പുണ്യങ്ങളുടെ പൂക്കാലം
text_fieldsഅടിമ-ഉടമ ബന്ധത്തിെൻറ മനോഹര ആവിഷ്കാരമാണ് വ്രതം. നാഥെൻറ പ്രീതി മാത്രം കൊതിച്ച് അവൻ നൽകിയ അനുഗ്രഹങ്ങൾ അവനായി മാറ്റി വെക്കാൻ സ്വയം സന്നദ്ധനാകുന്ന അത്രമേൽ സ്വകാര്യമായ അസുലഭ സന്ദർഭം. ഭൗതികതകയുടെ ദുഷ് പ്രേരണകളിൽനിന്ന് മുക്തനായി ആത്മീയതയുടെ വെളിച്ചത്തിൽ ശക്തിപ്പെടാനുള്ള ഉജ്ജ്വല അവസരം.
തീർത്തും സ്വകാര്യമായ ആരാധനാകർമം ആയതിനാലാണ് നാഥൻ ഇങ്ങനെ പറഞ്ഞത് ''നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നവൻ''. ഈ അടിസ്ഥാനത്തിലാണ് റമദാനിൽ മനുഷ്യൻ ചെയ്യുന്ന എല്ലാ കർമങ്ങൾക്കും 70 മുതൽ 700 ഇരട്ടി വരെ പ്രതിഫലം ലഭ്യമാകുമെന്ന് പ്രവാചകൻ തിരുമേനി സന്തോഷവാർത്ത അറിയിച്ചത്.
പ്രവാചകൻ അരുൾ ചെയ്തു, റമദാൻ മാസം ആഗതമായാൽ ആകാശ ലോകങ്ങളിൽ നിന്ന് വിളിയാളമുണ്ടാകും 'അല്ലയോ നന്മ ആഗ്രഹിക്കുന്നവരെ, നിങ്ങൾ മുന്നോട്ട് വരൂ, തിന്മ ആഗ്രഹിക്കുന്നവരെ, നിങ്ങൾ നിർത്തൂ'. പുണ്യ മാസത്തിെൻറ രാപകലുകളിൽ വിശ്വാസി സമൂഹത്തിെൻറ മനോഘടനയാണ് ഈ വിളംബരം. നന്മകളിലും സൽപ്രവൃത്തികളിലും പരമാവധി മുന്നേറാൻ നിതാന്ത ജാഗ്രതയുള്ളവനാകും അവൻ.
ആരാധനകൾ കൊണ്ട് ആത്മീയമായി ഉയർന്നുയർന്ന് നാഥനിലേക്ക് കൂടുതൽ അടുത്തവനായി അവൻ മാറും. മനുഷ്യനെ വഴിപിഴപ്പിക്കുന്ന സകല പൈശാചികതകളോടും അവൻ സമരത്തിലാവും. നോമ്പുകാരനാണ് എന്ന ബോധം അവെൻറ കണ്ണിനെയും കാതിനെയും നാവിനെയും മറ്റ് അവയവങ്ങളെയും നിയന്ത്രിക്കാൻ അവന് കരുത്തു പകരും. ചീത്ത വാക്കുകളും പ്രവർത്തനങ്ങളും വെടിഞ്ഞില്ലെങ്കിൽ ഭക്ഷണമുപേക്ഷിക്കേണ്ട കാര്യം അല്ലാഹുവിനില്ല എന്ന നബിവചനമാണ് അവനെ മുന്നോട്ട് നയിക്കുന്നത്.
മോശമായി പെരുമാറുന്നവരോട് പോലും 'ഞാൻ നോമ്പുകാരനാണ്' എന്ന് ഓർമിപ്പിച്ചു കൊണ്ട് സംയമനം പാലിക്കും. തനിക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ അന്യരുടെ അവകാശമായി ഖുർആൻ പരിചയപ്പെടുത്തിയ സകാത് അവൻ കൊടുത്തു വീട്ടും. പുറമെ മറ്റു ദാനധർമങ്ങൾ അധികരിപ്പിച്ചു കൊണ്ട് പടപ്പുകളോടും അവൻ കൂടുതൽ അടുക്കും.
പുണ്യങ്ങളുടെ പെരുമഴകൾ പെയ്യിച്ചു കൊണ്ട് മനസ്സും ശരീരവും ശുദ്ധീകരിച്ച് ആകാശ ലോകങ്ങൾക്ക് പ്രിയപ്പെട്ട അടിമയും ഭൂലോകർക്ക് ഇഷ്ടപ്പെട്ട സഹജീവിയുമായി അവൻ പരിവർത്തിതമാകും. പണ്ഡിതനായ മുസ്തഫാ സാദിഖ് പറഞ്ഞത് എത്ര സത്യം; 'റമദാൻ ! നീതിപൂർവം നിന്നെ വിളിക്കാൻ പറ്റുന്ന പേര് മുപ്പത് നാളത്തെ പരിശീലന വിദ്യാലയം എന്നത്രെ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.