‘നോമ്പ് എനിക്ക് പ്രിയപ്പെട്ടവന്‍റെ ഓർമക്കാലം’
text_fieldsഇനിയങ്ങോട്ട് നോമ്പുകാലങ്ങള്‍ എനിക്ക് നവാസ്‌ക്കയുടെ ഓര്‍മക്കാലം കൂടിയായിരിക്കും. ഒട്ടും നിനച്ചിരിക്കാതെ വരുമെന്ന് ചൊല്ലിയിരുന്നൊരു നാളില്‍ അദ്ദേഹം ഞങ്ങളെ വിട്ടുപോയതിന്റെ നോവോര്‍മകള്‍ പെയ്തിറങ്ങുന്ന കാലം. കഴിഞ്ഞ റമദാനിലാണ് അദ്ദേഹം ഞങ്ങളെ വിട്ടുപിരിയുന്നത്.
യു.എ.ഇയില്‍ മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അവസാനത്തെ പത്തില്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. നാട്ടില്‍ വന്ന് നോമ്പ് തുറക്കുന്നതിനെക്കുറിച്ചും പെരുന്നാൾ ഗംഭീരമാക്കുന്നതിനെക്കുറിച്ചുമൊക്കെ എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു അദ്ദേഹം.
അജ്മാനിലെയും ഷാര്‍ജയിലെയും ദുബൈയിലെയും നോമ്പ് തുറകളെക്കുറിച്ചും സാമൂഹിക പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ എപ്പോഴും നിറയാറ്. ജോലി നഷ്ടപ്പെട്ട കൂട്ടുകാരെക്കുറിച്ച്, രോഗികളായി ആശുപത്രിയില്‍ കഴിയുന്നവരെക്കുറിച്ച്, ഒറ്റക്ക് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് അങ്ങനെയങ്ങനെ. ഗള്‍ഫില്‍വെച്ച് മരിച്ചുപോവുന്നവരെക്കുറിച്ച് എന്നും അദ്ദേഹം ആവലാതിപ്പെടാറുണ്ടായിരുന്നു.
പ്രിയപ്പെട്ടവര്‍ അടുത്തില്ലാതെ അവരുടെ അന്ത്യചുംബനമേല്‍ക്കാതെ സ്‌നേഹത്തണുപ്പറിയാതെ...തീര്‍ത്തും ഒറ്റക്കായി പോവുന്ന മരണനിമിഷങ്ങളെ അദ്ദേഹത്തിന് ഭയമായിരുന്നു. അതുകൊണ്ടാണ് ഞാനും മക്കളും നാട്ടിലേക്ക് പോന്നപ്പോള്‍, അജ്മാനിലെ ഫ്ലാറ്റിലെ ഒരു റൂം വാടകയൊന്നും മോഹിക്കാതെതന്നെ ഒരാള്‍ക്ക് കൊടുത്തത്. എന്നാല്‍, അദ്ദേഹത്തിന്റെ വിധിയും മറിച്ചായിരുന്നില്ല. റൂമില്‍ തനിച്ചിരിക്കെ മരണം അദ്ദേഹത്തെ തേടിയെത്തി.
എന്നും ഉറങ്ങുന്നതുപോലെ ഹാളിലെ സോഫയില്‍ വായിച്ച് കിടക്കുന്ന സമയത്തായിരുന്നു മരണമെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. മരണസമയത്ത് പുസ്തകവും മൊബൈല്‍ ഫോണും മാത്രമായിരുന്നു കൂട്ടിന്. വായനയെ അത്രയധികം സ്‌നേഹിച്ചിരുന്നു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മീഡിയറൂമിലെത്തുന്ന വിവിധ രാജ്യക്കാരായ റിപ്പോര്‍ട്ടര്‍മാരുമായി നല്ല ബന്ധമായിരുന്നു. എപ്പോഴും ഏതെങ്കിലും പുസ്തകം കൂടെ കാണും. അവസാന നിമിഷത്തിലും പുസ്തകം കൂടെയുണ്ടായിരുന്നു. രാവിലെ കൂടെ താമസിക്കുന്ന ആളാണ് നിശ്ചലമായി കിടക്കുന്ന നവാസിക്കായെ കണ്ടത്.
പ്രമേഹ രോഗിയായിരുന്നു നവാസിക്ക. ശ്രദ്ധിക്കണമെന്ന് ഞാനും മക്കളും നിരന്തരം ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. പതിവുപോലെ അന്നും ഞങ്ങളെ വിളിച്ചതാണ്. ഏറെനേരം സംസാരിച്ചതാണ്. നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലേക്കാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. ചുറ്റും ഇരുട്ട് പടരുന്നതായി തോന്നി. ഒരു വലിയ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ മൂന്നുപേര്‍.
പെരുമാതുറയിലെ തറവാട്ടുവീട്ടില്‍ ചേതനയറ്റു കിടക്കുന്ന നവാസിക്കായെ കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു. നോമ്പെടുത്ത് അത്രദൂരം യാത്ര ചെയ്ത് അവര്‍ വരണമെങ്കില്‍ നവാസിക്കയെ അവരെത്രമേല്‍ സ്‌നേഹിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന് എല്ലാവരെയും സ്‌നേഹമായിരുന്നു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതായിരുന്നു ആ ജീവിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.