കൂട്ടായ്മയുടെ പ്രതീകമായി നീലംപേരൂർ പടയണി
text_fieldsകുട്ടനാട്: പടയണിയുടെ പേരിൽ ഇന്ന് ലോക ശ്രദ്ധനേടുകയാണ് കുട്ടനാടിെൻറ അതിർത്തി ഗ്രാമമായ നീലംപേരൂർ. തെക്കൻ കേരളത്തിലെ പടയണികളിൽനിന്നും വ്യത്യസ്തമാണ് നീലംപേരൂർ പടയണി. ചേര സാമ്രാജ്യ അധിപൻ ചേരമാൻ പെരുമാൾ നീലംപേരൂരിൽ എത്തിയതിെൻറ അടയാളമായിട്ടാണ് പടയണിയുടെ തുടക്കമെന്ന് ചരിത്രരേഖകൾ പറയുന്നു. അതിപുരാതന പൈതൃകം അവകാശപ്പെടുന്ന പടയണി ഗ്രാമം ഇന്നും വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുന്നു.
മതമൈത്രിയുടെ പ്രതീകം കൂടിയായ ഗ്രാമത്തിെൻറ കൂട്ടായ്മയാണിത്. സമൂഹം തീർത്ത ജാതി മത ചിന്തകളുടെ അതിർവരമ്പുകൾകൂടി ഇവിടെ തൂത്തെറിയുകയാണ്. നീലംപേരൂർ പടയണിക്ക് മറ്റിടങ്ങളിലെ പോലെ പ്രത്യേക വ്രതമൊന്നുമില്ലെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. അന്നവും കോലവും എല്ലാ മതക്കാരും ചേർന്നാണ് ഒരുക്കുന്നത്.
അതിനാൽ ഒരു നാടാകെ പടയണിക്ക് പിന്നിൽ ഒരു മനസ്സോടെ ചേർന്ന് നിൽക്കുകയാണ്. കഥപാട്ട്, പുരാണ കഥ, ആയോധനക്രമം എന്നിവയിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്. പെരുമാൾ കാലത്തെ കായികാഭ്യാസവും പടയണിയുടെ ഉത്ഭവവുമായി അഭേദ്യമായ ബന്ധമുണ്ട്. കാർഷിക ഉൽപന്നങ്ങൾ മാത്രമാണ് പടയണിക്ക് എടുക്കുന്നതെന്നതും പ്രത്യേകതയാണ്. കർഷക ഗ്രാമത്തിെൻറ കൂട്ടായ്മയാണ് പടയണിയുടെ നട്ടെല്ല്.
വാഴയുടെ ഇളംപോള, കവുങ്ങ് പാളി, വാഴത്തണ്ട്, മുളപാളി തുടങ്ങിയവയാണ് പടയണിയുടെ പ്രധാന വസ്തുക്കൾ. എരിയുന്ന ചൂട്ടാണ് പടയണിൽ പ്രധാനപ്പെട്ടത്. ചൂട്ട് വെളിച്ചത്തിൽ പ്രകൃതി സാമഗ്രികൾ സ്വർണ നിറമാകുമ്പോൾ ഒരു നാടാകെ പടയണിയുടെ കാഴ്ചയിൽ അലിഞ്ഞുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.