സ്നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്ന കാലം
text_fieldsകണ്ണൂർ ജില്ലയിൽ പേരാവൂർ കൊട്ടിയത്തിനടുത്താണ് എന്റെ വീട്. മുസ്ലിംകൾ ഇടകലർന്നു ജീവിക്കുന്ന പ്രദേശമല്ല. തൊട്ടടുത്ത് ഒരു വീട് മാത്രമാണുള്ളത്. എന്നാൽ, ആയുർവേദ ഡോക്ടറാകുന്നതിനുവേണ്ടിയുള്ള പഠനകാലം മലപ്പുറം കോട്ടക്കൽ ആയുർവേദ കോളജിൽ ആയിരുന്നു. അതുകൊണ്ടുതന്നെ 2009 മുതൽ 2015 വരെയുള്ള പഠനകാലം നോമ്പനുഭവങ്ങളുടെ ഓർമകൾ പൂത്തുലഞ്ഞുനിൽക്കുന്നതാണ്.
മലപ്പുറം ജില്ലയിൽ ആയതിനാൽ ഹോസ്റ്റലും പരിസര പ്രദേശവും റമദാൻ മാസം വളരെ നിഷ്ഠയോടെ ആചരിക്കുന്നവരാണ്. ആറര വർഷക്കാലത്തെ ഓരോ റമദാൻ ദിനങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. ദൈവപ്രീതി മാത്രം ആഗ്രഹിച്ച് പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുക, വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുണ്ടാക്കി വിതരണം ചെയ്യുക, കഴിക്കാൻവേണ്ടി ഞങ്ങളും വ്രതം അനുഷ്ഠിച്ചവരോടൊപ്പം ഒന്നിച്ചിരിക്കുക, പള്ളികളിലെ ബാങ്ക് കേൾക്കുക, എല്ലാവരും ഒന്നിച്ചു ഒരേസമയം കഴിക്കുക എന്നത് വളരെ രസകരമായ ഓർമകളും അനുഭവങ്ങളുമാണ്. മറക്കാൻ കഴിയില്ല ഒരിക്കൽപോലും.
2021ലാണ് ഒമാനിൽ കോയമ്പത്തൂർ ആര്യവൈദ്യ ക്ലിനിക്കിൽ ഡോക്ടറായി ജോലിക്കുവരുന്നത്. കോവിഡ് കാലമായതിനാൽ ഒമാനിൽ, പലരും പറഞ്ഞുകേട്ട റമദാൻ മധുരം അനുഭവിച്ചറിയാൻ അവസരം കിട്ടിയില്ല. ഭക്ഷണം പോലെയുള്ള അവശ്യ വസ്തുക്കൾ വാങ്ങാനും കഴിക്കാനും ആരും ഇഷ്ടപ്പെടാറുണ്ടായിരുന്നില്ല. എങ്കിലും ക്ലിനിക്കിൽ വരുന്ന ചിലരുടെ ആഗ്രഹംകൊണ്ട് പലപ്പോഴും ചെറിയ രീതിയിലുള്ള വിഭവങ്ങൾ ലഭിക്കാറുണ്ടായിരുന്നു.
ഒരിക്കൽ റമദാനിൽ, തൊട്ടടുത്ത ഒരു പാകിസ്താനി റസ്റ്റാറന്റിലെ തൊഴിലാളിക്ക് നടുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ക്ലിനിക്കിൽ വരുകയും ചികിത്സയിൽ ആശ്വാസം ലഭിക്കുകയും ചെയ്തു. അതിന്റെ ഉപകാരസ്മരണ എന്ന നിലയിൽ ലഭിച്ച, വളരെ ലളിതമായാണെങ്കിലും അന്ന് കിട്ടിയ ആ വിഭവം ഈ റമദാൻ മാസത്തിൽ ഓർമിക്കുന്നു. ഈ പ്രാവശ്യം ഞാൻ വാർഷികാവധിക്ക് എന്റെ നാട്ടിലാണ്. നോമ്പുകാലം പണമുള്ളവനും ഇല്ലാത്തവനും തുടങ്ങി മാനുഷരെല്ലാരും ഒന്നുപോലെ പരിഗണിക്കപ്പെടുന്ന സ്നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്ന കാലമെന്നുപറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.