വിശപ്പടക്കി ഖത്തർ ചാരിറ്റി ‘റമദാൻ ഗ്രാൻഡ്’
text_fieldsദോഹ: വിശുദ്ധ റമദാൻ ആദ്യ ആഴ്ച പിന്നിടുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സഹായ വിതരണ പ്രവർത്തനങ്ങൾ സജീവമാക്കി ഖത്തർ ചാരിറ്റി. ‘റമദാൻ ഗ്രാൻഡ്’ എന്ന തലക്കെട്ടിൽ ഖത്തറിലെ കുറഞ്ഞ വരുമാനക്കാർക്കും വിധവകൾക്കും പ്രവാസികൾക്കും റമദാനിലേക്കാവശ്യമായ ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള പർച്ചേസിങ് വൗച്ചറുകൾ ഖത്തർ ചാരിറ്റി വിതരണം ചെയ്തു. 25 ലക്ഷം റിയാൽ ചെലവിൽ 10,000 പേരാണ് ഈ സംരംഭത്തിലൂടെ ഗുണഭോക്താക്കളാകുന്നത്.
‘റമദാൻ ഗ്രാൻഡ്’ സംരംഭത്തിന്റെ ഭാഗമായി അർഹരായവർക്ക് ആദ്യ ദിവസങ്ങളിൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനുള്ള വൗച്ചറുകൾ വിതരണം ചെയ്തതായി ഖത്തർ ചാരിറ്റി അറിയിച്ചു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് പിന്തുണ നൽകാനും ആവശ്യമായ അടിസ്ഥാന ഭക്ഷണം ലഭ്യമാക്കാനും സാമൂഹിക മൂല്യങ്ങൾ ഏകീകരിക്കാനും റമദാൻ ഗ്രാൻഡ് പദ്ധതി ലക്ഷ്യമിടുന്നു. ഖത്തർ ചാരിറ്റിക്ക് കീഴിൽ ഖത്തറിൽ തന്നെ നിരവധി പദ്ധതികളാണ് റമദാൻ കാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഏകദേശം ഒമ്പത് ലക്ഷത്തിലധികം പേർ വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും ഗുണഭോക്താക്കളാകുമെന്നാണ് കണക്കാക്കുന്നത്.
യാത്രക്കാരായ തൊഴിലാളികൾക്കായുള്ള ഇഫ്താർ, മൊബൈൽ ഇഫ്താർ ടെന്റുകൾ, വിവിധ സാമൂഹിക കൂട്ടായ്മകൾക്കായുള്ള ഇഫ്താർ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കുള്ള ഇഫ്താർ, അൽ അഖ്റബൂൻ വഴിയുള്ള സഹായം എന്നിവയെല്ലാം ഇതിലുൾപ്പെടും. വിവിധ രാജ്യങ്ങളിലും ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ‘ഫീഡ് ദി ഫാസ്റ്റിങ്’ പദ്ധതിയും നടപ്പാക്കുന്നുണ്ട്. തുർക്കിയയിലെ സിറിയൻ അഭയാർഥി ക്യാമ്പുകളിലായി ആയിരങ്ങൾക്കാണ് ദിവസേന ഇഫ്താർ ഭക്ഷ്യപാക്കുകൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.