ഡോ. ഗോപകുമാറിന്റെ വ്രതത്തിന് രണ്ടു പതിറ്റാണ്ട്
text_fieldsപയ്യന്നൂർ: ചാന്ദ്രവർഷത്തിനനുസരിച്ച് റമദാൻ മാസം എല്ലാ മലയാളമാസങ്ങൾക്കും പുണ്യം നൽകിയാണ് കടന്നു പോകുന്നത്. അങ്ങനെ ഓണക്കാലവും മണ്ഡലകാലവുമൊക്കെ റമദാനെ വരവേൽക്കുന്നു. ഇക്കുറി വിഷുക്കാലത്താണ് റമദാൻ എത്തിയത്. ഒരു മണ്ഡലകാലത്താണ് കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപത്തെ മസ്ജിദിലേക്ക് കോളജ് അധ്യാപകൻ കൂടിയായ ഡോ. എസ്. ഗോപകുമാർ നോമ്പുമുറിക്കാൻ കടന്നുചെന്നത്.
ശബരിമലയിലേക്ക് പോകാൻ മുദ്ര ധരിച്ച സന്ദർഭത്തിലായിരുന്നു പള്ളിയങ്കണത്തിലെത്തിയത്. മുദ്രയണിഞ്ഞ സ്വാമി ഇഫ്താറിനെത്തിയപ്പോൾ പള്ളി കമ്മിറ്റി പ്രത്യേക സ്ഥലമൊരുക്കി സന്തോഷപൂർവം വരവേറ്റു. വെജിറ്റേറിയൻ വിഭവവും പാത്രങ്ങളും വരെ മാറ്റിവെച്ചു.
ആ നോമ്പുകാലം മുഴുവൻ ആ പരിഗണനകിട്ടി. ഇത്തരം ആതിഥ്യമര്യാദകൾ ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്ന് ഡോക്ടർ. ആ നോമ്പ് ഈ വിഷുക്കാലത്തും മാറ്റമില്ലാതെ അനുഷ്ഠിക്കുകയാണ് ഇപ്പോൾ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടുകൂടിയായ ഡോക്ടർ.
2002ലാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. ഗോപകുമാർ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അധ്യാപകനായിയെത്തുന്നത്. 2003ലെ റമദാനിൽ ക്ലാസിലെ നിരവധി മുസ് ലിം വിദ്യാർഥികൾ വ്രതമനുഷ്ഠിക്കുന്നതു കണ്ടപ്പോഴാണ് അവരോട് ഐക്യപ്പെട്ട് നോമ്പെടുക്കാൻ തീരുമാനിച്ചത്.
മഗ്രിബിന് അവരോടൊപ്പം പള്ളിയിൽ പോയി നോമ്പുതുറന്നു. ഇതിനിടയിലാണ് സ്ഥിരമായി ശബരിമലയിൽ പോകുന്ന മണ്ഡലകാലത്ത് റമദാൻ വന്നെത്തിയതും മുദ്ര ധരിച്ചു തന്നെ വ്രതം തുടർന്നതും. 2003ൽ തുടങ്ങിയ വ്രതമെടുക്കൽ 2023ലെ വിഷുക്കാലത്തും നിർത്താതെ തുടരുന്നു. ആരും പറഞ്ഞിട്ടല്ല. നിശ്ചയദാർഢ്യമാണ് നോമ്പെടുക്കാനുള്ള ധൈര്യം നൽകിയത്.
പല ദിവസങ്ങളിലും വീട്ടിൽ ഇഫ്താർ വിഭവങ്ങൾ എത്തിച്ചു നൽകിയത് 75 പിന്നിട്ട പിതാവ് ശ്രീകണ്ഠൻ നായരായിരുന്നു. ഉത്തരേന്ത്യയിൽ എത്തിയപ്പോൾ ഗോപകുമാർ എന്ന പേരുകാരൻ റമദാൻ വ്രതമെടുക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി.
25 വർഷം മല ചവിട്ടിയ ഗുരുസ്വാമിയാണ് ഡോക്ടർ. ഇതിൽ പലവർഷങ്ങളിലും നോമ്പെടുത്താണ് മല കയറിയത്. വെള്ളംവരെ ഉപേക്ഷിച്ച് മല കയറിയപ്പോഴുണ്ടായ പോസിറ്റിവ് ഇന്ധനം പറഞ്ഞറിയിക്കാനാവാത്തത്. ഗുരുസ്വാമിയായതിനാൽ പലപ്പോഴും മറ്റുള്ളവരെ കൂടി മലകയറാൻ സഹായിക്കേണ്ടി വന്നിട്ടുണ്ട്.
വ്രതം ദഹന വ്യവസ്ഥയെ പോസിറ്റിവായി ക്രമപ്പെടുത്തുന്നു. ആഹാര നിയന്ത്രണം പൂർണമായും പാലിക്കുന്നു. ആമാശയമാണ് രോഗത്തിന്റെ പ്രവേശന കവാടമെന്നാണ് ആയുർവേദം. വിശുദ്ധ ഖുർആൻ വ്രതമനുഷ്ഠിക്കാൻ നിർദേശിച്ചതിലൂടെ പറഞ്ഞതും മറ്റൊന്നല്ല. ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.