റമദാൻ: പല കാഴ്ചകൾ; ഒരുമയുടെ മേളം
text_fieldsകുവൈത്ത് സിറ്റി: രാജ്യം ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പവിത്ര മാസമായ റമദാനിലൂടെ കടന്നുപോകുകയാണ്. മുസ്ലിംകൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു. മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കി ദൈവത്തിലേക്ക് അടുക്കാനുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നു. പ്രാർഥനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധനൽകുന്നു. ഭക്തിയും ത്യാഗവും സമ്മേളിക്കുന്ന മുഖങ്ങളാകും ഈ മാസം എങ്ങും കാണുക. അതിനൊപ്പം റമദാനിൽ രാജ്യത്ത് നടപ്പാക്കുന്ന പ്രത്യേക നിയമങ്ങളും കാലങ്ങളായി നടന്നുവരുന്ന രീതികളുമുണ്ട്. റമദാൻ ദിനങ്ങളിൽ പുറത്തിറങ്ങിയാൽ ആ കാഴ്ചകൾ കാണാം.
എല്ലാവർക്കും ഭക്ഷണം
എല്ലാവർക്കും ഭക്ഷണം എത്തിക്കാനും നോമ്പ് തുറക്കുന്ന സമയത്ത് ആരും പ്രയാസപ്പെടാതിരിക്കാനും രാജ്യവും ജനങ്ങളും ശ്രദ്ധാലുക്കളാണ്. വൈകുന്നേരത്തോടെ പള്ളികളിലും ഇഫ്താർ കേന്ദ്രങ്ങളിലും നോമ്പു തുറക്കുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നു.
അപരിചിതരുടെ കാറിൽനിന്ന് ഭക്ഷണ പെട്ടി ലഭിക്കുന്ന സമയമാണ് റമദാൻ. തെരുവുകളിൽ, തൊഴിലിടങ്ങൾക്ക് മുന്നിൽ ഇഫ്താർ വിഭവങ്ങളുമായി വാഹനം വന്നുനിൽക്കുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും നോമ്പുകാലത്ത് രാജ്യത്തെ പതിവു കാഴ്ചയാണ്. ചതുരാകൃതിയിലുള്ള പെട്ടികളിൽ വഴിയാത്രക്കാർക്ക് ആ വിഭവങ്ങൾ സമ്മാനിക്കുന്നു. നോമ്പുതുറക്കാൻ ആവശ്യമായ ഭക്ഷണം പെട്ടിയിൽ അടങ്ങിയിരിക്കും. ദേശീയത, വംശം, സാമൂഹിക സാമ്പത്തിക നില, മതം എന്നിവ പരിഗണിക്കാതെ എല്ലാവരെയും ഇതു വാങ്ങാൻ വിതരണക്കാർ സ്വാഗതം ചെയ്യുന്നു.
നോമ്പുതുറ സമയത്തോടടുത്ത്, ട്രാഫിക് സിഗ്നലുകളിൽ അപരിചിതർ വെള്ളവും ഈത്തപ്പഴവും കൈമാറുന്നതും സാധാരണമാണ്. ചില രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം താമസ സ്ഥലങ്ങളിലെ തെരുവിൽ സൗജന്യമായി വെള്ളവും ഭക്ഷണവും നൽകുന്ന സ്റ്റാൻഡുകൾ സ്ഥാപിക്കുന്നു. മുന്നിലൂടെ കടന്നുപോകുന്നവർക്ക് അപരിചിതൻ പണത്തിന്റെ കവർ നൽകുന്ന കാഴ്ചയും കണ്ടേക്കാം. റമദാനിൽ കുവൈത്തിലെ മുസ്ലിംകൾ കാണിക്കുന്ന ഉദാരമായ നിരവധി പ്രവൃത്തികളിൽ ഒന്നാണ് ഇത്. എന്നാൽ ഇത് മുതലെടുക്കാൻ യാചനക്കിറങ്ങിയാൽ പിടിയിലാകും. രാജ്യത്ത് യാചന നിരോധിച്ചിട്ടുണ്ട്.
ഒരുമയിൽ ഒരുമിച്ചിരിക്കൽ
ഇഫ്താർ സൗകര്യമുള്ള പള്ളികളിൽ, ടെന്റുകളിൽ നോമ്പുതുറ സമയത്തിനും എത്രയോ മുമ്പ് ആളുകൾ എത്തുന്നു. പ്രവാസികൾക്കു വേണ്ടി ഒരുക്കുന്ന ഈ ഇടങ്ങൾ പല ദേശക്കാരുടെയും ഭാഷക്കാരുടെയും സംഗമ കേന്ദ്രങ്ങളാണ്. ഭക്ഷണത്തിലൂടെ നീണ്ട ഒത്തുചേരലുകളായി ഇവ മാറുന്നു. അവർ പരസ്പരം ഭക്ഷണം പങ്കുവെക്കുന്നു. അറിയുന്ന ഭാഷയിൽ ആശയവിനിമയം നടത്തുന്നു. അങ്ങനെ അതൊരു സംസ്കാരങ്ങളുടെ സങ്കലനമായി മാറുന്നു.
പള്ളികൾക്ക് പുറമെ മലയാളി സംഘടനകൾ അടക്കം വിവിധ സംഘടനകളും ചാരിറ്റികളും നടത്തുന്ന ഇഫ്താറുകളും സജീവമാണ്. ഓരോ ദിവസത്തേക്കുള്ള ഭക്ഷണം സ്പോൺസർ ചെയ്യുന്നവരും ഉണ്ട്. നോമ്പു തുറയിലൂടെ ദിവസവും നിരവധിപേരുടെ ദാഹവും വിശപ്പും ഇവർ ശമിപ്പിക്കുന്നു. പള്ളികളിലെ നമസ്കാരങ്ങളിലും ഈ വ്യത്യസ്തകളുടെ കൂടിച്ചേരൽ കാണാം.
സജീവമായ രാത്രികൾ
റമദാനിലെ രാത്രികൾ പകലുകളേക്കാൾ സജീവമാണ്. അർധരാത്രിക്കുശേഷവും തുറന്നിരിക്കുന്ന കടകളും, റസ്റ്റാറന്റുകളും അവയിലെ തിരക്കും എല്ലാം റമദാനിലെ കാഴ്ചകളാണ്. പകൽ റസ്റ്റാറന്റുകൾക്ക് നിയന്ത്രണമുള്ളതിനാൽ രാത്രിയാണ് ഇവ തുറക്കുന്നത്. നോമ്പ് തുറന്നതിനു ശേഷം മാത്രം പ്രവർത്തനം ആരംഭിക്കുന്ന മറ്റു സ്ഥാപനങ്ങളും ഉണ്ട്. നോമ്പ് തുറന്ന് പ്രാർഥനകളും കഴിഞ്ഞാണ് പലരും ഷോപ്പിങ്ങിനും മറ്റും ഇറങ്ങുന്നത്. ഇത് തെരുവുകളിലും ഷോപ്പിങ് സെന്ററുകളിലും കാണാം. റമദാൻ അവസാനത്തിലെത്തുന്നതോടെ രാത്രി കൂടുതൽ സജീവമാകും.
പൊതുസ്ഥലത്ത് ഭക്ഷണം വേണ്ട
നിങ്ങൾ നോമ്പുകാരനല്ല, നല്ല വിശപ്പ് തോന്നുന്നുമുണ്ട്. പക്ഷേ, നിങ്ങൾ ഒരു പൊതുസ്ഥലത്താണ്. കൈയിലുള്ളത് അവിടെ വെച്ചുതന്നെ ഭക്ഷിക്കാം എന്ന് കരുതേണ്ട. പ്രഭാതത്തിനും സൂര്യാസ്തമയത്തിനുമിടയിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. മുസ്ലീം അല്ലെങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം. പിടിക്കപ്പെടുകയാണെങ്കിൽ പരമാവധി 100 ദിനാർ പിഴയും അല്ലെങ്കിൽ പരമാവധി ഒരു മാസം തടവും ലഭിക്കും. റമദാൻ ക്ഷമയുടെ മാസമാണ്, വാഹനങ്ങളുമായി റോഡിൽ ഇറങ്ങുമ്പോഴും ഈ ശ്രദ്ധവേണം. മഗ് രീബ് നമസ്കാരത്തിന് മുമ്പുള്ള നോമ്പ് തുറ സമയങ്ങളിൽ റോഡിൽ തിരക്ക് കൂടുന്നത് പതിവാണ്. ക്ഷമയോടെ നിയമങ്ങൾ പാലിക്കാനും, തിരക്കുള്ളവർ നേരത്തേ പുറപ്പെടാനും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.