നന്ദി പ്രകടിപ്പിക്കുക വിജയം വരിക്കുക
text_fieldsനന്ദിയുള്ള മനസ്സിന്‍റെ ഉടമയാവുക എന്നത് ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ അനുഗ്രഹമാണ്. ഏത് അവസ്ഥയിലും അല്ലാഹു നൽകിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു വിശ്വാസിക്ക് സാധിച്ചാൽ അതിൽപരം വലിയ സൗഭാഗ്യം മറ്റൊന്നില്ല. അതുകൊണ്ടാണ് നന്ദിയുള്ള ഖൽബിന് വേണ്ടി പ്രാർഥിക്കാൻ നബി (സ) കൽപ്പിച്ചത്.
‘നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേട് കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും’(ഖുർആൻ 14:7) എന്ന അല്ലാഹുവിന്റെ താക്കീത് ശ്രദ്ധേയമാണ്.
അതേ അധ്യായത്തിൽ തന്നെ 34 വചനത്തിൽ കാണാം. ‘നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.’
എത്ര കിട്ടിയാലും കിട്ടാത്തതിനെക്കുറിച്ചും നേടാത്തതിനെക്കുറിച്ചും മാത്രം എടുത്തുപറഞ്ഞ് വിലപിക്കുന്നവർ ഇൗലോകവും പരലോകവും നഷ്ടപ്പെടുത്തുകയാണ്. അല്ലാഹുവോടുള്ള നന്ദി സൂചനയുടെ ഭാഗം തന്നെയാണ് പടപ്പുകളോടുള്ള നന്ദിപ്രകടനവും. ഒരാളും ഈ ദുൻയാവിൽ സെൽഫ് മെയ്ഡ് അഥവാ സ്വയം ഉണ്ടാക്കപ്പെട്ടതല്ല.
‘ ഒരു കുട്ടിയെ വളർത്തുന്നതിന് ഒരു ഗ്രാമം മുഴുവൻ ആവശ്യമാണ്’ എന്ന ചൈനീസ് പഴമൊഴി എത്ര അർഥവത്താണ്. പലരുടെയും അറിഞ്ഞോ അറിയാതെയോ ഉള്ള സ്വാധീനം, പ്രേരണ, പ്രത്യക്ഷവും പരോക്ഷവുമായ സഹായ സഹകരണങ്ങൾ എന്നിവയൊക്കെ പ്രയോജനപ്പെടുത്തിയാണ് എല്ലാവരും എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്.
അതുകൊണ്ട്, ഏതുരീതിയിലുള്ള സഹായത്തിനും നന്ദി പ്രകടിപ്പിക്കുക ഒരു സത്യവിശ്വാസിയുടെ ഉത്തമ ഗുണങ്ങളിൽ പെട്ടതാണ്. നന്ദി പ്രകടിപ്പിക്കേണ്ടവരുടെ ഗണത്തിൽ ഒന്നാമതായി അല്ലാഹു എണ്ണിപ്പറഞ്ഞവരാണ് മാതാപിതാക്കൾ.
നന്ദി പ്രകടിപ്പിക്കാൻ മനസ്സ് അനുവദിക്കാതിരിക്കുക, കിട്ടിയ അനുഗ്രഹങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുക എന്നിവയേക്കാൾ ദൗർഭാഗ്യകരമായ ഒരു മാനസികാവസ്ഥ വേറെയില്ല. പൈശാചികമാണത്. അഹങ്കാരത്തിൽനിന്ന് ഉടലെടുക്കുന്നതാണത്.
അതിൽ നിന്നും മുക്തി നേടുവാൻ ഓരോ സത്യവിശ്വാസിയും റമദാനിലൂടെ പരിശ്രമിക്കേണ്ടതാണ്. റമദാനിൽ നോമ്പ് അനുഷ്ഠിക്കുന്നത് തന്നെയും ഒരു നന്ദി സൂചകമായിട്ടാണല്ലോ. നമുക്ക് മാർഗദർശനമായി അല്ലാഹു ഖുർആൻ അയച്ചുതന്നതിന്റെ നന്ദി സൂചകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.