മദീനയിലെ ഖുബ മസ്ജിദ്
text_fieldsമുഹമ്മദ് നബിയുടെ പ്രവാചകത്വ ലബ്ധിക്കുശേഷമുള്ള ഇസ്ലാമിലെ ആദ്യത്തെ പള്ളിയാണ് മദീനയിലെ ഖുബ മസ്ജിദ്. മസ്ജിദുന്നബവിയിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 'മസ്ജിദുൽ ഖുബ' 1440 വർഷം മുമ്പ് പ്രവാചകൻ മദീനയിലെത്തിയപ്പോൾ ആദ്യമായി നിർമിച്ചതാണ്. മദീനയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രണ്ടാമത്തെ പള്ളിയാണിത്.
മസ്ജിദുന്നബവിയിൽനിന്ന് തീർഥാടകർക്ക് ഈ പള്ളിയിലെത്താൻ പ്രത്യേക നടപ്പാത തന്നെ ഈയിടെ പണി പൂർത്തിയാക്കി. ഇരുപള്ളികൾക്കുമിടയിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ചെറുവാഹനങ്ങൾക്കുകൂടി സഞ്ചരിക്കാൻ കഴിയുന്ന പാത മദീന മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. ഇവിടെ കാൽനടക്കാർക്കായി രണ്ടു പള്ളികളിലേക്കും തടസ്സങ്ങളൊന്നുമില്ലാതെ നേരിട്ട് പോകാം. ഏകദേശം അരമണിക്കൂർകൊണ്ട് നടന്നെത്താം. കുടുംബങ്ങളൊത്തുള്ള നടത്തത്തിന് ഈ പാത ഉപയോഗപ്പെടുത്തുന്നുണ്ട്.
നബി മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ ആദ്യമായി ഇറങ്ങി താമസിച്ചത് അന്ന് ഇവിടെ വസിച്ചിരുന്ന ബനൂ അംറുബ്നു ഔഫ് ഗോത്രക്കാരിലെ കുല്‍സൂമുബ്നു ഹിദ്മ് എന്ന അനുചരന്റെ വീട്ടിലായിരുന്നു. അവിടത്തെ വിശ്വാസികൾക്കൊപ്പം കുല്‍സൂമിന്റെ ഭൂമിയിലാണ് ഈ പ്രഥമ ആരാധനാലയം നബി നിര്‍മിച്ചത്. ഖുര്‍ആനിൽ തൗബ അധ്യായത്തിൽ 108ാം സൂക്തത്തില്‍ 'മസ്ജിദു തഖ്വ' എന്നാണ് ഖുബ പള്ളിയെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് നബി വിടപറയുംവരെ എല്ലാ ശനിയാഴ്ചയും കാല്‍നടയായോ വാഹനപ്പുറത്തോ മസ്ജിദു ഖുബയിൽ വന്ന് നമസ്കരിക്കാറുണ്ടായിരുന്നു. 'താമസസ്ഥലത്തുനിന്ന് അംഗശുദ്ധി വരുത്തി ഖുബ പള്ളിയില്‍ വന്ന് നമസ്കരിക്കുന്നവര്‍ക്ക് ഉംറ ചെയ്തതിന്റെ പ്രതിഫലമുണ്ട്' എന്ന പ്രവാചക വചനത്തിൽനിന്ന് തന്നെ ഈ പള്ളിയുടെ വേറിട്ട മഹത്ത്വം വ്യക്തമാണ്.
മുഹമ്മദ് നബിക്കുശേഷമുള്ള ഖലീഫമാരായ ഉമർ, ഉസ്മാൻ എന്നിവരുടെ കാലഘട്ടത്തിൽ മസ്ജിദുൽ ഖുബ നവീകരണത്തിന് വിധേയമായതായി ചരിത്രം രേഖപ്പെടുത്തുന്നു. സൗദി ഭരണകൂടത്തിന്റെ കീഴിൽ 1968ൽ പള്ളിയുടെ വടക്കുഭാഗത്തായി വിപുലീകരണം നടത്തി. പിന്നീട് 1985ൽ പള്ളിയുടെ ചരിത്രപരമായി പ്രാധാന്യമുള്ള വാസ്തുവിദ്യ പൈതൃകങ്ങളും ശേഷിപ്പുകളും നിലനിർത്തി ഫഹദ് രാജാവിന്റെ നിർദേശപ്രകാരം വലിയ പരിഷ്കരണങ്ങൾ വരുത്തിയിരുന്നു.
1986ല്‍ ഫഹദ് രാജാവ് പുതുക്കിപ്പണിത പള്ളിയാണ് ഇപ്പോഴുള്ളത്. സൽമാൻ രാജാവിന്റെ പേരിലുള്ള മസ്ജിദുൽ ഖുബ വികസന പദ്ധതിയുടെ ഭാഗമായി പള്ളിയുടെ വലുപ്പം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ റമദാനിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുൽ ഖുബയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വികസനം സാധ്യമാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.
50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രാർഥന ഇടങ്ങളിൽ 66,000ത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ പര്യാപ്തമാകും. നിലവിൽ 13,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടവും സൗകര്യങ്ങളുമുള്ള ഖുബ മസ്ജിദിൽ പരമാവധി 20,000 ആരാധകർക്ക് സൗകര്യമുള്ള 5,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് നിലവിലെ പ്രാർഥനപ്രദേശം.
നിലവിലെ മസ്ജിദിനെ നാലുവശത്തും ഷെഡുള്ള മുറ്റങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലായിടത്തും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ, പ്രധാന കെട്ടിടവുമായി പുതിയ വികസന പദ്ധതികൾ ബന്ധപ്പെടുത്താത്ത വിധത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
മസ്ജിദിന് ചുറ്റുമുള്ള റോഡ് ഗതാഗതവും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിച്ച് പ്രദേശം കൂടുതൽ ആകർഷണീയമാക്കുകയാണ്. പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനും ജനത്തിരക്കുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ മികവുറ്റ ആസൂത്രണ പദ്ധതികൾ ഒരുക്കുകയാണിപ്പോൾ. പള്ളിയുടെയും സമീപത്തുള്ള മറ്റ് സ്മാരകങ്ങളുടെയും വാസ്തുവിദ്യകളുടെയും തനിമ ചോർന്നുപോകാതെ സംരക്ഷിക്കാനും പ്രത്യേക ശ്രദ്ധ കൊടുക്കുന്നതും സന്ദർശകരെ ഇങ്ങോട്ട് ഹഠാദാകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.