വിദേശ ഉംറ തീർഥാടകരുടെ നടപടിക്രമങ്ങൾ സുഗമമാക്കാൻ 'നുസുക്' പ്ലാറ്റ്‌ഫോം
text_fieldsജിദ്ദ: ലോകമെമ്പാടുമുള്ള തീർഥാടകരുടെ സൗദി സന്ദർശനത്തിനും ഉംറ നിർവഹണത്തിനുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഹജ്ജ്, ഉംറ മന്ത്രാലയം ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോമായ 'നുസുക്' ആരംഭിച്ചു. തീർഥാടകരുടെ അനുഭവം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിലേക്കും മദീനയിലേക്കും സന്ദർശകർക്കുള്ള പുതിയ സൗദി പോർട്ടലായിരിക്കും പ്ലാറ്റ്‌ഫോം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉംറ ചെയ്യാനോ സന്ദർശനത്തിനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിസകളും പെർമിറ്റുകളും നൽകാനും പാക്കേജുകളും പ്രോഗ്രാമുകളും ഓൺലൈനായി ബുക്ക് ചെയ്യാനും നുസുക് പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കും. കൂടാതെ ഇന്ററാക്ടിവ് മാപ്പുകളും ഷോകൾക്കും ആക്‌ടിവിറ്റികൾക്കുമുള്ള കലണ്ടറും മറ്റുമുൾപ്പെടെ സേവനങ്ങൾ ഉൾപ്പെടുത്തി പ്ലാറ്റ്‌ഫോം വികസിപ്പിക്കും.
വിവിധ ഭാഷകളിലുള്ള എല്ലാ നിർദേശങ്ങൾക്കുമുള്ള ഡിജിറ്റൽ ഗൈഡും ആരോഗ്യ വിവരങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോമിൽ പിന്നീട് ആരംഭിക്കും. ഉംറ സേവനദാതാക്കൾക്ക് അവരുടെ സേവനങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ നുസുക് പ്ലാറ്റ്‌ഫോമിൽ നൽകാനുള്ള സൗകര്യവും ഭാവിയിൽ ഉണ്ടാവും. നേരത്തെ നിലവിലുള്ള 'മഖാം' പോർട്ടൽ അതേപടി തുടരുമെന്നും എന്നാൽ, അതിന്റെ എല്ലാ സേവനങ്ങളും പടിപടിയായി നുസുക് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നുസുക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. തീർഥാടകരുടെ യാത്ര, റിസർവേഷൻ, ആശയവിനിമയ നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുകയും അവർക്ക് വിവിധ പാക്കേജുകളും പ്രോഗ്രാമുകളും നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ' പദ്ധതിയുമായി ബന്ധിപ്പിച്ചാണ് നുസുക് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.