ആത്മനിർവൃതിയുടെ നാളുകൾ
text_fieldsപ്രപഞ്ചനാഥന്റെ അനുഗ്രഹം പെയ്തിറങ്ങുന്ന പുണ്യ റമദാൻ ഓരോ വിശ്വാസിക്കും ആത്മനിർവൃതിയുടെ നാളുകളാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളുടെ പെയ്ത്തുകാലമാണിത്. പ്രാർഥനയിലൂന്നിയ നീണ്ട രണ്ടുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിശ്വാസിസമൂഹം റമദാനെ വരവേൽക്കുന്നത്.
പാപക്കറകൾ കഴുകിക്കളഞ്ഞ് ആരാധനാ ധന്യമായ ജീവിതത്തിലൂടെ പുണ്യങ്ങൾ സമ്പാദിക്കാനുള്ള കനകാവസരമാണ് റമദാൻ. മനസ്സും ശരീരവും സ്ഫുടംചെയ്ത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലായിരിക്കും ഓരോ വിശ്വാസിയും. കേവലം പകലിലെ അന്നപാനീയങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. നോമ്പ് നിർബന്ധമാക്കിയത് നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണെന്നാണ് ഖുൻആൻ പറഞ്ഞത്. തഖ്‌വയാണ് ആത്മസംസ്‌കരണത്തിന്റെ അടിത്തറ.
ആയുസ്സിൽനിന്നു കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ച് ആത്മവിചിന്തനം നടത്താനും ഭാവിജീവിതത്തെ നന്മയുടെ പാതയിൽ ചലിപ്പിക്കാനും നാം തയാറെടുപ്പുകൾ നടത്തണം. ഐഹികലോകത്തെ ചാപല്യങ്ങളിൽ നശിച്ചുപോയ മനസ്സിനെ വീണ്ടുവിചാരം നടത്തി ശുദ്ധീകരിക്കാൻ നമ്മൾ ഈ സുവർണാവസരം ഉപയോഗപ്പെടുത്തണം. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചു നാം സമയം ചെലവഴിക്കുമ്പോൾ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി പ്രയാസപ്പെടുന്ന നമ്മുടെ സഹോദരന്റെ വികാരം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും സൗഹാർദം കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂർണമാവുന്നത്.
നോമ്പിന് വിരാമമിട്ട് ഈദുൽഫിത്റിനോടനുബന്ധിച്ചുള്ള ഫിത്ർ സകാത്തിലൂടെ സഹജീവിയോടുള്ള കരുതലിനും ഇസ്ലാം വഴിയൊരുക്കുന്നു. അനുഗ്രഹത്തിന്റെ കവാടങ്ങൾ മലർക്കെ തുറക്കുന്ന ഈ പുണ്യമാസത്തെ പരമാവധി ഉപയോഗപ്പെടുത്താൻ വിശ്വാസികൾ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.