ഓർമകളിലേക്ക് ഓടിക്കയറിവന്ന ആ ശ്രീലങ്കൻ സഹോദരൻ
text_fieldsനോമ്പോർമകളുടെ പേജുകൾ വീണ്ടും ഒരിക്കൽക്കൂടി മറിച്ചിടുമ്പോൾ, കണ്ണീരിന്റെ നനവും നോവിന്റെ നീറ്റലും ഒപ്പംതന്നെ കരുതലിന്റെയും സൗഹൃദത്തിന്റെയും സുഗന്ധവും ഒരുപോലെ എന്നെ വലിഞ്ഞുമുറുക്കുന്നുണ്ട്. കുട്ടിക്കാലത്തെ കഷ്ടപ്പാടിന്റെ നാളുകളിൽ സകാത്തിന്റെ പൈസയുടെ രൂപത്തിൽ കടന്നുവന്നു സുഭിക്ഷതയുടെ മുപ്പതു നാളുകൾ സമ്മാനിച്ച നോമ്പുകാലങ്ങൾ! കുറച്ചു മുതിർന്നപ്പോൾ വൃക്കരോഗിയായ ഉമ്മയെയും കൊണ്ടുള്ള ചികിത്സ യാത്രകൾക്കിടയിൽ വിരുന്നെത്തിയ പ്രാർഥനകളുടെ വ്രതദിനങ്ങൾ... കുറച്ചുകൂടി മുതിർന്നപ്പോൾ എന്നെ ആശ്ലേഷിച്ചത് പങ്കുവെക്കലിന്റെയും ചേർത്തുപിടിക്കലിന്റെയും കുളിരുകോരുന്ന ഓർമകൾ സമ്മാനിച്ച പ്രവാസകാലത്തെ റമദാൻ ദിനരാത്രങ്ങളാണ്.പല കുടുംബങ്ങളിൽനിന്നും വ്യത്യസ്ത ദേശങ്ങളിൽനിന്നും വന്നവർ ഭൂപടങ്ങളിലെ കുത്തിവരകളെ സ്നേഹത്തിന്റെ പെൻസിൽകൊണ്ട് മായ്ച്ചുകളഞ്ഞ് ഒരു സുപ്രക്കു ചുറ്റും ഇരുന്ന് ആഘോഷമാക്കിത്തീർത്ത ഇഫ്താറുകൾ.
മറ്റുള്ളവരെ ഊട്ടുന്നതിൽ നിർവൃതി കണ്ടെത്തിയ അലീക്ക, സമർപ്പണത്തിന്റെ മനുഷ്യരൂപമായ നസീർക്ക, അമ്മദ്ക്ക, ശരീഫ്, സൂപ്പിക്ക തുടങ്ങിയ മുഖങ്ങളെ എങ്ങനെ മറക്കാൻ കഴിയും? അനുഭവങ്ങളുടെ അനവധി വൻകരകൾ താണ്ടിവന്ന അവരൊക്കെയായിരുന്നു പ്രവാസത്തിലെ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർ. ആക്കാലത്ത് തൊട്ടടുത്തു താമസിച്ചിരുന്ന ഒരു ശ്രീലങ്കക്കാരൻ ഞങ്ങളുടെ മുറിയിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. വളരെ പെട്ടെന്നുതന്നെ ഞങ്ങൾ അവനുമായി അടുത്തു. ഒരു ദിവസംപോലും കാണാതിരിക്കാൻ പറ്റാത്ത വിധത്തിൽ രാത്രികാലങ്ങളിൽ അവൻ ഞങ്ങളുടെ ബാച്ചിലേഴ്സ് മുറിയിലെ സ്ഥിരം അതിഥിയായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
ആഭ്യന്തര പ്രശ്നങ്ങളുടെ ഉച്ചസ്ഥായിയിൽ, മരണം ഒരു സ്ഫോടനത്തിന്റെ രൂപത്തിൽ പ്രിയപ്പെട്ടവരെയൊക്കെ കവർന്നെടുത്തു കടന്നുകളഞ്ഞപ്പോൾ പിറന്ന നാടിനോട് വിടപറഞ്ഞ്, ഒരുപാട് അലച്ചിലിനൊടുവിൽ ഒരു സുഹൃത്തിന്റെ സഹായത്താൽ സന്ദർശക വിസയിൽ എത്തിപ്പെട്ടതായിരുന്നു അയാൾ. തീവ്രതരമായ ചിന്താഗതികളും ഭീകരവാദവും തകർത്തുകളയുന്നത് സാധാരണക്കാരായ പാവം മനുഷ്യരുടെ സന്തോഷങ്ങൾ കൂടിയാണെന്ന് കണ്ണീരിന്റെ അകമ്പടിയിൽ അവൻ പറഞ്ഞ കഥകൾ കേട്ടിരുന്നപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്. നോമ്പുതുറ വിഭവങ്ങൾ സ്നേഹത്തോടെ കഴിപ്പിക്കാൻ ഞങ്ങൾ മത്സരിക്കുമ്പോൾ നിറകണ്ണുകളോടെ ഞങ്ങളെ നോക്കിനിൽക്കുന്ന അവന്റെ മുഖം ഓരോ റമദാൻ കാലത്തും വല്ലാത്തൊരു വേദനയോടെ, ആ മുറിയിൽനിന്ന് താമസം മാറിയതിനുശേഷവും മനസ്സിൽ തെളിഞ്ഞുവരാറുണ്ട്. കുറച്ചു നാളുകൾക്കുശേഷം മറ്റൊരു ശ്രീലങ്കക്കാരന്റെ സഹായത്താൽ അയാൾ ദുബൈയിലേക്ക് പോയി എന്നറിയാൻ കഴിഞ്ഞു.
വസന്തവും ശിശിരവും വേനലും മാറിമാറി ജീവിതത്തെ ഉമ്മവെച്ചു കടന്നുപോയ്ക്കൊണ്ടിരുന്നു. വർഷങ്ങൾക്കിപ്പുറം ഒരു വൈകുന്നേരം മനാമയിലെ ഗല്ലിയിലൂടെ നടന്നുപോകുമ്പോഴാണ് അവന്റെ മുറിയിൽ താമസിച്ചിരുന്ന ഒരു കൂട്ടുകാരനെ കണ്ടുമുട്ടിയത്. സ്വാഭാവികമായും അവന്റെ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ അയാളുടെ മുഖം ഒന്ന് വാടി. ഒരു അപകടത്തിന്റെ രൂപത്തിൽ അയാളെ മരണം തട്ടിയെടുത്തു എന്ന വാർത്ത ആ സുഹൃത്തിന്റെ വായിൽനിന്ന് തെറിച്ചുവീണപ്പോൾ ഉള്ളിലെവിടെയോ വല്ലാത്തൊരു നീറ്റലും നൊമ്പരവും അനുഭവപ്പെട്ടു. മരണത്തിന്റെ മാലാഖ തലയണക്കരികിൽ നിൽക്കുമ്പോഴും മതിമറന്നുറങ്ങുന്ന മനുഷ്യനോട് അവന്റെ നിസ്സാരതയെപ്പറ്റി പടച്ചവന്റെ ഓർമപ്പെടുത്തലാണ് പ്രിയപ്പെട്ട ജീവിതങ്ങളുടെ വേർപാടുകൾ.
പഞ്ചേന്ദ്രിയങ്ങളാൽ അഭിരമിക്കുന്ന ആസക്തികളുടെ അനിർവചനീയമായ ലോകത്തിൽനിന്ന് ദൈവപ്രീതി ലാക്കാക്കിയുള്ള തിരിഞ്ഞുനടത്തമാണ് ഓരോ പുണ്യമാസ രാവും ലക്ഷ്യംവെക്കുന്നത്. അതുപോലെ ഈ വിശുദ്ധമായ ദിനരാത്രങ്ങളിലെ ഓർമകളെ തിരഞ്ഞുകൊണ്ട് പിന്നോട്ടുനടന്നപ്പോൾ പെട്ടെന്ന് ഓടിക്കയറിവന്നത് പേരുപോലും എനിക്കോർമയില്ലാത്ത ആ ശ്രീലങ്കൻ സഹോദരന്റെ വാക്കുകളും സാമീപ്യവുമാണ്. ഒരുപാട് സ്നേഹത്തിന്റെ നിമിഷങ്ങൾ തന്നു മണ്ണിലേക്ക് മടങ്ങിയ പ്രിയപ്പെട്ട സഹോദരന് നൽകാൻ എന്റെ കൈയിൽ കറകളഞ്ഞ പ്രാർഥനകൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.