വ്രതം കാഴ്ചപ്പാടും ജീവിതരീതിയുമാണ്
text_fieldsവ്രതം കാഴ്ചപ്പാടും ജീവിതരീതിയുമാണ്
നോമ്പ് വെറും അനുഷ്ഠാനം മാത്രമല്ല, മത, ജാതി, വർഗ, വർണ, ഭാഷ, ദേശഭേദങ്ങൾക്കപ്പുറം മാനവികതയുടെ ഒരു കാഴ്ചപ്പാടാണ്, സാമൂഹിക പ്രവർത്തനമാണ്. ഗൾഫിലായിരിക്കെ പല സ്ഥലങ്ങളിലായി ലബനാനി, ഇറാഖി, ഫിലിപ്പീനി, അറബി, മലയാളി എന്നൊന്നും വ്യത്യാസമില്ലാതെ എല്ലാവർക്കൊപ്പവും നിരവധി ഇഫ്താറുകൾക്കും അത്താഴത്തിനും പങ്കാളിയായിട്ടുണ്ട്. ജാതിക്കോ മതത്തിനോ വർണത്തിനോ സ്ഥാനമില്ലാത്ത ഇഫ്താർ കാഴ്ചകൾ വല്ലാത്തൊരു അനുഭവമാണ്. ഭക്ഷണത്തിനായി തൊട്ടടുത്ത് നിൽക്കുന്നവനിലേക്കോ വിളമ്പുന്നവൻ വാങ്ങാൻ വന്നവനിലേക്കോ എത്തിനോക്കാതെ, വിശക്കുന്നവന് ഭക്ഷണം നൽകുക എന്നത് മാത്രമാണ് മുഖ്യം. ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യപ്പെടുന്നത്.
ഇടക്ക് നോമ്പ് പിടിക്കുന്ന ശീലമുണ്ട്. നാട്ടിൽ സുഹൃത്തുക്കളുടെ വീട്ടിലെ അത്താഴവും ഇഫ്താറും മുടക്കാറില്ല. റമദാനിൽ മുസ്ലിംകളുടെ കടയിൽനിന്ന് ഭക്ഷണം കിട്ടില്ലെന്നും കട തുറക്കാറില്ലെന്നുമുള്ള ആരോപണങ്ങളിൽ ഭൂരിഭാഗവും കഴമ്പില്ലെന്നാണ് അനുഭവം. കഴിഞ്ഞ ദിവസം പാലക്കാട് ചായ കുടിക്കാൻ കയറിയത് ഒരു മുസ്ലിമിന്റെ കടയിലായിരുന്നു. വന്നവർക്കെല്ലാം സ്നേഹത്തോടെ അയാൾ ചായ നൽകുന്നു. അദ്ദേഹം നോമ്പുകാരനായിരുന്നു. നോമ്പെടുത്ത് മറ്റുള്ളവർക്ക് ചായ കൊടുക്കുന്നത് ബുദ്ധിമുട്ടല്ലേയെന്ന് ചോദിച്ചപ്പോൾ, '' നോമ്പെന്നാൽ ത്യാഗംകൂടിയാണ്, ഞാൻ ഈ കട അടച്ചിട്ടാൽ ഈ പ്രദേശത്തെ ആളുകൾക്ക് ചായ കിട്ടണമെങ്കിൽ 7-8 കിലോമീറ്റർ പോകണം. അവരെ ബുദ്ധിമുട്ടിച്ച് നോമ്പെടുത്തിട്ട് കാര്യമില്ലല്ലോ'' എന്നായിരുന്നു മറുപടി.
ആരോഗ്യത്തിലും നോമ്പ് കാതലായ മാറ്റങ്ങളാണ് വരുത്തുന്നത്. മലയാളികളിൽ 10-15 വർഷമായി പഞ്ചസാര പാനീയങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങളുടെ ഉപയോഗം എന്നിവ കൂടുതലാണ്. നമ്മൾ വിദേശത്തുള്ളതുപോലെ ആരോഗ്യകരമായ ഭക്ഷണം ശീലിച്ചേ തീരൂ. ആർഭാടവും അനാരോഗ്യകരവുമായ ഭക്ഷണം കുറച്ച് നോമ്പിന്‍റെ മഹത്ത്വത്തിനൊപ്പം ആരോഗ്യവും ശ്രദ്ധിക്കണം.
ഫുഡ് വ്ലോഗറും ഇന്‍റർനാഷനൽ റസ്റ്റാറന്‍റ് കൺസൽട്ടന്‍റുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.