മക്ക ഹറം മുറ്റങ്ങളിൽ സസ്യസംരക്ഷണ പദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ: മക്ക ഹറം മുറ്റങ്ങളിൽ സസ്യജാലങ്ങൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. ഹറം കാര്യാലയത്തിലെ ടെക്‌നിക്കൽ ആൻഡ് ഓപറേഷൻ, മെയിൻറനൻസ് അണ്ടർ സെക്രട്ടറി എൻജി. സുൽത്താൻ ബിൻ ആത്വി അൽഖുറൈശിയടക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഗ്രീൻ സൗദി ഇനിഷ്യേറ്റിവിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചാണ് ഹറം മുറ്റങ്ങളിൽ സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്.
രാജ്യത്ത്, പ്രത്യേകിച്ച് മസ്ജിദുൽഹറാമിന്റെ പരിസരത്ത് പരിസ്ഥിതി സംരക്ഷണ രംഗത്ത് സുസ്ഥിരത കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതാണ് ഹറം മുറ്റങ്ങളിലെ സസ്യ സംരക്ഷണ പദ്ധതിയെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. ഹറം കാര്യാലയം അതീവ താൽപര്യമാണ് ഇതിനു കാണിക്കുന്നത്. ശുദ്ധമായ ഊർജത്തെ ആശ്രയിക്കാനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുമാണ് പദ്ധതി. ഘടനാപരവും പ്രവർത്തനപരവുമായ എല്ലാ ആവശ്യകതകളും സംബന്ധിച്ച പഠനം പൂർത്തിയായ ശേഷമാണ് ഹറം മുറ്റങ്ങളിലെ സസ്യസംരക്ഷണ പദ്ധതിക്ക് കാര്യാലയം തുടക്കംകുറിച്ചിരിക്കുന്നത്.
ഹറം മുറ്റങ്ങളിൽ സസ്യ സംരക്ഷണ സംരംഭം സജീവമാക്കുന്നതിന് നിലവിൽ കോൺക്രീറ്റ് പുറംഭിത്തികൾ, തെക്കേ മുറ്റത്തെ ചില ഭാഗങ്ങൾ, ചില പാലങ്ങളുടെ തൂണുകൾ എന്നിവിടങ്ങളാണ് സസ്യങ്ങൾ വെച്ചുപിടിപ്പിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. പാരിസ്ഥിതികവും പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ വശങ്ങളും പരിഗണിച്ച് നൂതന കാർഷിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള വെർട്ടിക്കൽ ഫാമിങ് സംവിധാനമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത്.ജലസേചന പ്രക്രിയയിൽ കുറവോ വർധനവോ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനും യാന്ത്രികമായി വളപ്രയോഗം നടത്താനും റിമോട്ട് കൺട്രോൾ സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.