ക്ഷേത്രങ്ങളില്‍ പൂജവെച്ചു, വിജയദശമി നാളെ
text_fieldsപാലാ: ക്ഷേത്രങ്ങളില്‍ പൂജവെച്ചു, വിജയദശമി നാളെ. അറിവിന്റെ ആദ്യക്ഷരം കുറിക്കാനൊരുങ്ങി നൂറുകണക്കിന് കുരുന്നുകള്‍. ഞായറാഴ്ച വൈകീട്ട് പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പൂജവെപ്പ് നടന്നു. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വൈകീട്ട് പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തില്‍ പൂജവെപ്പ് ആരംഭിച്ചു. നൂറുകണക്കിന് വിദ്യാർഥികള്‍ പുസ്തകവും പേനയും മറ്റും സമര്‍പ്പിച്ചു.
തൂലികാപൂജക്കും തുടക്കമായി. തിങ്കളാഴ്ച മഹാനവമി നാളിലും വിശേഷാല്‍ പൂജകളുണ്ട്. വിജയദശമി നാളില്‍ രാവിലെ 7.30ന് വിദ്യാരംഭവും തുടര്‍ന്ന് പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും ആരംഭിക്കും. പ്രമുഖ കവി ആര്.കെ. വള്ളിച്ചിറ ആചാര്യസ്ഥാനം വഹിക്കും. വിദ്യാർഥികള്‍ക്ക് തൂലികാപൂജ നടത്തിയ പേനകള്‍ പ്രസാദമായി വിതരണം ചെയ്യും. മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
അരുണാപുരം ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജവെപ്പ് നടന്നു. മേല്‍ശാന്തി നീലകണ്ഠന് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കെഴുവംകുളം ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ദേവീക്ഷേത്രത്തില്‍ പൂജവെപ്പ്, വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു. മഹാനവമി നാളിലും വിശേഷാല്‍ പൂജകളുണ്ട്. വിജയദശമി നാളില്‍ സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം, സർവൈശ്വര്യപൂജ.
കുമ്മണ്ണൂര്‍ നടക്കാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂജവെപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ 7.30ന് വിദ്യാരംഭം. ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകീട്ട് പൂജവെപ്പ് നടന്നു. തിങ്കളാഴ്ച കുമാരിപൂജ നടക്കും. 11ന് പ്രഭാഷണം, 24ന് രാവിലെ ഏഴുമുതല്‍ വിദ്യാരംഭം, പൂജയെടുപ്പ്, വാണീവന്ദനം, ഒന്നിന് മഹാപ്രസാദമൂട്ട് എന്നിവയുണ്ട്.
ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം, രാമപുരം നാലമ്പലങ്ങള്‍, കിടങ്ങൂര്‍ ശിവപുരം ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂര്‍ മഹാഗണപതി ക്ഷേത്രം, പാലാ അമ്പലപ്പുറത്തുകാവ് ഭഗവതിക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പൂജവെപ്പ് നടന്നു.
ഇളങ്ങുളം: 44ാംനമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ 24ന് രാവിലെ ഏഴിന് പൂജയെടുപ്പ്, 8.30ന് വിദ്യാരംഭം. ശാരദാദേവി മന്ത്രാർച്ചന.
തെക്കേത്തുകവല: മുട്ടത്തുകവല ഐക്യോദയം എൻ.എസ്.എസ് കരയോഗത്തിൽ 23ന് വൈകീട്ട് ഏഴിന് ഭജന, 24ന് രാവിലെ എട്ടിന് പൂജയെടുപ്പ്, 8.30ന് വിദ്യാരംഭം.
കോട്ടയം: വിദ്യാരംഭ ചടങ്ങുകൾക്കൊരുങ്ങി പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രം. ചൊവ്വാഴ്ച പുലര്‍ച്ച നാലിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ നാല്പതോളം ആചാര്യന്മാരുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇരുപതിനായിരത്തിലേറെ പേര് ഇത്തവണ ആദ്യാക്ഷരം ഏഴുതാൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും തിരക്കില്ലാതെ വന്നുപോകുന്നതിനു പ്രത്യേക ക്രമീകരണം ഒരുക്കിയതായും ഇവർ പറഞ്ഞു.
വിപുലമായ പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനും വിദ്യാരംഭത്തിനുമായി പ്രത്യേക നിര ക്രമീകരിക്കുന്നതിനാല്‍ തിരക്കൊഴിവാകുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ കുരുന്നുകള്‍ക്കും വിദ്യാരംഭത്തിന് അവസരമുണ്ടായിരിക്കുമെന്നും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. പൊലീസും കെ.എസ്.ആര്.ടി.സിയും വിദ്യാരംഭ ചടങ്ങുകളില്‍ എത്തുന്നവര്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന പൂജവെപ്പിലും ആയിരങ്ങള്‍ പങ്കെടുത്തു. പൂജവെപ്പിന് മുന്നോടിയായി വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ടുള്ള എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചൊഴിയക്കാട് ശ്രീകൃഷ്ണ ക്ഷേത്രം. സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര, വൈകീട്ട് പരുത്തുംപാറയിലും തുടര്‍ന്ന് സരസ്വതി ബാലഗോകുലത്തിന്റെ വരവേൽപിനുശേഷം ക്ഷേത്രത്തിലും എത്തി.
എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് കരയോഗം എന്നിവിടങ്ങളിലും വരവേൽപുണ്ടായിരുന്നു. ഘോഷയാത്ര ക്ഷേത്രാങ്കണത്തില്‍ എത്തിയതിനു പിന്നാലെ പൂജവെപ്പ് ചടങ്ങുകള്‍ ആരംഭിച്ചു. ദേവസ്വം മാനേജര്‍ കരുന്നാട്ടില്ലം കെ.എന്‍. നാരായണന് നമ്പൂതിരി, ഊരാണ്മ യോഗം സെക്രട്ടറി കൈമുക്കില്ലം കെ.എന്‍. നാരായണന് നമ്പൂതിരി, ദേവസ്വം അസി. മാനേജര്‍ കെ.വി. ശ്രീകുമാര്‍ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.