തിരുവോണത്തോണിയേറാൻ മങ്ങാട്ടുഭട്ടതിരി പുറപ്പെട്ടു
text_fieldsകോട്ടയം: തിരുവോണത്തോണിയേറാൻ മങ്ങാട്ടില്ലത്തെ രവീന്ദ്ര ബാബു ഭട്ടതിരി അകമ്പടിവള്ളത്തിൽ കാട്ടൂരിലേക്കു യാത്ര തിരിച്ചു.കുമാരനെല്ലൂരിലെ മങ്ങാട്ടില്ലത്തുനിന്ന് ചുരുളൻവള്ളത്തിലാണ് ഭട്ടതിരി പുറപ്പെട്ടത്. ഓണനാളിൽ ആറന്മുള ഭഗവാന്‍റെ സദ്യക്കുള്ള വിഭവങ്ങൾ എത്തിക്കാനുള്ള അവകാശം കാട്ടൂർകരയിൽനിന്നു കുമാരനല്ലൂരിലെത്തിയ മങ്ങാട്ടില്ലക്കാർക്കാണ്.
ആചാരപ്രകാരം മങ്ങാട്ടില്ലത്തെ ആറൻമുളയപ്പന്‍റെ നിത്യപൂജക്കുശേഷം മങ്ങാട്ട് കടവിൽനിന്ന് ആറ്റിലൂടെ ആരംഭിച്ച യാത്ര മൂന്നാം ദിവസം മീനച്ചിലാർ വഴി വേമ്പനാട്ട് കായലിലൂടെ കാട്ടൂരിലെത്തും.കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് തിരുവാറന്മുളയിലെ കെടാവിളക്കിൽ പകരാനുള്ള ദീപവും കാട്ടൂർകരയിലെ 18 തറവാടുകളിൽനിന്നുള്ള പ്രതിനിധികൾ തിരുവോണ വിഭവങ്ങളും തോണിയിൽ കയറ്റും. തുടർന്ന് തിരുവോണത്തോണിയിലാണ് ഭട്ടതിരിയുടെ യാത്ര.
അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും ആറന്മുളക്കു തിരിക്കും. തിരുവോണനാൾ പുലർച്ച ആറിന് ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നൽകി പുറത്തിറങ്ങുന്നതോടെ തിരുവോണസദ്യയുടെ ഒരുക്കം തുടങ്ങും. സദ്യ കഴിച്ചു വൈകുന്നേരം ദീപാരാധനയും തൊഴുത് ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി ഭഗവാന് സമർപ്പിച്ചശേഷമാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.