വിടപറയുന്ന ദിക്റ്പാടിക്കിളി
text_fieldsനോമ്പിനു എല്ലാവരുടെ വീട്ടിലും ഏറ്റവും തിരക്കുപിടിച്ച ഒരിടമുണ്ടെങ്കിൽ അത് അടുക്കളയായിരിക്കും. വിവിധ തരം പലഹാരങ്ങളും വറവുകളും പാനീയങ്ങളും ഒരുക്കുന്ന തിരക്കിലാവും ഉമ്മമാർ. സത്യത്തിൽ അവരുടെ പാചകത്തിലുള്ള കഴിവുകളെല്ലാം പുറത്തെടുക്കാൻ ഇതിലും നല്ല അവസരം വേറെ ഇല്ലെന്നുതന്നെ പറയാം.
ആദ്യമേതന്നെ ഓരോരുത്തരും ഓരോ ജോലികൾ ഏറ്റെടുത്തിട്ടുണ്ടാവും. കൂട്ടത്തിൽ എളുപ്പമുള്ള ജോലി ആർക്കാണോ ആ ആളുടെ കൈയാളായിട്ടാവും ഞങ്ങൾ കുട്ടികൾ കൂടുക. എല്ലാവരും ഒത്തൊരുമയോടുകൂടി ഓരോന്ന് ചെയ്യുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്.
എല്ലാം കഴിഞ്ഞ് വല്യുപ്പയുടെ കൂടെ ദിക്റുകൾ ചൊല്ലി മഗ്രിബ് ബാങ്കിനു വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നീട്. ശേഷം ജമാഅത്തായിട്ടുള്ള നമസ്കാരവും ഓത്തും പ്രാർഥനയും. വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വല്ലാത്ത ഒരു അനുഭവം തന്നെയാണ് അവയെല്ലാം. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല നാളുകൾ. ഇന്ന് ആ കൂട്ടുകുടുംബമെല്ലാം അണുകുടുംബമായി. കുട്ടികളായിരുന്ന ഞങ്ങൾക്ക് കുട്ടികളായി, ഞങ്ങൾ ഉമ്മമാരോടൊപ്പത്തിനൊപ്പം കാര്യങ്ങൾ ഒരുക്കുന്നു.
ആ പഴയകാല ഓർമകളാണ് ഓരോ റമദാനും സമ്മാനിക്കുന്നത്. വിട പറയാൻ ഒരുങ്ങുകയാണ് റമദാൻ. വിശ്വാസികളെ സംബന്ധിച്ച് ഹൃദയഭേദകമായ നിമിഷങ്ങളാണത്. കാരണം പുണ്യങ്ങളുടെ പൂക്കാലം സമ്മാനിച്ചത് നാഥനുമായി ഹൃദയംകൊണ്ട് സംസാരിക്കാനുള്ള അവസരങ്ങളായിരുന്നു. അത് അകന്നുപോകുന്നത് നിറകണ്ണുകളോടെ നോക്കിനിൽക്കുകയാണ് വിശ്വാസികൾ. നോക്കെത്താ ദൂരത്ത് വീണ്ടുമൊരു പുണ്യങ്ങളുടെ പൂക്കാലത്തെ പ്രതീക്ഷിച്ചുകൊണ്ട് നമുക്ക് കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.