിടിക്കുകയും നമസ്കാരവും തഹജ്ജുദു നമസ്കാരവും ഖുർആൻ പാരായണവും മുടങ്ങാതെ ചെയ്തു പോരുന്നു. കുട്ടിക്കാലത്തെ നോമ്പുകാലം ആഹ്ലാദവും സന്തോഷവും പകരുന്നതായിരുന്നുവെന്ന് നബീസ പറഞ്ഞു.
വൈകീട്ട് ആകുമ്പോൾ വാപ്പയും അവിടെയുള്ള ജോലിക്കാരും ജാതിമതഭേദമന്യേ നോമ്പുതുറക്കാൻ എത്തും. തൊട്ടടുത്ത വീട്ടിലെ വീട്ടുകാരും ഉണ്ടാവും. പഴയ പള്ളിയിലെ കൊച്ചുതങ്ങളും ഉണ്ടാവും നോമ്പുതുറക്ക്. ആദ്യം കാരക്ക കൊണ്ട് തുറക്കും. പിന്നീട് ജീരകക്കഞ്ഞി, കിച്ചടി, സേമിയ, ഉന്നക്കായ, ബ്രഡ് പൊരിച്ചത് ഇവയൊക്കെ ഉണ്ടാവും.
14ാമത്തെ വയസ്സിൽ നീര്‍ക്കുന്നത്തെ പുരാതന ചെമ്പകപള്ളി വീട്ടിൽ മുഹമ്മദിന്റെയും പരീതുമ്മയുടെയും മകനായ സെയ്തു മുഹമ്മദ് വിവാഹം ചെയ്ത് ഇവിടെ കൊണ്ടുവന്നു. എട്ടുവര്‍ഷത്തിന് ശേഷം കുടുംബം വക സ്ഥലത്ത് വീടുവെച്ച് താമസിച്ചു. അന്നത്തെ നോമ്പുകാലത്ത് ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നെങ്കിൽ പോലും രണ്ടും മൂന്നും പേരെ വിളിച്ചു നോമ്പുതുറപ്പിക്കും. പള്ളിയിൽനിന്ന് വാങ്ങുന്ന നോമ്പുകഞ്ഞി കൊണ്ടാണ് നോമ്പുതുറക്കുന്നത്.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ അക്കാലവും നന്നായി പോയി. എല്ലാ നോമ്പുകാലവും നല്ല ഓർമകളാണ് സമ്മാനിക്കുന്നതെന്നും നബീസ പറഞ്ഞു. നബീസയുടെ പ്രധാനപ്പെട്ട കാര്യം പാവങ്ങൾക്ക് സഹായം ചെയ്യുക എന്നുള്ളതാണ്. ഇത് ബാപ്പായും ഉമ്മയും പകര്‍ന്നുകൊടുത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മകളാണ്.
ഇപ്പോഴും അത് തുടർന്നുപോകുന്നു. ഒമ്പത് മക്കളാണ് നബീസക്കുള്ളത്. അബ്ദുൽ റഷീദ്, നസീം ചെമ്പകപള്ളി, പരേതനായ സിയാദ്, ശിഹാബ്, പരേതയായ സൗദാബീവി, ആബിദ, ഷാനിത, സാജിത, ഹസീന. ഇപ്പോൾ കുടുംബത്തിൽ ഇളയ മകനും ഭാര്യക്കും ഒപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.