പ്രതിസന്ധിയിലും പാരമ്പര്യ തൊഴിൽ കൈവിടാതെ കൃഷ്ണൻകുട്ടി
text_fieldsവള്ളിക്കുന്ന്: പാരമ്പര്യ കൈത്തൊഴിലുകൾ പ്രതിസന്ധി നേരിടുമ്പോഴും സമൃദ്ധിയുടെ ഓണാഘോഷത്തിന് പൊലിമ നൽകി കൃഷ്ണൻകുട്ടി. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന കൈത്തൊഴിലാണ് പെരുവള്ളൂർ കാടപ്പടിയിലെ കൃഷ്ണൻകുട്ടി ഇന്നും ചെയ്തുപോരുന്നത്. പഴമയുടെ വസ്തുക്കൾ നെയ്തെടുക്കുന്നതോടൊപ്പം തന്റെ ജീവിതവഴിയും ഇഴ ചേർക്കുകയാണ് ഇദ്ദേഹം. ഓണാഘോഷത്തിന് നിറം പകരാൻ തന്റെ കൈവിരുതിൽ നിരവധി മാവേലിക്കുടയും പൂക്കുടയും നിർമിച്ച് നൽകി.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഒരുക്കിയ റിവേര ഫെസ്റ്റിൽ കൃഷ്ണൻകുട്ടിയുടെ പ്രദർശന വിൽപന സ്റ്റാളിൽ തത്സമയ നിർമാണം നടക്കുന്നുണ്ട്. മുള കൊണ്ട് നിർമിച്ച കുട്ട, മുറം, കൊട്ടക്കൈൽ, കൊമ്പ് മുറം, പനയോല കൊണ്ടുള്ള തൊപ്പിക്കുട എന്നിവയും നിർമിക്കുന്നു. പുതുതലമുറയിലെ നിരവധി ആളുകളാണ് കൗതുകത്തോടെ ഇത് നോക്കി നിൽക്കുന്നത്.
തന്‍റെ കരകൗശല വസ്തുക്കളും വിൽപനക്ക് വെച്ചിട്ടുണ്ട്. 2017 മുതൽ സംസ്ഥാന കരകൗശല യൂനിറ്റിൽ റജിസ്ട്രേഷൻ വാങ്ങിയ കൃഷ്ണൻകുട്ടിക്ക് പുലരി ബാംബു ഹാൻഡിക്രാഫ്റ്റ് എന്ന പേരിൽ പെരുവള്ളൂർ കാടപ്പടിക്കടുത്ത് പൂതംകുറ്റിയിൽ നിർമാണശാലയുമുണ്ട്.
പഴയ വീട്ടുപകരണങ്ങൾക്ക് ആവശ്യക്കാർ കുറവാണെങ്കിലും പരമ്പരാഗത കൈത്തൊഴിലുമായി ജീവിതം തള്ളിനീക്കുകയാണ് കൃഷ്ണൻകുട്ടി. ട്രീറ്റ് ചെയ്ത മുള കൊണ്ട് ഉണ്ടാക്കുന്ന ഉപകരണങ്ങൾക്ക് നല്ല ഈടും ഉറപ്പും ഉണ്ട്. എന്നാൽ അധ്വാനത്തിനുള്ള പ്രതിഫലം ഇതിൽനിന്ന് ലഭിക്കുന്നില്ല. തൊപ്പിക്കുട, മുറം എന്നിവ ഉണ്ടാക്കാൻ ഒരു ദിവസത്തെ ജോലിയാണ്. 500 രൂപയാണ് ഒരു തൊപ്പിക്കുടയുടെ ചുരുങ്ങിയ വില. 2000 രൂപ വരെ വിലയുള്ള തൊപ്പിക്കുടയുമുണ്ട് കൃഷ്ണൻകുട്ടിയുടെ ശാലയിൽ. സഹോദരി കാർത്യായനിയും ജ്യേഷ്ഠസഹോദരന്റെ മകൻ പ്രവീൺ കുമാറും പാരമ്പര്യമായി കിട്ടിയ തൊഴിൽ ഇപ്പോഴും ചെയ്തുപോരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.