കാഴ്ചവിരുന്നൊരുക്കി പുതിയാപ്പ
text_fieldsകോഴിക്കോട്: കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചവിരുന്നൊരുക്കി പുതിയാപ്പ ആസ്വാദകരെയും ഭക്തരെയും വരവേറ്റു തുടങ്ങി. പുതിയാപ്പ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ചാണ് നാട് പുതിയ കാഴ്ചഭംഗിയൊരുക്കി കാത്തിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ബസ് സ്റ്റോപ് മുതൽ ഹാർബർ വരെ മീറ്ററുകളോളം റോഡിനു കുറുകെ കെട്ടിയുയർത്തിയ കമാനങ്ങളിലാണ് വർണവെളിച്ചം വിതാനിച്ചിരിക്കുന്നത്. അലങ്കാര ബള്‍ബുകള്‍ തൂക്കിയിട്ട ഇടനാഴി ആഘോഷത്തിന്റെ പൊലിമയും മാറ്റും കൂട്ടുകയാണ്. അടുത്ത പ്രദേശങ്ങളിലൊന്നുമില്ലാത്ത നിറച്ചാർത്തുകൾ കണ്ട് മനസ്സ് കുളിർപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്നാണ് ആളുകൾ കുടുംബസമേതമെത്തുന്നത്.
ഓരോ ഭാഗെത്തയും കവാടങ്ങളൊരുക്കുന്നത് ആ പ്രദേശത്തെ കുടുംബങ്ങൾ തന്നെയാണ്. സ്വന്തം ചെലവിൽ വീട്ടുപറമ്പുകളിലും ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിട്ടുണ്ട് പലരും. വിവിധ കേന്ദ്രങ്ങളിലെ കാഴ്ചയുടെ ഫോട്ടോ എടുത്തു മടങ്ങുകയാണ് കുടുംബങ്ങൾ. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന ആഘോഷങ്ങളുടെ പൂർണ നിയന്ത്രണവും നാട്ടുകാർക്കുതന്നെയാണ്.
മത്സ്യത്തൊഴിലാളികൾ ഏറെയുള്ള പ്രദേശത്ത് ഒരാൾപോലും ഉത്സവകാലത്ത് ജോലിക്കുപോവാതെ മുഴുസമയവും ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളിലും പ്രവർത്തനങ്ങളിലുമാണ്. ക്ഷേത്രം തന്ത്രി ചാത്തനാട്ട് ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വിവിധ പൂജകളും ഉത്സവത്തിന്റെ ഭാഗമായി നടക്കുകയാണ്. വിവിധ കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.