നഫീസയുടേത് ‘ഇമ്മിണി വലിയ’ നോമ്പ് ഓർമകൾ
text_fieldsവടുതല: വെള്ളേഴത്ത് നഫീസ അഹമ്മദിന്റെ (84) നോമ്പ് ഓർമകൾക്ക് പട്ടണവാസത്തിന്റെയും ഗ്രാമവാസത്തിന്റെയും ചേരുവകളുണ്ട്. തലയോലപ്പറമ്പ് ചന്തക്ക് സമീപത്തെ വീട്ടിലെ കുട്ടിക്കാല നോമ്പും വടുതല ഗ്രാമത്തിലെത്തിയപ്പോഴുണ്ടായ വ്രതവും തികച്ചും വ്യത്യസ്തമാണെന്ന് നഫീസ ഉമ്മ ഓർത്തെടുക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്ത ബന്ധുവാണ്. പണ്ടൊക്കെ റമദാന്റെ വരവ് ഒരു ആഘോഷ പ്രതീതിയായിരുന്നു. ഒരുമാസം മുമ്പുതന്നെ നോമ്പിനെ വരവേൽക്കാനുള്ള ഒരുക്കം ആരംഭിക്കും. പഴയകാലത്തൊക്കെ നോമ്പിന് കൊടുത്തിരുന്ന പരിഗണന പുതിയ തലമുറ കൊടുക്കുന്നില്ല. ചില നല്ല മാറ്റങ്ങൾ പുതിയ തലമുറക്കുണ്ടെന്നും അവർ സമ്മതിക്കുന്നു.
വീട് പള്ളിയുടെ അടുത്തായിരുന്നതിനാൽ നോമ്പ് കാലത്തും അല്ലാതെയും ധാരാളം ഉസ്താദുമാർക്ക് ഭക്ഷണം ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഭർത്താവ് വെള്ളേഴത്ത് അഹമ്മദിന്റെ നോമ്പ് അനുഭവങ്ങൾ വിതുമ്പലോടെയാണ് അവർ പറഞ്ഞത്. ഇന്നത്തെപ്പോലെ സമൃദ്ധിയുടെ നോമ്പല്ലായിരുന്നുവെങ്കിലും പ്രത്യേക ഐശ്വര്യമായിരുന്നു പഴയ നോമ്പുകാലത്തിന്. ഇല്ലായ്മക്കാരുടെ വീട്ടിൽപോലും ഭക്ഷണത്തിൽ ഐശ്വര്യമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ വീടുകളിലേക്ക് റമദാൻ കിറ്റ് എത്തിക്കുന്ന സമ്പ്രദായം പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. പണ്ടുകാലത്ത് ഈ സമ്പ്രദായം ഉണ്ടായിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു.
റമദാനിലെ രാത്രി നമസ്കാരം പാതിരയോടെയാണ് അവസാനിച്ചിരുന്നത്. മക്കളെല്ലാവരും കൂടിച്ചേർന്ന് പരസ്പരം നോമ്പുതുറ സംഘടിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ജനിച്ചുവളർന്ന തലയോലപ്പറമ്പിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ വടുതലയുടെ അവസ്ഥ. വൈദ്യുതിപോലുമില്ലാത്ത കാലഘട്ടമായിരുന്നു. എന്നാൽ, ആ വിഷമങ്ങൾക്കിടയിലൂടെ സന്തോഷത്തോടെ റമദാനും പെരുന്നാളും വന്നുപോയിക്കൊണ്ടിരുന്നു. നോമ്പുകാലമായാൽ പേരക്കുട്ടികളോടൊപ്പം ഖുർആൻ ഓതുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
നിരന്തരമുള്ള ഓത്തായതിനാൽ ഖുർആനിലെ ഭൂരിഭാഗവും മനഃപാഠമാണ്. ഇളയ മകൻ സഈദിന്റെ (ക്ലർക്ക് വി.ജെ.എച്ച്.എസ്) കൂടെയാണ് താമസം. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് മൂത്ത മകനാണ്. വി.എ. സലീം (മുൻ ആർ.എം മാധ്യമം), ബഷീർ (ബിസിനസ്), ഷാജി (ക്ലർക്ക് കെ.കെ.പി.ജെ) അബ്ദുസ്സത്താർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി) എന്നിവരാണ് മറ്റുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.