പൂത്താലമേന്തിയ ഓർമകൾ
text_fieldsചേമ്പിലക്കുമ്പിളില്‍ തുമ്പയും തെച്ചിയും മുക്കുറ്റിയും പറിച്ചുനടന്ന ബാല്യം. വീണ്ടും ഓർമകള്‍ പൂക്കുകയാണല്ലോ. പൂവിളികളുടെ ഓർമകളിലേക്ക്, പൂക്കളങ്ങളുടെ ഭംഗിയിലേക്ക്, പുലികളികളുടെ ആരവങ്ങളിലേക്ക്, രുചിയേറും വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയിലേക്ക്... നന്മയുടെയും ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശം വിളിച്ചോതുന്ന ഈ ഓണം എനിക്കും ആഘോഷിക്കാതെ വയ്യ.
എന്റെ ഓർമകളില്‍ എന്നും പുതുമയോടെ നില്ക്കുന്ന ഓണാഘോഷങ്ങളുണ്ട്. പൂക്കളുള്ള ഉടുപ്പിന്റെ വർണമുണ്ട്. പായസവുംകൂട്ടി കൊതിയോടെ കഴിച്ച സദ്യയുടെ രുചിയുണ്ട്. ഓരോ ഓണത്തിനും ഓർമകളുടെ ചിറകു വിരിയിക്കാന്‍ എന്റെ പ്രിയപ്പെട്ട അനിതചേച്ചിയുമുണ്ട്. ആ ചേച്ചിയോടൊപ്പമുണ്ടായിരുന്ന സന്തോഷം നല്കിയ നിമിഷങ്ങളിലൂടെയാണ് ഞാന്‍ ഓണത്തെ കൂടുതലറിയുന്നത്. ഓണദിവസം ഞാനും ചേച്ചിയും ഉറങ്ങാതെ ഇരുന്ന് ഓണസദ്യ ഉണ്ടാക്കും. ഓണത്തിന് ചേച്ചിയുടെ സമ്മാനമായി ഓണക്കോടിയും. അങ്ങനെ എന്തൊക്കെ ഓർമകള്‍...
പക്ഷേ, ചേച്ചി ഇപ്പോള്‍ നാട്ടിലാണ്. എനിക്കറിയാം ഏഴാം കടലിനക്കരെനിന്നൊരു ഫോണ്‍വിളിയും കാത്ത് ചേച്ചി ഇരിക്കുന്നുണ്ടാവും. നിന്റെ ഫോണ്‍വിളികള്‍ എനിക്ക് പായസത്തില്‍ ചേര്‍ക്കുന്ന മധുരമാണെന്ന് കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ ചേച്ചി പറഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞത് സ്നേഹത്തിന്റെ മധുരമായിരുന്നു. മൊബൈലില്‍ നമ്പറമര്‍ത്തി അപ്പുറത്തുനിന്നും ആ സ്നേഹസ്വരം കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. ചേച്ചീ, ഇത് ഞാനാണ്. ഉറങ്ങിയോ...?
ഡീ എനിക്കറിയാം നീ വിളിക്കുമെന്ന്. ചേച്ചിയുമായി ഇത്തിരിനേരം സംസാരിച്ച് ഫോണ്‍ വെച്ചപ്പോള്‍ മനസ്സില്‍ ഒരു ശൂന്യത തോന്നുന്നു. ഇവിടെ എനിക്ക് കിട്ടിയ അടുത്ത റൂമിലെ ആദ്യ സുഹൃത്തായിരുന്നു ചേച്ചി. കാസർകോട്ടുകാരി ചേച്ചിയുമായുള്ള ബന്ധം അധികകാലം ഉണ്ടായിരുന്നില്ലെങ്കിലും. ഇവിടെ അഞ്ചു വർഷം തൊട്ടടുത്ത റൂമുകളില്‍ സന്തോഷങ്ങളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം പരസ്പരം പങ്കുവെച്ചും സ്നേഹിച്ചും കഴിഞ്ഞുകൂടിയ നാളുകള്‍. മറക്കാനാവാത്തതായിരുന്നു ആ ദിവസങ്ങള്‍. ചേച്ചി നാട്ടിലേക്ക് പോയപ്പോള്‍ മുതല്‍ അനുഭവിക്കുന്ന ശൂന്യത ഇപ്പോഴും അതേ പോലെയുണ്ട്. എന്നാലും, ആ നല്ല കാലങ്ങളുടെ ഓർമകള്‍ സ്വരുക്കൂട്ടി ഞാനും ഒരുക്കും ഒരു ഓ(ർമ)ണപൂക്കളം. അതിന്റെ മധുരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു ഓണപ്പായസവും ഉണ്ടാക്കും.
അന്ന്, ഇരുപത്തിരണ്ട് വർഷം മുമ്പ് ചേച്ചിയുടെ കൂടെ ഓണസദ്യ ഉണ്ടാക്കാൻ തലേദിവസം മുഴുവൻ നിറവയറുമായി ഒപ്പംനിന്ന് പണികളെല്ലാം കഴിഞ്ഞ് റൂമിൽ വന്നു കിടക്കാൻ ഒരുങ്ങുമ്പോൾ എന്റെ ആദ്യ കൺമണി വയറ്റിൽനിന്ന് ഭൂമിയിലേക്ക് വരാൻ തയാറായി. ആ രാത്രിതന്നെ സൽമാനിയ മെഡിക്കൽ കോളജിലേക്ക് പോയി. പിറ്റേദിവസം രാവിലെ ഏഴു മണിക്ക് ഞാനൊരു പെൺകുഞ്ഞിനു ജന്മം നൽകി. അതെ, ദൈവം ഓണത്തിന്റെ പൊൻപുലരിയിൽ എനിക്ക് നൽകിയ സമ്മാനം. അന്നൊരു സെപ്റ്റംബർ ഏഴിനായിരുന്നു ഓണം. അന്നെനിക്ക് ലഭിച്ചതാണെന്റെ ആദ്യത്തെ കണ്മണിയെ.
അന്ന് ചേച്ചി ഹോസ്പിറ്റലിൽ വന്നത് ഓണസദ്യയുമായിട്ടായിരുന്നു. ഞാൻ പ്രസവിച്ച അന്നുതന്നെ വയറുനിറയെ കഴിച്ചത് ഓണസദ്യയായിരുന്നു. ഓണത്തിന്റെ ഒരുക്കങ്ങൾ, ഓണസദ്യ, ഓണാരവങ്ങൾ... എല്ലാം കൺമുന്നിൽ നിറയുമ്പോൾ എന്നിലെ ഓർമകളിൽ തെളിയുന്ന നല്ല ഓർമകൾ ഇവയെല്ലാമാണ്. പൂവേ പൊലി... പൂവേ പൊലി... ദൂരെ ദൂരെ പൂവിളികള്‍ കേള്‍ക്കുന്നുണ്ടല്ലോ. അതെ, ഓണം അടുത്തെത്തി. നന്മയുടെ പ്രതീകമായ തുമ്പപ്പൂക്കള്‍ ചേര്‍ത്തുവെച്ച് എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞാനും ആശംസിക്കുന്നു, ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.