ആർപ്പോ... ഇർറോ... ഇർറോ... ഇർറോ...
text_fieldsസന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം കോവിഡ് മഹാമാരി ഏല്പിച്ച പരിക്ക് തരണംചെയ്ത മലയാളികൾ വീണ്ടും ആഘോഷത്തിമർപ്പിലാണ്. പ്രത്യേകിച്ച് പ്രവാസികൾ. മലയാളികൾ ഓണത്തെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു. അത്തം ദിനം മുതൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പൂക്കളങ്ങളാൽ മനോഹരമാക്കപ്പെട്ട വീടുമുറ്റങ്ങൾ ഈ സമയത്ത് നാട്ടിൽ കാണാം.
ചാണകംമെഴുകിയ നിലത്ത് പൂക്കളം അങ്ങനെ ചിരിച്ചുനിൽക്കും. ഓരോ ദിവസവും വിവിധ നിറങ്ങളിൽ ഓരോ പൂവിനാൽ അത്തപ്പൂക്കളം ഒരുക്കുന്നു. തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചിരുത്താനാണ് ഇങ്ങനെ പൂക്കളം ഒരുക്കുന്നതെന്ന് ഐതിഹ്യമുണ്ട്. ആദ്യദിനമായ അത്തംനാളിൽ ഒരുനിര പൂക്കളും അടുത്തദിനം രണ്ടുനിര പൂക്കളും എന്ന രീതിയിലാണ് പൂക്കളം ക്രമീകരിക്കേണ്ടത്.
ദിവസവും കളത്തിന്റെ വലുപ്പം കൂടിവരുന്നു. തുമ്പ, തുളസി, മുക്കുറ്റി, ചെത്തി, ചെമ്പരത്തി രാജമല്ലി മുതലായ പുഷ്പങ്ങളാണ് പൂക്കളം ഇടാൻ നമ്മുടെ നാട്ടിൽ സാധാരണ ഉപയോഗിക്കുന്നത്. പൂക്കളുടെ ലഭ്യതക്കനുസരിച്ചു പല മാറ്റങ്ങളും ഇപ്പോൾ വന്നു. ഇതൊന്നും കിട്ടാത്തവർ പ്ലാസ്റ്റിക് പൂക്കളാലും പലനിറത്തിലുള്ള പൊടികളാലും ഇപ്പോൾ പൂക്കളങ്ങൾ ഇടുന്നു.
ഉത്രാടംനാൾ രാത്രിയിലാണ് പൂക്കളം അതിന്റെ എല്ലാ ഗരിമയോടുംകൂടി ഇടേണ്ടത്. തിരുവോണനാളിൽ ഈ പൂക്കളമാണ് നമ്മൾ കാണുന്നത്. തിരുവോണനാളിൽ തൃക്കാക്കരയപ്പനെ ഒരുക്കുന്ന ഒരു പതിവുകൂടിയുണ്ട് പലയിടത്തും. മാവേലിയെ വരവേൽക്കുന്നതിനായാണ് ഈ ചടങ്ങ് നടത്തുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനുമുകളിൽ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ രൂപങ്ങൾ പ്രതിഷ്ഠിക്കുന്നു.
ഓണം നമുക്ക് ആഘോഷം മാത്രമല്ല ഒരു വികാരം കൂടിയാണ്. തൊടിയിലും പറമ്പിലും വയലേലകളിലും തുമ്പയും തുളസിയും മുക്കുറ്റിയും ചെത്തിയും പറിക്കാൻ കൂട്ടുകാരുമൊന്നിച്ചു പോകുന്ന ബാല്യകാലം ഓർമയിലെത്തുന്ന നാളുകൾ. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ തറവാട്ടിൽ ചെലവഴിച്ച നാളുകൾ ഓർക്കുന്ന വേള. അവരുണ്ടാക്കിത്തരുന്ന ഉപ്പേരിയുടെയും വിഭവങ്ങളുടെയും രുചിയും ഗന്ധവും.
ഊഞ്ഞാലിൽ കയറി ചില്ലാട്ടം പറന്ന ബാല്യകാലം തൊട്ടുണർത്തുന്ന കാലം. ഓരോ പ്രവാസിയുടെയും മനസ്സിനെ പച്ചപ്പണിയിക്കുന്ന കുളിർമഴ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തുരുത്തുകളിൽ ചേക്കേറാം എന്ന പ്രത്യാശയോടുകൂടി നമുക്കും ആഘോഷങ്ങളിൽ പങ്കുചേരാം.
ആർപ്പോ... ഇർറോ... ഇർറോ... ഇർറോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.