നോമ്പുകാല ഓർമകൾക്ക് വെളിച്ചം പകർന്ന് പാനൂസകൾ
text_fieldsപൊന്നാനി: വർണപ്പൊലിമയുമായി പൊന്നാനി ടൗണിലെ ചില വീടുകളിൽ ഇത്തവണയും പാനൂസ് വിളക്കുകൾ കത്തിത്തുടങ്ങി. നോമ്പുകാല രാത്രികളിലെ പഴയ ഓർമകൾക്കു കൂടി നിറവും വെളിച്ചവും പകരുകയാണ് കരവിരുതിൽ വിരിഞ്ഞ വർണവിളക്കുകൾ. മുളച്ചീളുകൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികൾക്ക് പുറത്ത് വർണക്കടലാസ് കൊണ്ട് പൊതിഞ്ഞ് അകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വർണവിസ്മയമാണ് പാനൂസ. വീടിന് പുറത്തും സ്വീകരണ മുറിയിലും കെട്ടിത്തൂക്കുന്ന പാനൂസകൾ പൊന്നാനി നഗരത്തിലെ നോമ്പലങ്കാരങ്ങളുടെ അനിവാര്യ ഘടകമായിരുന്നു.
റമദാനിലെ പുണ്യരാവുകളിൽ മിക്ക വീടുകളും പാനൂസുകളാൽ അലങ്കരിച്ച ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് തറവാടുകൾക്ക് മുന്നിൽ കൂറ്റൻ പാനൂസുകൾ നിർമിച്ച് തൂക്കിയിടുന്നതും ഒരു ഗമയായിരുന്നു. കല്ലൻ പാനൂസുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവക്ക് 10 മുതൽ 20 അടി വരെ നീളവും വീതിയുമുണ്ടാകും. വിമാനത്തിന്‍റെയും കപ്പലിന്‍റെയും സിലണ്ടറിന്‍റെയും മാതൃകയിലാണ് ഇവയൊക്കെ നിർമിച്ചിരുന്നത്. വർണക്കടലാസുകൊണ്ട് പൊതിഞ്ഞ മുളച്ചീളുകൊണ്ടുള്ള അകൃതികൾക്കകത്ത് പ്ലാസ്റ്റിക് പേപ്പർ കൊണ്ട് വൃത്താകൃതിയിൽ നിർമിച്ച കുറ്റി സ്ഥാപിക്കും.
മെഴുകുതിരി വെട്ടത്തിൽ ചൂടേൽക്കുമ്പോൾ സ്വയം തിരിയുന്ന സംവിധാനത്തോടെയാണ് കുറ്റി സ്ഥാപിക്കുക. പ്ലാസ്റ്റിക് പേപ്പറിൽ രസകരമായ രൂപങ്ങളും മറ്റും ഒട്ടിച്ചിരിക്കും. മെഴുകുതിരി പ്രകാശത്തിൽ കുറ്റി തിരിയുമ്പോൾ പാനൂസുകൾക്ക് പുറത്ത് വർണക്കടലാസുകളിൽ ഈ രൂപങ്ങൾ വലുതായി തെളിയും. ഇത്തരത്തിലുള്ള പാനൂസുകൾ അങ്ങാടിയിലും സമീപത്തെ തെരുവുകളിലും കുട്ടിക്കൂട്ടങ്ങൾ തെരുവുകളിലൂടെ കൊണ്ടുനടക്കുമായിരുന്നു. ഇപ്പോൾ നിർമിച്ചു നൽകുന്ന പാനൂസുകളിൽ അധികവും ചെറിയവയാണ്. പോയകാലത്ത് പാനൂസുകൾ നിർമിക്കാൻ വൈദഗ്ധ്യം നേടിയവരുമുണ്ടായിരുന്നു. അവർക്ക് നോമ്പടുക്കുന്നതോടെ തിരക്കേറും.
വൈദ്യുതി വ്യാപകമായിട്ടില്ലാത്ത കാലത്ത് റമദാനിലെ രാത്രി നമസ്കാരത്തിന് മുസ്ലിംകള്‍ കൂട്ടമായി വലിയ വിളക്കുകളുടെ വെളിച്ചത്തില്‍ പള്ളിയിലേക്കു പോയതിന്‍റെ ബാക്കി പത്രമാകാം ഇതെന്ന് ചിന്തിക്കുന്നവരുണ്ട്. കേരളത്തിലെ പാനൂസകള്‍ക്ക് ഈജിപ്തിലെ ഫാനൂസുകളുമായി ചരിത്രബന്ധമുണ്ടെന്ന നിരീക്ഷണവും പ്രബലമാണ്. റമദാന്‍ പിറ കണ്ടതുമുതല്‍ ശവ്വാലിന്‍ പൊന്നമ്പിളിക്കീറ് മാനത്തു തെളിയും വരെ ഈജിപ്തുകാരുടെ ജീവിതത്തില്‍ നക്ഷത്ര പ്രഭയേകി ഫാനൂസ് വിളക്ക് ഇപ്പോഴും തെളിഞ്ഞു കത്താറുണ്ട്. ഒറ്റനോട്ടത്തില്‍ ക്രിസ്മസ് ട്രീയുടെ രൂപ സാദൃശ്യമുള്ള ഇവ പ്രചാരത്തിലായത് ഫാത്വിമീ ഭരണകാലത്താണെന്ന് ചരിത്രം പറയുന്നു. ഒരുകാലത്ത് പൊന്നാനിയിലെ നോമ്പുകാല രാത്രികളെ പ്രകാശപൂരിതമാക്കിയിരുന്നത് പല വർണത്തിലും രൂപത്തിലുമുള്ള പാനൂസകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.