തുമ്പപ്പൂ വിളിയും ഊഞ്ഞാലാട്ടവുമില്ലാത്ത ഓണം
text_fieldsശ്രീകല ഗോപിനാഥ് ജിനൻ
കോവിഡും ഓണവും.. ഇനിയും ആ ചിന്തക്ക് പ്രസക്തി ഉണ്ടോ? കോവിഡ് ഭീതി ഒഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ സ്ഥിരമായി കൂടെയുള്ള ഒന്നിനെ പറ്റി സദാ ഓർത്ത് നടക്കാത്ത വിധം നമ്മൾ അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. കോവിഡ് രൂക്ഷമായ കഴിഞ്ഞു പോയ വർഷങ്ങളിൽ പോലും ഓണം എന്നല്ല ഒരാഘോഷവും മുടങ്ങിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 'സവിസ്തരം സ്വതന്ത്രം ഘോഷം'എന്നത് മാറി നിർബന്ധിതമായ ചട്ടക്കൂടുകളിലേക്ക് അടങ്ങിയും ഒതുക്കിയും എല്ലാ വിശേഷ ദിവസങ്ങളും അതുപോലെ തന്നെ മുന്നോട്ട് പോയി.
ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇത്തവണ ഞങ്ങളുടെ ഓണം ഖത്തറിലാണ്. അത്തം മുതൽ തുടങ്ങുന്ന പൂവിടലിന്റെ ഒരുക്കമില്ല ഉത്സാഹമില്ല, എന്തിന് ഓർമ പോലുമില്ല. അച്ഛമ്മയുടെ നേതൃത്തിൽ ഉത്രാടനാൾ രാത്രിയിലുള്ള തൃക്കാക്കരയപ്പനെ വെക്കൽ ചടങ്ങ്, പ്രത്യേകം തയാറാക്കുന്ന ഉപ്പും മധുരവുമില്ലാത്ത അട, തുമ്പപ്പൂ അന്വേഷിച്ചുള്ള ഓട്ടം തിരച്ചിൽ, 'ശോ എല്ലാം പൊട്ടിച്ച് കൊണ്ടുപോയി പെണ്ണുങ്ങൾ'എന്ന സ്ഥിരം പരാതി, ആർപ്പോ വിളി, ഊഞ്ഞാലാട്ടം ഇതൊന്നുമില്ലാതെയാണ് കുട്ടികളുടെ ഇത്തവണത്തെ ഓണം, എന്റെയും.
ഞങ്ങൾ തൃശൂർകാർ ഓണനാൾ നേരത്തേ ഭക്ഷണം കഴിക്കും. ഏതാണ്ട് 11ന് മുമ്പേ തന്നെ. എന്തിനാണെന്നോ? ഭർതൃഗൃഹത്തിൽ നിന്നും നേരത്തേ ഓണമുണ്ട്, പിന്നത്തെ ഊണ് സ്വന്തം വീട്ടിൽ നിന്ന് കൂടി ആവാം എന്ന സൗകര്യത്തിന്.
ഏതായാലും 2022 ലെ ഓണം ഈ ഓർമകളെ താലോലിച്ചുകൊണ്ടാണ്. ആഘോഷങ്ങൾ അർഥപൂർണവും, സംതൃപ്തവുമാകുന്നത് പരസ്പര സ്നേഹത്തിലും കൂട്ടായ്മയിലും കൂടിയാണല്ലോ. അത്തരമൊരു സഹകരണത്തിന് ഒരു പഞ്ഞവുമില്ലാത്ത ഈ പ്രവാസ ജീവിതത്തിൽ എന്ത് കുറവുണ്ടായാലും ഓണത്തിന്റെ സന്തോഷത്തിന് പവൻ മാറ്റ് തന്നെയായിരിക്കും. ഓണം ഒരുമയുടെയും, സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകമാണ്. നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്രയായി ഈ ആശയങ്ങൾ എന്നും ഉയർത്തിപ്പിടിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.