ഓണസമ്മാനമായി രാജനഗരിയിലേക്ക് മെട്രോ
text_fieldsതൃപ്പൂണിത്തുറ: ഏറെനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ എത്തി. ഓണസമ്മാനമായി മെട്രോ ഓടിത്തുടങ്ങിയപ്പോൾ നൂറുകണക്കിനാളുകൾ വരവേൽക്കാനായി എത്തിയിരുന്നു.
ആദ്യ ട്രിപ്പിൽ തന്നെ കയറാൻ എത്തിയവർ ആർപ്പുവിളികളും ഓണപ്പാട്ടും പാടി ട്രെയിനിനെ വരവേറ്റു. മാവേലിയായി വേഷമിട്ടുവന്ന ജോർജ് ജോസഫിനോടൊപ്പം 30 ഭിന്നശേഷിക്കാരായ കുട്ടികളായിരുന്നു ആദ്യ യാത്രികർ. ഡ്രൈവർമാരായി ടി.സി. അനീഷ, ശ്രീജ എന്നീ വനിതകളും.
പേട്ടയിൽനിന്ന് എസ്.എൻ ജങ്ഷൻ വരെയുള്ള പാതയാണ് ഇപ്പോൾ ഗതാഗതത്തിനൊരുങ്ങിയത്. വടക്കേകോട്ട, എസ്.എൻ ജങ്ഷൻ തുടങ്ങി രണ്ടു സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്.
പേട്ടയിൽനിന്ന് എസ്.എൻ ജങ്ഷൻ വരെ 1.8 കിലോമീറ്റർ ദൂരമാണുള്ളത്. എസ്.എൻ ജങ്‌ഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പാതയുടെയും സ്റ്റേഷന്‍റെയും നിർമാണം പുരോഗമിക്കുകയാണ്. തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള അടുത്തഘട്ടം 2023 ജൂണിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കി.
1.20 കിലോമീറ്ററാണ് ഈ പാതയുള്ളത്.പുതുതായി രണ്ടു സ്റ്റേഷനുകള്‍ കൂടി വരുന്നതോടെ, മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. ആലുവയില്‍നിന്ന് എസ്.എന്‍ ജങ്ഷന്‍ വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ പേട്ട വരെ 60 രൂപയാണ്. എസ്.എന്‍ ജങ്ഷനിലേക്ക് സര്‍വിസ് നീട്ടിയാലും ചാര്‍ജ് വര്‍ധിപ്പിക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. പേട്ടയില്‍നിന്ന് എസ്.എന്‍ ജങ്ഷനിലേക്ക് 20 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
പേട്ടയില്‍നിന്ന് എസ്.എന്‍ ജങ്ഷനിലേക്കുള്ള മെട്രോ നിർമാണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) നേരിട്ട് ഏറ്റെടുത്താണ് നടത്തിയത്. കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിലേത്.
വിസ്തീര്‍ണം 4.3 ലക്ഷം ചതുരശ്ര അടി. സ്വാതന്ത്ര്യസമര ചരിത്രവും കേരളത്തിന്‍റെ പങ്കുമെല്ലാം വടക്കേകോട്ട സ്റ്റേഷനെ അലങ്കരിക്കുന്നു. കേരളത്തിന്‍റെ ആയുര്‍വേദ പാരമ്പര്യം അടിസ്ഥാനമാക്കിയാണ് എസ്.എന്‍ ജങ്ഷന്‍ സ്റ്റേഷന്‍ സൗന്ദര്യവത്കരിച്ചത്.
തൃപ്പൂണിത്തുറ പാത തുറക്കുന്നതോടെ കൊച്ചി മെട്രോയിലെ ദിവസേനയുള്ള യാത്രികരുടെ എണ്ണം ലക്ഷത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ യഥാർഥ്യമായതോടെ എറണാകുളം നഗരത്തെ ആശ്രയിക്കുന്നവർക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാനാകുമെന്നുള്ളതാണ് ആശ്വാസം.
കാത്തിരിപ്പിനൊടുവിൽ കാക്കനാട്ടേക്കും
കൊച്ചി: ശിലാസ്ഥാപനം നടന്നതോടെ കാക്കനാട് പാതയെന്ന മെട്രോ സ്വപ്നവും യാഥാർഥ്യമാകുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന പാതയുടെ നിർമാണ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചതോടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണ് അറുതിയായത്.
പ്രാരംഭ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിന്‍റെ അനുമതി ലഭ്യമായതിനെ തുടർന്ന് പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ആരംഭിച്ചിരുന്നു. കേന്ദ്ര അനുമതി ലഭിക്കുന്ന മുറക്ക് പണി തുടങ്ങാനായിരുന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതി. ഇതനുസരിച്ച് 75 ശതമാനം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.
11.2 കിലോമീറ്ററുള്ള പാത കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാണ് ആരംഭിക്കുന്നത്. പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട്, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് 1, ഇൻഫോപാർക്ക് 2 എന്നിങ്ങനെയാണ് നിർദിഷ്ടപാതയിലെ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നത്.
ജില്ല ഭരണസിരാകേന്ദ്രവും ഇൻഫോപാർക്കും കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസർക്കാറിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങി. എന്നാൽ, പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം പദ്ധതി രൂപരേഖയിൽ മാറ്റം നിർദേശിച്ചു.
ഇതനുസരിച്ച് തയാറാക്കിയ രൂപരേഖ 2018ൽ കേന്ദ്രത്തിന് സമർപ്പിച്ചു. 2019 ൽ പദ്ധതിക്ക് കേന്ദ്രസർക്കാർ തത്ത്വത്തിൽ അനുമതി നൽകുകയും ചെയ്തു. എന്നാൽ, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് വർഷങ്ങളോളം പിന്നെയും നീണ്ടു.
ഇൻഫോപാർക്കിലേക്കുള്ള യാത്രക്കാർ കൊച്ചി മെട്രോയെ ആശ്രയിക്കുമെന്നാണ് കെ.എം.ആർ.എൽ കണക്കുകൂട്ടൽ. പാത യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ആലുവയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മൂന്നാം ഘട്ടമാണ് ഇതിന് ശേഷമുള്ള പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.