ഓണവും ടീച്ചറമ്മയും
text_fieldsജാതിക്കും മതത്തിനും അതീതമായ ഉത്സവമാണല്ലോ ഓണം. ഒത്തുചേരലിന്റെയും ഒരുമയുടെയും പങ്കുവെക്കലിന്റെയും സൗഹൃദത്തിന്റെയും നന്മയുടെയും ഉത്സവമായി ഞാൻ ഓണാഘോഷത്തെ കാണുന്നു. പുത്തനുടുപ്പും ഓണപ്പായസവും വള്ളംകളിയും തിരുവാതിരകളിയും പുലികളിയും ഊഞ്ഞാലാട്ടവും ഓണപ്പൂക്കളവും ഒക്കെ ഓണത്തിന്റെ പ്രത്യേകതകളാണ്.
പൂത്തുലഞ്ഞ ചെത്തിയും ചെമ്പരത്തിയും വട്ടത്തിൽ പറക്കുന്ന പൂമ്പാറ്റകളും കണ്ണഞ്ചിപ്പിക്കുന്ന പൊൻവെയിലും എത്ര സന്തോഷത്തോടുകൂടിയാണ് ഓണത്തെ വരവേൽക്കുന്നത്. ഓടിക്കളിക്കുന്ന പിഞ്ചോമനകൾ, കൈകൊട്ടിക്കളിക്കുന്ന തരുണീമണികൾ, കാല്പന്തുകളിക്കുന്ന ചെറുപ്പക്കാർ, സൊറപറഞ്ഞിരിക്കുന്ന വൃദ്ധജനങ്ങൾ ഇതെല്ലാം എന്റെ കൊച്ചുകേരളത്തിന്റെ മനോഹര ഓണദൃശ്യങ്ങളാണ്.
കുവൈത്തിൽ എത്തിയ നിമിഷം മുതൽ എപ്പോഴും മനസ്സിൽ ഓമനിക്കുന്ന എന്റേതായ വരികൾ ഞാനിവിടെ കുറിക്കുന്നു
'ഊഞ്ഞാലിനാട്ടം എങ്ങും
പാറിപ്പറക്കുന്ന പൂമ്പാറ്റക്കൂട്ടം
കസവുടുത്തൊരു പിള്ളാരിൻ ചാട്ടം
തെക്കേമുറ്റത്തൊരുങ്ങിയിതാ ഓണപ്പൂക്കളം'
ഓണം അടുത്തു എന്നുകേട്ടാൽ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എപ്പോഴും തിരക്കായി ജോലിചെയ്യുന്ന എന്റെ ടീച്ചറമ്മയാണ്. ഓണാവധിയാണ് അമ്മക്ക് ഏറ്റവും ഇഷ്ടം. അവധി തുടങ്ങുന്നതിന്റെ തലേദിവസംതന്നെ വലിയൊരു കെട്ടുമായി അമ്മ എത്തും. റിബേറ്റിൽ കിട്ടുന്ന നല്ല പൂക്കളുള്ള പാവാടയും ബ്ലൗസും ഉപ്പേരി വറക്കാനുള്ള ഏത്തക്കുലയും ചേനയും ഒക്കെ അതിൽ ഉണ്ടാകും. അടുത്ത ദിവസംതന്നെ ഉപ്പേരി ഉണ്ടാക്കി ടിന്നിൽ അടച്ചുവെക്കും.
അമ്മ പാചകം ചെയ്യുന്നതിൽ എനിക്ക് ഏറെ ഇഷ്ടം ഇഞ്ചിക്കറിയും ഉള്ളിത്തീയലുമാണ്. എങ്ങനെയൊക്കെ ഞാൻ ഉള്ളിത്തീയൽ ഉണ്ടാക്കിയാലും അമ്മയുണ്ടാക്കുന്ന രുചി വരില്ല. കുട്ടികളെ വിളിച്ചു ഊഞ്ഞാലിടും. എന്നും സന്തോഷദിനങ്ങൾ. അയലത്തെ കൂട്ടുകാരുമായി കളിക്കാൻ പോകും. സന്തോഷവും സ്നേഹവും കരുതലും ചേർത്ത് അമ്മ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ മറുനാട്ടിൽ കിട്ടില്ലല്ലോ എന്നോർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്.
അടുത്ത വീട്ടിലെ കുട്ടികളും കാണും ഞങ്ങളോടൊപ്പം സദ്യ ഉണ്ണാൻ. എന്റെ വീട്ടിലെ സദ്യ ഉണ്ടിട്ടേ അവർ അവരുടെ സ്വന്തം വീട്ടിൽ സദ്യയുണ്ണുകയുള്ളൂ. എല്ലാ ഓണത്തിനും അയലത്തെ കുട്ടികളിൽ ചിലർക്കും അമ്മ പുത്തനുടുപ്പു കൊടുക്കും. ആ കാലങ്ങൾ ഒരിക്കലും ഇനിയും കിട്ടുകയില്ല എന്നറിയാം.
ഇപ്പോൾ എല്ലാവരിലും ഉള്ളത് 'ഞാനും എന്റെ കുടുംബവും മാത്രം'എന്നാണ്. ഈ ചിന്താഗതി നമുക്ക് മാറ്റേണ്ടതല്ലേ. മനസ്സിനെ ഭരിക്കുന്ന ഭിന്നതയും വിദ്വേഷവും തുടച്ചുനീക്കി ഒരുമയും സ്നേഹവും നമ്മുടെ ഉള്ളിൽ നിറക്കേണ്ടതുണ്ട്. മൂല്യാധിഷ്ഠിത മാറ്റം മനസ്സിൽ നിറക്കാൻ ഈ വർഷത്തെ ഓണം ചവിട്ടുപടിയാകട്ടെ. പങ്കുവെക്കലിന്റെയും കരുതലിന്റെയും ആഘോഷമാകട്ടെ ഈ വർഷത്തെ ഓണം. ഒരുമയും സ്നേഹവും സാഹോദര്യവും നിറക്കുന്ന ഒരു പൊന്നോണത്തെ നമുക്ക് വരവേൽക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.