മനസ്സിലെ പൂക്കളവും ഓണവും...
text_fieldsഓണമെത്തിയിരിക്കുന്നു, ആഘോഷമാണെങ്ങും. നാട്ടിലും മറുനാട്ടിലും മലയാളികൾ ആഘോഷത്തിരക്കിലാണ്. കുവൈത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങളെങ്ങും. പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും അവയുടെ ചിത്രങ്ങൾ നിറഞ്ഞുകഴിഞ്ഞു. അപ്പോഴും വഫ്ര, അബ്ദലി, കബദ് എന്നീ ഒറ്റപ്പെട്ടുകിടക്കുന്ന മരുപ്രദേശങ്ങളിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന വലിയൊരു വിഭാഗം മലയാളികൾക്ക് ഓണം എന്നത് ഇപ്പോഴും മരീചികയാണ്. ഈ മേഖലകളിൽ കഴിയുന്ന പലർക്കും ഓണം ആഘോഷിക്കാനുള്ള ഒരു സാഹചര്യവുമില്ല എന്നതാണ് യാഥാർഥ്യം.
രാജു ജോസഫ്
ജോലിത്തിരക്കും യാത്രാബുദ്ധിമുട്ടും താമസസൗകര്യങ്ങളുടെ അഭാവവുമാണ് ഇതിന് കാരണം. ഒരുമിച്ച് ഓണം ആഘോഷിക്കാൻ മലയാളി സംഘടനകളുടെ സാന്നിധ്യവും ഇവിടങ്ങളിലില്ല. നാട്ടിലും കുവൈത്തിലെ നഗരങ്ങളിലും കഴിയുന്നവർ വിപുലമായി ഓണം ആഘോഷിക്കുമ്പോൾ ഒറ്റപ്പെട്ട മരുഭൂമികളിൽ കഴിയുന്നവർ ആ ഓർമകളിൽ മനസ്സിൽ പൂക്കളമിടുന്നു.
അടുത്ത് എവിടെയെങ്കിലും ഹോട്ടലുകൾ ഉണ്ടെങ്കിൽ ചുരുക്കം ചിലർ പാർസൽ വരുത്തി ഓണസദ്യ ഉണ്ണുന്നു. ചിലർ പുറത്തുപോയി കഴിച്ചിട്ടുവരുന്നു, അത്രമാത്രം. ആഘോഷങ്ങൾ തീർന്നു. ഓണത്തിന് അവധി ഇല്ലാത്തതിനാൽ അതുപോലും അറിയാതെ കടന്നുപോകുന്നവരുമുണ്ട്. ചിലർ ഒഴിവ് സമയത്തിനനുസരിച്ച് ആഘോഷം നടത്തും. തിരുവോണത്തിന് രണ്ടാഴ്ച മുമ്പുതന്നെ ഓണം ആഘോഷിക്കുന്നവരുമുണ്ട്.
ഓണം കഴിഞ്ഞാലും കുവൈത്തിൽ മാസങ്ങളോളം ആഘോഷങ്ങളുടെ വാർത്ത കാണാം. കലാകായിക വിനോദ വിജ്ഞാന പരിപാടികളും ഓണസദ്യയും കെങ്കേമമായി ഇവരൊക്കെയും നടത്തുന്നു. അതെല്ലാം ദൂരെനിന്നുകണ്ടും കേട്ടും കഴിയാനാണ് ഒരുപാടുപേരുടെ 'വിധി'.
അവരെക്കൂടി ഈ ഓണനാളിൽ ഓർക്കാം. നാട്ടിലായാലും മറുനാട്ടിലായാലും ഗൃഹാതുരത്വമുണർത്തുന്ന ഓണം പോലെ മറ്റൊരു ആഘോഷം മലയാളിക്കില്ല. അതിനാൽ ഏതു നാട്ടിലും സാഹചര്യത്തിലും മലയാളികൾ മനസ്സുകൊണ്ടെങ്കിലും ഓണം ആഘോഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.