ഇമ്പമേറുന്ന 'നഹാര'മുഴക്കം
text_fieldsകൊല്ലങ്കോട്: പുതുനഗരത്തെ പള്ളിയിൽ മൂന്നര നൂറ്റാണ്ടായി, നിലനിൽക്കുന്ന നഹാര (നകാരം-വലിയ മദ്ദളം) മുഴക്കം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. ഏറെ പഴക്കമുള്ള, അഹ്ലുസുന്നത്തു വൽ-ജമാഅത്ത് ഷാഫി മസ്ജിദിലാണ് അഞ്ചുനേരം നമസ്കാരത്തിനും അത്താഴത്തിനുമായി വിശ്വാസികളെ ഉണർത്താൻ നഹാര മുഴക്കുന്നത്. മാറിവരുന്ന പള്ളി കമ്മിറ്റികൾ നഹാരയെ വളരെയേറെ കരുതലോടെയാണ് സംരക്ഷിച്ചുപോരുന്നത്.
കോവിഡ് മൂലം പള്ളികൾ അടച്ചിട്ട്, ബാങ്കൊലി മാത്രം നിലനിർത്തിയ സമയത്തും നഹാര മുഴക്കം മുടക്കമില്ലാതെ തുടർന്നിരുന്നു. ഒന്നര മീറ്ററിലധികം വ്യാസത്തിൽ, വൃത്താകൃതിയിലുള്ള വലിയ മദ്ദളത്തിെൻറ ആകൃതിയിലുള്ള നഹാരയിൽ പത്തിലധികം തവണ അടിച്ചാണ് ഉച്ചഭാഷിണിയില്ലാത്ത കാലങ്ങളിൽ നമസ്കാരത്തിന് വിശ്വാസികളെ പള്ളിയിലേക്ക് ക്ഷണിച്ചിരുന്നത്.
പള്ളികൾ കുറവായിരുന്ന അക്കാലത്ത്, നഹാര മുഴക്കമാണ് നമസ്കാരത്തിനു പുറമെ സമയം അറിയുന്നതിനും നാട്ടുകാർക്ക് ഉപകാരമായിരുന്നത്. കാലങ്ങളോളം, പള്ളിയിലെ പ്രത്യേക അറിയിപ്പുകൾക്കുവരെ നഹാര മുഴക്കിയിരുന്നെങ്കിലും നിലവിൽ, നമസ്കാര സമത്തും നോമ്പുകാലത്തുമായി നഹാരയുടെ മുഴക്കം പുതുനഗരത്ത് തുടർന്നുവരുകയാണ്.
ഡിജിറ്റൽ കാലത്തേക്ക് ലോകം അതിവേഗം മാറിയെങ്കിലും പാരമ്പര്യമായി തുടർന്നുവരുന്ന നഹാര മുഴക്കത്തിന് കാതോർക്കുന്ന തലമുറ ഇപ്പോഴും പുതുനഗരത്തുണ്ടെന്ന് മസ്ജിദ് സെക്രട്ടറി എസ്. നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.