ഓണം വരവേൽക്കാൻ കുമ്മാട്ടികൾ ഒരുങ്ങുന്നു
text_fieldsതൃശൂർ: ഓണത്തെ വരവേൽക്കാൻ കുമ്മാട്ടികൾ ദേശങ്ങളിൽ ഒരുങ്ങുന്നു. പൂരത്തിനും പുലികളിക്കും ഒപ്പം ഓണക്കാലത്ത് തൃശൂർക്കാർക്ക് ആവേശം പകരുന്ന കലാരൂപമാണ് കുമ്മാട്ടിക്കളി. ഇന്ന് തൃശൂർ ജില്ലയിൽ തന്നെ വിവിധയിടങ്ങളിലായി നൂറിലേറെ സംഘങ്ങളുണ്ട്.
മുഖംമൂടിയണിഞ്ഞ് പര്‍പ്പടക പുല്ല് പുതച്ചെത്തുന്ന കുമ്മാട്ടികള്‍ തൃശൂരിന്റെ ആഘോഷങ്ങളിലെ പ്രധാനപ്പെട്ടതാണ്. ഉത്രാടനാൾ മുതല്‍ നാലാം ഓണം വരെയാണ് ഇവർ ഗ്രാമവീഥികളില്‍ അസുരതാളം ചവിട്ടുക. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ ദേശക്കാർക്ക് പുരാണം ചേർത്ത കഥ പറയാനുണ്ട്. പാണ്ഡവരുടെ വനവാസ കാലത്ത് പാശുപാതാസ്ത്രത്തിനായി അര്ജുനന് കഠിന തപസ്സ് ചെയ്തുവെന്നും, തപസ്സ് പരീക്ഷിക്കാന്‍ ശിവപാർവതിമാര്‍ കിരാത വേഷം ധരിച്ച് ഭൂതഗണങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടി കാട്ടിലെത്തിയെന്നുമാണ് വിശ്വാസം.
കാട്ടാളനോട് അടിയറവ് പറയേണ്ടിവന്നതില്‍ ദുഃഖിച്ച അര്ജുനന് മുന്നില്‍ ശിവന് പ്രത്യക്ഷപ്പെട്ടു വരം നല്കി. പിന്നീട് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ ശിവപാർവതിമാര്‍ക്കായി ഭൂതഗണങ്ങള്‍ വീണ്ടും വാദ്യമേളങ്ങള്‍ക്കൊപ്പം നൃത്തം വെക്കുന്ന ചടങ്ങിന് തുടക്കമായെന്നും ഇതാണ് കുമ്മാട്ടികളിയായി രൂപം പ്രാപിച്ചതെന്നുമാണ് പിന്തുടരുന്ന കഥ.
കാട്ടാളന്, തള്ള, ഹനുമാന്, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കിഴക്കുമ്പാട്ടുകര ദേശമാണ് കുമ്മാട്ടി കളിയുടെ പ്രധാന കേന്ദ്രം. തൃശൂർ, ചേർപ്പ്, ഊരകം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം കുമ്മാട്ടികളിറങ്ങുന്നുണ്ട്. ദേശങ്ങളിൽ കുമ്മാട്ടി വേഷ പ്രദർശനമടക്കം വിപുലമായ പരിപാടികളോടെയാണ് ഒരുക്കങ്ങൾ. വിവിധ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചും അഞ്ഞൂറോളം കലാകാരന്മാരെ അണിനിരത്തിയും ഫ്ലോട്ടുകളുടെ അകമ്പടിയോടെയാണ് കുമ്മാട്ടികളി സംഘങ്ങൾ നാട് ചുറ്റാനിറങ്ങുക. പര്‍പ്പിടക പുല്ല് ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികള്‍ക്ക് നേരിടുന്ന ദൗര്‍ലഭ്യമാണ് കുമ്മാട്ടി സംഘങ്ങളുടെ പ്രധാന പ്രതിസന്ധി. മുൻകാലങ്ങളിൽ തൃശൂരിലും പർപ്പടകപ്പുല്ല് യഥേഷ്ടം ലഭിക്കാറുണ്ടെങ്കിലും ഇപ്പോൾ തീരെയില്ല.
ഒരു കുമ്മാട്ടിക്ക് മാത്രം 30 കിലോ പുല്ല് വേണ്ടി വരുമെന്നാണ് കണക്ക്. ജില്ലയിലേക്ക് ഏകദേശം ആയിരം ടൺ പുല്ല് വിവിധയിടങ്ങളിൽ നിന്നായി എത്തിച്ചിട്ടുണ്ടെന്ന് കുമ്മാട്ടിക്കളി സംഘങ്ങളുടെ ഏകോപന സമിതിയംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത് പറയുന്നു. ഒരു സംഘത്തിൽ ഒമ്പത് മുതൽ അമ്പത് വരെ കുമ്മാട്ടികളുണ്ടാവും. ഏകദേശം 10-12 ലക്ഷത്തോളം രൂപ കുമ്മാട്ടി സംഘങ്ങൾക്ക് ചെലവ് വരും. കോർപറേഷൻ പുലിക്കളി സംഘങ്ങൾക്ക് രണ്ട് ലക്ഷം അനുവദിക്കുമ്പോൾ കുമ്മാട്ടി സംഘങ്ങൾക്ക് നൽകുന്നത് 25,000 രൂപ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.