Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightOnamchevron_rightനമസ്കാരം കൂട്ടുകാരേ...

നമസ്കാരം കൂട്ടുകാരേ...

text_fields
bookmark_border
നമസ്കാരം കൂട്ടുകാരേ...
cancel
camera_alt

സുരേഷ് പിള്ള

കമ്പിളി നാരങ്ങ മുറിച്ചുവിറ്റും ഉത്സവപ്പറമ്പുകളിൽ കപ്പലണ്ടി വിറ്റും വളർന്ന ബാല്യത്തിൽനിന്ന് ഹോട്ടലുകളിൽ വെയിറ്ററായും ക്ലീനറായും കാറ്ററിങ് ബോയ് ആയും നടന്ന അയാൾ പതിയെ രുചിക്കൂട്ടുകളെയും കൈപ്പിടിയിലാക്കി

ലോകമെങ്ങും സ്നേഹം വാരിവിതറാനൊരുങ്ങുകയാണ് കേരളത്തിന്റെ ഒരേയൊരു കുക്കിങ് അംബാസഡർ. ഗൂഗ്ളിൽ നമ്പർ വൺ ഷെഫ് ഇൻ കേരള എന്ന് സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഉത്തരത്തിന്റെ ഉടമ, ദ ഗ്രേറ്റ് ഷെഫ് സുരേഷ് പിള്ള. ദുബൈ, ലണ്ടൻ, സിഡ്നി, കൊളംബോ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലുമായി 30 പ്രധാന നഗരങ്ങളിൽ സാന്നിധ്യമുള്ള വൻ റസ്റ്റാറന്റ് ശൃംഖലയായി വളരാനുള്ള പ്രയാണത്തിലാണ് സുരേഷ് പിള്ള. ഒമ്പത് ബ്രാൻഡുകളിലായി 100 റസ്റ്റാറന്റുകളിലൂടെ തന്റെ രുചിവൈഭവം പകരാനാണ് ലക്ഷ്യമിടുന്നതെന്ന് റസ്റ്റാറന്റ് ഷെഫ് പിള്ള (ആർ.സി.പി) ഹോസ്പിറ്റാലിറ്റി സ്ഥാപകൻ കൂടിയായ സുരേഷ് പിള്ള പറയുന്നു.

ലോകമറിയുന്ന ബിസിനസ് മാഗ്നറ്റ് ആകുംമുമ്പ്, ‘ഷെഫ് പിള്ള’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സുരേഷ് പിള്ളക്കും ഉണ്ടായിരുന്നു കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു കാലം. ആറിൽ പഠിക്കുമ്പോൾ കമ്പിളി നാരങ്ങ മുറിച്ചുവിറ്റും ഉത്സവപ്പറമ്പുകളിൽ കപ്പലണ്ടി വിറ്റും വളർന്ന ബാല്യത്തിൽനിന്ന് ഹോട്ടലുകളിൽ വെയിറ്ററായും ക്ലീനറായും കാറ്ററിങ് ബോയ് ആയും നടന്ന അയാൾ പതിയെ രുചിക്കൂട്ടുകളെയും കൈപ്പിടിയിലാക്കി. കൈപ്പുണ്യത്തിനൊപ്പം കഷ്ടപ്പാടുകളെയും കൈമുതലാക്കി കേരളത്തിന്റെ പല ജില്ലകളിലും വർഷങ്ങളോളം ജോലി ചെയ്ത അയാളുടെ മുന്നോട്ടുള്ള പ്രയാണം ഒടുവിൽ എത്തിച്ചേർന്നത് ഹോട്ടൽ ലീല പാലസിൽ. അവിടെ കുക്കിൽ നിന്ന് ഷെഫ് ആയി വളർന്ന അദ്ദേഹം പിന്നീട് പല പഞ്ചനക്ഷത്ര ​ഹോട്ടലുകളിലും രുചിവിസ്മയം തീർത്തു. ആ മികവ് കടലും കടന്നുംപോയി. ലണ്ടനിൽ 14 വർഷത്തോളം വിവിധ റസ്റ്റാറന്റുകളിൽ ജോലിചെയ്ത അദ്ദേഹം ബ്രിട്ടീഷ് പൗരത്വവും പേരും പെരുമയും വേണ്ടത്ര നേടിയാണ് നാട്ടിലേക്ക് തിരിച്ചത്. ഇവിടെയും അയാളിലെ കഠിനാധ്വാനി വെറുതെ ഇരിക്കാൻ തയാറാകാത്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന എല്ലാനേട്ടവും.

ഒരു ‘പാചകക്കാര’നെ സംബന്ധിച്ച് ഓണക്കാലം അത്രമേൽ തിരക്കേറിയ കാലമായതുകൊണ്ട് കഴിഞ്ഞ 30 വർഷമായി പലപ്പോഴും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ അവസരം കിട്ടാറില്ല. ജോലിക്കൊപ്പം തന്നെയായിരിക്കും ഓണാഘോഷം. കല്യാണംനടന്ന വർഷമാണ് ഒരാഴ്ച അവധിയെടുത്ത് ഓണം ആഘോഷിക്കാനായത്. പക്ഷേ, ഇപ്പോഴും മനസ്സിന്റെ ഉള്ളിലുണ്ട് മായാത്ത ഒരുപിടി പഴയകാല ഓണക്കാല ഓർമകൾ. മുറ്റത്തെ കളത്തിൽ നിറയുന്ന വിവിധതരം പൂക്കളെപ്പോലെ, തിരുവോണ സദ്യക്ക് വിളമ്പുന്ന ഒട്ടനവധി തൊടുകറികൾ പോലെ സമ്പന്നമാണ് അവ ഓരോന്നും.

കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തെ ശശിധരൻപിള്ളയുടെയും രാധമ്മയുടെയും മൂന്നുമക്കളിൽ ഇളയവനായാണ് ജനനം. കയർ തൊഴിലാളികളായ അച്ഛനും അമ്മക്കും ബോണസ് കിട്ടുന്നതിനാൽ കുട്ടിക്കാലത്തെ ഓണക്കാലം സന്തോഷത്തിന്റേതാണ്. ചേട്ടനും എനിക്കും കൂടി ഒരേ നിറമുള്ള നീളമുള്ള തുണിയാണ് എടുക്കുക. അത് മുറിച്ചാണ് നിക്കറും ഷർട്ടും തയ്പിക്കുക. തിരുവോണത്തലേന്ന് ഉത്രാടത്തിന് ഒക്കെയാണ് തുണി തയ്പിച്ചുകിട്ടുക. പുത്തനുടുപ്പും വാങ്ങി വീട്ടിലെത്തി ഇടുമ്പോൾ കിട്ടുന്ന സന്തോഷനിമിഷങ്ങൾ ഒരിക്കലും മറക്കാനാകില്ല.

സദ്യയിൽ ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ അവിയൽ എന്നുതന്നെ ഉത്തരം. പിന്നെ എരിശ്ശേരി... പട്ടിക അങ്ങനെ നീളും. മധുരമുള്ള തൊടുകറികൾ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടെങ്കിലും അത്തരം കറികൾ സദ്യക്കൊപ്പം അത്ര താൽപര്യമില്ല. എരിവുള്ള കറികളോടാണ് ഇഷ്ടക്കൂടുതൽ. പിന്നെ ഇഷ്ടപ്പെട്ട ഒരു വിഭവം കൊല്ലം സ്റ്റൈൽ ഇഞ്ചിക്കറി ആണ്. വടക്കോട്ട് ഇഞ്ചിപ്പുളി, പുളിയിഞ്ചി എന്നൊക്കെ പറയുന്ന ഇത് ഞങ്ങൾ തെക്കൻകാർക്ക് ഇഞ്ചിക്കറി ആണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അതിന് ഒരിക്കലും തെക്കുള്ള പോലെ മധുരരസം ഉണ്ടാകില്ല. ഇഞ്ചി വറുത്തുപൊടിച്ചാണ് ​തയാറാക്കുക. ഓണത്തിനും വിഷുവിനും കല്യാണത്തിനുമൊക്കെ ഇഞ്ചിക്കറി നിർബന്ധം. ഇഞ്ചിക്കറിയില്ലെങ്കിൽ കല്യാണം കല്യാണമായില്ല എന്നുപോലും പറയും ഞങ്ങൾ കൊല്ലത്തുകാർ.

അപ്പോ സ്നേഹം വാരിവിതറിക്കൊണ്ട്, നിറയെ ഓണാശംസകൾ നേർന്ന് നിങ്ങളുടെ സ്വന്തം ഷെഫ് പിള്ള. താങ്ക്യൂ...സോ മച്ച്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chef pillai
News Summary - chef pillai
Next Story