റമദാനിൽ നിറഞ്ഞുനിന്ന അത്താഴമുണർത്തു സംഘം
text_fieldsപുതുനഗരം: ബൈത്തുസഭയുടെ അത്താഴം ഉണർത്തുപാട്ടിന്റെ ഈണം വീണ്ടും എത്തുമോ എന്നാഗ്രഹിച്ച് കാത്തിരിക്കുകയാണ് പുതുനഗരത്തെ വിശ്വാസികൾ.
ഉച്ചഭാഷിണിയും ഡിജിറ്റൽ സംവിധാനവും ഇല്ലാത്ത കാലത്ത് തെരുവുകൾ തോറും പദയാത്രയായി വീടുകളിലെത്തി ബൈത്തുസഭയുടെ സഹർ കമ്മിറ്റി സംഘമായിരുന്നു അത്താഴസമയത്ത് വിശ്വാസികളെ വിളിച്ചുണർത്തിയിരുന്നത്.
ആദ്യം ഉച്ചഭാഷിണിയില്ലാതെ യാത്രയുണ്ടായെങ്കിലും ശേഷം കോളാമ്പി മൈക്ക് സൈക്കിളിൽ കെട്ടിയാണ് തമിഴ് ഗാനവുമായി പുതുനഗരത്തിലെ തെരുവുകൾ തോറും ഇവർ കയറിയിറങ്ങാറ്.
95 ശതമാനവും തമിഴ് സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങൾ തിങ്ങിവസിക്കുന്ന പുതുനഗരത്ത് ബൈത്തുസഭയുടെ തമിഴ്പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നവർ നിരവധിപേരാണുണ്ടായിരുന്നതെന്ന് ബൈത്തു സഭയുടെ ഭാരവാഹിയായിരുന്ന എ.വി. ജലീൽ പറയുന്നു. ബൈത്തുസഭയുടെ നടത്തിപ്പുകാരായ പുതുനഗരത്തിലെ മുസ്ലിം വാലിബർ മുന്നേറ്റ സംഘമാണ് പിന്നീട് മുസ്ലിം യൂത്ത് ലീഗായി പുതുനഗരത്ത് പ്രവർത്തനം മാറിയത്.
ബൈത്തുസഭക്ക് ഇമ്പമാർന്ന തമിഴ്, മലയാളം ഇസ്ലാമിക ഗാനങ്ങൾ രചിച്ചിരുന്നത് യു.ഇ. ബദർദീനും അലവിക്കയുമായിരുന്നു. എസ്.എസ്. ഹനീഫ, എസ്.എസ്. സുലൈമാൻ, എസ്.എ. ബഷീർ, പി.ഇ. അബ്ദുറഹീം, സുലൈമാൻ, എ.എം. അബ്ദുറഹ്മാൻ, പി.എ.എ. ഗഫൂർ, പി.ഇ. അബ്ദുൽ മജീദ്, ടി.എ. നൂർ മുഹമ്മദ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരുന്നത്.
അത്താഴമുണർത്തു സംഘത്തിന് സി.എം. മുഹമ്മദ് യൂസഫ്, ജി.എം. സഹാബുദ്ദീൻ, കെ.എ. കിദർ മുഹമ്മദ്, കെ.എ. അലാവുദ്ദീൻ, എൻ.എം.എ. കാദർ, എ.വി. ജലീൽ, എം.എം. ഫാറൂഖ്, യു. ഷഹീദ്, ആർ.എ. ബഷീർ, ടി.എ. ഷേക് ഉസ്മാൻ, കെ.എസ്. മുഹമ്മദലി, എ.കെ. ഹുസൈൻ തുടങ്ങിയവർ പല സന്ദർഭങ്ങളിലായി നേതൃത്വം നൽകിട്ടുണ്ട്. 1935 മുതൽ 2000 വരെ ആറര പതിറ്റാണ്ടുകാലം നീണ്ടുനിന്ന അത്താഴ ഉണർത്തുസഭ പിന്നീട് ഡിജിറ്റൽ കാലവും പള്ളികൾ വർധിച്ചതുംമൂലം താൽക്കാലികമായി നിർത്തിവെച്ചതായി സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.