ഖുബാ ഫ്രൻറ്: മദീനയുടെ പുതിയ മുഖം
text_fieldsമദീന: മസ്ജിദുന്നബവിയിൽനിന്ന് ഖുബാ പള്ളിയിലേക്കുള്ള വഴി മദീനയുടെ സുപ്രധാന വാണിജ്യ-വിനോദകേന്ദ്രമായി മാറുന്നു. മദീനയിലെത്തുന്ന തീർഥാടകന് ചരിത്രത്തിന്റെ സ്പന്ദനത്തോടൊപ്പം ഷോപ്പിങ്ങിനും വിശ്രമത്തിനും ഭക്ഷണത്തിനും ആനന്ദത്തിനുമൊക്കെയുള്ള ഒരിടമായാണ് നവീകരിച്ചത്.
മൂന്ന് കിലോമീറ്റർ നീളമുള്ള ഈ പൈതൃകത്തെരുവ് ആളും ആരവവുമുള്ള വ്യാപാരത്തെരുവായി മാറുകയാണ്. മദീനയിലെ ഏറ്റവും പഴക്കമുള്ള തെരുവാണ് മസ്ജിദുന്നബവിയിൽനിന്ന് ഖുബാ പള്ളിയിലേക്ക് പോകുന്ന വഴി. പ്രവാചകപള്ളിയുടെ പ്രാന്തപ്രദേശത്തുള്ള നഗരമതിലിൽനിന്നാരംഭിച്ച് ഒരുകൂട്ടം തോട്ടങ്ങളിലൂടെ കടന്നുപോയിരുന്ന വഴിയായിരുന്നു കുറച്ചുകാലം മുമ്പുവരെ ഇത്.
കഴിഞ്ഞ വർഷങ്ങളിൽ മാത്രമാണ് നടപ്പാത നവീകരിച്ചത്. ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് ഈ വഴി. പ്രവാചകൻ മദീനയിൽ എത്തിയശേഷം ആദ്യമായി നിർമിച്ച പള്ളിയാണ് ഖുബാ.
കഫേകൾ, റസ്റ്റാറൻറുകൾ, കാർണിവൽ ഏരിയ, സുവനീർ ഷോപ്പുകൾ, വസ്ത്രക്കടകൾ അങ്ങനെ 200ലധികം സ്റ്റോർ, സ്റ്റാൾ സ്പേസുകൾ ഒരുക്കിയിട്ടുള്ള വലിയ സ്ട്രീറ്റായാണ് ഖുബ തെരുവ് പരിവർത്തിക്കുന്നത്. വിനോദം, സംസ്കാരം, സർഗാത്മകത എന്നിവയിൽ ഊന്നിയാണ് മദീന വികസന അതോറിറ്റി ‘ഖുബാ ഫ്രൻറ്’ എന്നപേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്. സാമൂഹിക വികസനത്തിനുള്ള ഒരു സംവിധാനവുമാക്കി മാറ്റുകയും ലക്ഷ്യമാണ്.
ഇത് മദീനയുടെ വൈകുന്നേരങ്ങളെ സജീവമാക്കിനിർത്തുന്നു. കുടുംബത്തോടൊപ്പം ഒരു കോഫി കുടിക്കാൻ, ഇരുചക്ര - മുച്ചക്ര സൈക്കിൾ സവാരി നടത്താൻ, ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്ന് കറങ്ങിവരാൻ, കുതിരസവാരി നടത്താൻ, കുട്ടികൾക്കുള്ള ഗെയിം ഹബ്ബുകൾ അങ്ങനെ ഈ നഗരത്തിലെ ജീവനുള്ള ഒരിടമായി ഇതുമാറുന്നു.
ഇടക്കിടെ, പ്രത്യേകിച്ച് റമദാനിൽ ഡെവലപ്മെൻറ് അതോറിറ്റി സംഘടിപ്പിക്കാറുള്ള ഇവൻറുകളിലും ഫെസ്റ്റിവലുകളിലും ഈ തെരുവ് ഉത്സവാന്തരീക്ഷത്തിലേക്ക് മാറും.
റമദാനിലെ രാവുകൾക്ക് മറ്റൊരനുഭൂതിയാണ്. ഫുഡ് കോർട്ടുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ, സ്വന്തം ഫാൽക്കണുകളുടെ കൈത്തണ്ടയിൽ നിർത്തി ആളുകളെ കാണിക്കുന്ന മദീനക്കാരായ അറബികൾ ഇതിനെല്ലാം പുറമെ വെള്ളവും ഖഹ്വയും ഈത്തപ്പഴവുമൊക്കെ ‘ഹദിയ’ നൽകുന്നവർ-ഇതെല്ലാം ഖുബാ തെരുവിലെ കാഴ്ചയാണ്.
നിലവിൽ സിറ്റി ടൂറിന്റെ ഭാഗമായി ഖുബായിലേക്ക് ഓപ്പൺ ടോപ് ബസിൽ നടത്തിയിരുന്ന യാത്ര സന്ദർശകന് ഇപ്പോൾ ഈ ഇടനാഴിയിലൂടെ നടത്താം. മദീന പ്രവിശ്യ അമീറും വികസന അതോറിറ്റി ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാൻ 2021 ജനുവരി ആദ്യവാരത്തിലാണ് ‘ഖുബാ ഫ്രൻറ്’ ഉദ്ഘാടനം ചെയ്തത്.
മദീന പള്ളിയിലേക്കുള്ള വഴികൂടാതെ, മനഖ സ്ക്വയർ ട്രാക്ക്, ബാബു സലാം ഗേറ്റ്, ദി ബ്യൂട്ടിഫുൾ നെയിം ഓഫ് അല്ലാഹ് ഗാലറി, ഉഹ്ദിലേക്കുള്ള വഴി, അൽ നൂർ കോംപ്ലക്സ്, സുൽത്താന റോഡ് ട്രാക്ക്, ഖിബിലത്തൈൻ മസ്ജിദ്, ഖന്തക്ക് കിടങ്ങ്, ഖുബാ അവന്യൂ ഇതൊക്കെ ഉൾപ്പെട്ടതാണ് ഈ പ്രോജക്ട്. ഇതോടൊപ്പം പുതിയ ഖുബാ വികസനപദ്ധതികൾ കൂടി നടന്നുവരുകയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഈ പ്രദേശം കൂടുതൽ മനോഹരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.