പ്രതീക്ഷയുടെ ഒരു ഓണം കൂടി...
text_fieldsഅത്തം പത്തോണം; പൂവിളിയും പൂക്കളങ്ങളും ഓണക്കളികളും ഓണപ്പാട്ടുകളും ആലാത്തൂഞ്ഞാലാട്ടങ്ങളും ഓണത്തപ്പനും ഓണക്കോടിയും ഓണസദ്യയും... എന്നു വേണ്ട അടിമുടി ആഘോഷങ്ങളുടെ പേമാരിയായി പെയ്തിറങ്ങിയിരുന്ന മലയാളിയുടെ സ്വന്തം ഓണം. വ്യത്യസ്തമായ ആഘോഷങ്ങളുടെ ആ പത്തു ദിവസം, സാമൂഹികതയുടെ അടയാളപ്പെടുത്തൽ കൂടിയായിരുന്ന കാലം വിട്ടു ഇന്ന് ഇൻസ്റ്റന്റ് സദ്യയുടെയും, ഇൻസ്റ്റന്റ് ആഘോഷങ്ങളുടെയും, കൃത്രിമത്വം നിറഞ്ഞ പ്രകടനങ്ങളുടെയുമൊക്കെ ആത്മാവില്ലാത്ത ബാക്കിപത്രം മാത്രമായി ചുരുങ്ങിയിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഓർമകളുടെ, കാത്തിരിപ്പിന്‍റെ, ആഘോഷത്തിമിർപ്പുകളുടെ, കൂടിച്ചേരലുകളുടെ, കാർഷികസമൃദ്ധിയുടെ ഒക്കെ നനുത്ത ഓർമപ്പെടുത്തൽ മാത്രമാണ് ഇന്നത്. നന്മകൾ എന്തെന്ന് ഓർമപ്പെടുത്താൻവേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ബിംബം.
മനുഷ്യൻ എന്ന സമൂഹജീവിയുടെ ജീവിത പാഠശാല ആയിരുന്ന കൂട്ടുകുടുംബം, യാഥാർഥ്യം മറഞ്ഞു സങ്കല്പമായി, വെറുമൊരു മിഥ്യയായി, നോക്കുകുത്തിയായി. സ്നേഹമർമരങ്ങൾ ഒടുങ്ങിയ ജീവിതവൃക്ഷത്തിന്റെ ഉണങ്ങിയ ചില്ലകളായി ഒറ്റപ്പെട്ട കുടുംബങ്ങൾ അവിടവിടെ. വീടെന്ന കൂട്ടിലെ ഒറ്റത്തുരുത്തുകളായി ഓരോ മനുഷ്യനും. കുട്ടിത്തം മറന്ന കുട്ടിക്കാലങ്ങൾ, രാഗം മറന്ന ബന്ധങ്ങൾ, ഇതിനിടയിലും ഓണനിലാവിന്റെ നൈർമല്യവും ശീതളിമയും തഴുകി തലോടുന്ന ഉത്രാടരാത്രിയും, എങ്ങോ മുഴങ്ങുന്ന പൂവിളികളും ആരവമുതിർക്കുന്ന തിരുവാതിരപ്പാട്ടുമൊക്കെ ആർദ്രമായ മനസ്സുകളെ താലോലിച്ചു കടന്നുപോവുന്നുമുണ്ട്.
കുടുംബത്തിൽ നിന്ന് പറിച്ചെടുത്ത് പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സാമൂഹിക ഉത്സവം ആയി മാറിയെങ്കിലും അത് മൂലം ഉണ്ടാവുന്ന ആ സാമൂഹികതയുടെ നന്മ നുണഞ്ഞു, ഓണം എന്ന ഉത്സവത്തെ പുതു തലമുറയും പഴയ തലമുറയും ഒരേ പോലെ വരവേറ്റു വരുന്നതിനിടയിൽ ആണ് അശനിപാതം പോലെ ഒരു മഹാമാരി ലോകജനതയുടെ ആക്രമിച്ചു ജീവിതത്തെ തന്നെ സ്തംഭനത്തിലാക്കിയത്.
പിന്നീടേറെ കാലം ജീവിതം ദാ ഇങ്ങനെ ആയിരുന്നു താനും.
'ഞാനുമെന്റെ ജനലഴിയും തമ്മിലാകുവോളം കഥകൾ പറഞ്ഞതും
വിരസമോരോ കഥയും നിരർഥക മനുഷ്യജന്മത്തിനടയാളമായതും..
അധികമപ്പുറത്തല്ലാതെ മറ്റൊരു ജനലഴി പിടിച്ചച്ഛനുമമ്മയും!
ഇതുപോലോരോ ജനലഴിക്കുള്ളിലായ് ഇതിലുമേറെ വിരസത തീർക്കുന്ന
വലിയവീട്ടിലാണെല്ലാവരും, നീണ്ട തടവിലും! ഇന്ന്, ജീവിതമാണത്…!
ഓണമില്ല വിഷുവില്ല ആതിര, പൂവ് ചൂടിച്ച പൂത്തിരുരാവില്ല..
ആരും തമ്മിലറിയില്ല കാണ്മതില്ലാരും ആരുടെ ആരുമല്ലാതെയായ്..'
എന്നിട്ടും നഷ്ടബോധങ്ങളുടെ ചുഴലിയിൽ നിന്ന് പിടഞ്ഞെഴുനേറ്റ മനുഷ്യൻ സഹനസമരത്തിന്റെ അടയാളപ്പെടുത്തലായി വീണ്ടുമൊരു ഓണംആഘോഷിക്കുകയാണ്. അവനിലെ ഉണ്മ ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്നും മഹാമാരികൾക്കു തളർത്താൻ ആവാത്ത ഒരു ആന്തരിക ശക്തി അവനിലുണ്ടെന്നും തെളിയിച്ചു കൊണ്ട്, ലോകമുള്ളിടത്തോളം ഓണവും ഉണ്ടാവും എന്ന് വിളിച്ചോതിക്കൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.