മഴക്കുവേണ്ടി പ്രാർഥിച്ച് സൗദി അറേബ്യൻ ജനത
text_fieldsജിദ്ദ: മഴക്കുവേണ്ടി പ്രാർഥനയിൽ മുഴുകി സൗദി അറേബ്യൻ ജനത. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള പള്ളികളിൽ നടന്ന മഴക്കുവേണ്ടിയുള്ള നമസ്കാരത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രവാചകചര്യയെ പിന്തുടർന്ന് രാജ്യത്തുടനീളം വ്യാഴാഴ്ച ജനങ്ങളോട് മഴക്ക് വേണ്ടി നമസ്കരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തിരുന്നു. മക്ക ഹറമിൽ നടന്ന നമസ്കാരത്തിന് ഇരുഹറം കാര്യാലയ മേധാവിയും ഇമാമുമായ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ അടക്കം നൂറുക്കണക്കിനാളുകൾ നമസ്കാരത്തിൽ പങ്കെടുത്തു. മഴക്ക് വേണ്ടിയുള്ള നമസ്കാരം പ്രവാചകചര്യയെ പിന്തുർന്നാണെന്നും അനുഗ്രഹങ്ങൾ വർഷിക്കാൻ ദൈവ ഭക്തിയിലൂടെ ആത്മാവിനെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും ദൈവഭക്തി ഏറ്റവും മികച്ച പാതയാണെന്നും ഹറം ഇമാം പ്രസംഗത്തിൽ പറഞ്ഞു. വളർച്ചയും മഴ ലഭ്യതയുടെ കുറവും ഉണ്ടാകുമ്പോൾ ആദരണീയരായ മുൻഗാമികൾ ഈ പ്രവാചക സുന്നത്തിനെ മുറുകെപ്പിടിച്ചിരുന്നുവെന്നും ഹറം ഇമാം സൂചിപ്പിച്ചു.
മസ്ജിദുന്നബവിയിൽ നടന്ന നമസ്കാരത്തിന് ശൈഖ് ഡോ. അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബഈജാൻ നേതൃത്വം നൽകി. മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ ഉൾപ്പെടെ നിരവധി പേർ മസ്ജിദുന്നബവിയിലെ നമസ്കാരത്തിൽ പങ്കാളികളായി. വരൾച്ച, ക്ഷാമം, മഴ തടഞ്ഞുനിർത്തൽ എന്നിവ ജനങ്ങൾക്കുണ്ടാകുന്ന ദൈവിക പരീക്ഷണങ്ങളാണ്. അവർക്കിടയിൽ പ്രവാചകന്മാരും ഉണ്ടായിരുന്നു. ആ പ്രയാസങ്ങൾ നീങ്ങാനുള്ള മാർഗങ്ങൾ പ്രവാചകന്മാർക്ക് അറിയിച്ച് കൊടുത്തിട്ടുണ്ട്. മഴക്ക് വേണ്ടിയുള്ള നമസ്കാരം ആ പാത പിന്തുടർന്നാണെന്നും മസ്ജിദുന്നബവി ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ഏറ്റവും മഹത്തായ പ്രവർത്തനമാണ് പ്രാർഥന. അതിലൂടെയുള്ള നേട്ടം വലുതാണ്. ആവശ്യങ്ങൾക്കായുള്ള ഏറ്റവും വലിയ കവാടമാണ്. ദൈവം ആളുകളോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമാം പറഞ്ഞു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടന്ന നമസ്കാരത്തിൽ ആളുകളോടൊപ്പം മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് തുടങ്ങിയവർ നേതൃത്വം നൽകി. മറ്റ് മേഖലകളിലെ വിവിധ പള്ളികളിൽ നടന്ന നമസ്കാരത്തിൽ ഗവർണർമാർ അടക്കമുള്ള നിരവധി പേർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.