നാടു വിളിക്കുന്നു; ഓണം ഓർമകളിലേക്ക്...
text_fieldsഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വന്നെത്തി. കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിയും മറക്കില്ല. ലോകത്തെവിടെയാണങ്കിലും സ്വന്തം നാട്ടില്‍ എത്തിച്ചേരാനാണ് ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത്.
നാട്ടിന്‍പുറങ്ങളില്‍ ജനിച്ചുവളര്‍ന്ന എല്ലാവരെയും പോലെ എനിക്കും കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേള്‍ക്കുന്നതുതന്നെ വല്ലാത്തൊരു സന്തോഷവും ആവേശവുമൊക്കെ ആയിരുന്നു. അന്നെല്ലാം ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന അവധിയും ആഘോഷങ്ങളും തന്നെ. മിക്ക വര്‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍ കഴിയും മുമ്പേ അത്തം തുടങ്ങും. എങ്കിലും പരീക്ഷത്തിരക്കുകള്‍ക്കുള്ളിലും അതിരാവിലെ അല്പസമയം ചില ദിവസങ്ങളിൽ പൂക്കളമൊരുക്കാന് മാറ്റിവെക്കും.
എല്ലാ മലയാളികളുടെയും ആഘോഷം എന്ന പേര് അന്വര്‍ഥമാക്കുംവിധം, ജാതിമത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍ എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു. പരീക്ഷകള്‍ക്കുശേഷം പള്ളിക്കൂടം അടച്ചാല്‍ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി. ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും നാടന്‍ പന്തുകളിയും കുട്ടിയും കോലും ഒളിച്ചുകളിയും കള്ളനും പൊലീസും കളിയും നിധിവേട്ടയും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന്കളികള്. അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ബാല്യത്തിന്റെ ഓർമകൾ.
തിരുവോണ സദ്യ കഴിഞ്ഞാല്‍ ബന്ധുമിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നുരണ്ടു ദിവസം തിരക്കാവും. അതും ആഹ്ലാദകരംതന്നെ. തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍ ഓണക്കളികളും മറ്റും ഉണ്ടാകും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേക്കും ഒരുപാട് നല്ല ഓര്‍മകള്‍ ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നുപോയിരുന്നത്.
പ്രവാസിയായതോടെ ഇതെല്ലാം ഓർമകൾ മാത്രമായി. എങ്കിലും കഴിയുംവിധം ഓണം ആഘോഷമാക്കുന്നവരാണ് പ്രവാസികൾ. പ്രവാസികൾക്ക് ഓണം സന്തോഷവും ഒപ്പം ദുഃഖവും നൽകുന്നു. എത്ര വലിയ ആഘോഷമായാലും വേണ്ടപ്പെട്ടവരും ഉറ്റവരും അടുത്തില്ലല്ലോ എന്ന വിഷമം ഉള്ളിലുണ്ടാകും.
കുടുംബമായും അല്ലാതെയും താമസിക്കുന്ന പ്രവാസി മലയാളികൾ എല്ലാവരും ഒത്തുചേരുന്ന ഒരു ദിവസമാണ് തിരുവോണ ദിവസം. ഓണസദ്യ തയാറാക്കി കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കും ഒപ്പം കഴിക്കുന്നു. അങ്ങനെ ചെറിയ കൂട്ടായ്മക്ക് ഓണം വഴിയൊരുക്കുന്നു. പ്രവാസകാലത്ത് ഇതൊക്കെ വലിയ ആശ്വാസമാണ്. വീടുകളിൽ മാത്രമല്ല, ഓഫിസുകളിലും ഓണം ആഘോഷിക്കാറുണ്ട്. ലോകമെമ്പാടുമുള്ളവർക്ക് നമ്മുടെ നാടിന്റെ നന്മയും സ്നേഹവും ഇതുവഴി കൈമാറുന്നു.
ഒരു മതത്തിന്റെ മാത്രം ആഘോഷമല്ല ഓണം. എല്ലാ മതങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായ ഓണം ബഹുവര്‍ണ ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ്. ഓണത്തിന്റെ ആഘോഷം നാട്ടിലാണോ മറുനാട്ടിലാണോ ഗംഭീരമെന്ന ചോദ്യം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും. ആഘോഷം കൂടുതൽ ഗൾഫിലാണെങ്കിലും ഓണം ഓണമാകണമെങ്കിൽ നാട്ടിൽതന്നെ ആഘോഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.