പ്രതീക്ഷയാണ് റമദാൻ
text_fieldsമനുഷ്യസമൂഹത്തെ ഏതു പ്രതിസന്ധിയിലും മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷയാണ്. രോഗം സുഖപ്പെടാനും കഠിനമായ പ്രയത്നങ്ങളിൽ ഏർപ്പെടാനുള്ള ഉത്സാഹം നിലനിർത്താനും ഏതു പ്രയാസത്തിലും മനസ്സിെൻറ സമനില തെറ്റാതെ പിടിച്ചുനിൽക്കാനുമെല്ലാം മനുഷ്യർക്ക് തുണയാകുന്നത് പ്രതീക്ഷകളാണ്. അളവറ്റ ദയാപരെൻറ അറ്റമില്ലാത്ത അനുഗ്രഹവർഷത്തെ സംബന്ധിച്ച പ്രതീക്ഷയാണ് വിശ്വാസികൾക്ക് റമദാൻ.
നോമ്പനുഷ്ഠിക്കുന്നതിലും രാത്രിനമസ്കാരങ്ങളിലും ഖുർആൻ പാരായണത്തിലും മാത്രമല്ല, അത്താഴം കഴിക്കുന്നതിലും നോമ്പ് തുറക്കുന്നതിലുംവരെ അനുഗ്രഹങ്ങളും 'ബർകത്തും' അല്ലാഹു വാഗ്ദാനം ചെയ്യുന്നു. മുഹമ്മദ് നബി പറഞ്ഞു: ''നിങ്ങൾ അത്താഴം കഴിക്കുക. തീർച്ചയായും അത്താഴം കഴിക്കുന്നതിൽ ബർകത്ത് ഉണ്ട്''. ''നിങ്ങളിലാരെങ്കിലും നോമ്പു തുറക്കുമ്പോൾ കാരക്ക കൊണ്ട് നോമ്പ് മുറിച്ചുകൊള്ളട്ടെ. അതിൽ ബർകതുണ്ട്.'' 'ബർകത്ത്' എന്ന വാക്കിന് പുരോഗതി, സൗഭാഗ്യം, വളർച്ച, വർധന, സമൃദ്ധി, അനുഗ്രഹം എന്നൊക്കെ അർഥം പറയാം. അല്ലാഹുവിൽനിന്ന് നന്മ ലഭിക്കുക, ലഭിച്ച നന്മകൾ സ്ഥിരമായി നിലനിൽക്കുക, അവ വർധിക്കുക, അവയിൽ വളർച്ച ഉണ്ടാവുക എന്നതിനെല്ലാം 'ബർകത്ത്' എന്ന് പറയുന്നു. ഈ ബർകത്തിലുള്ള പ്രതീക്ഷ വിശ്വാസിക്ക് വലിയ കരുത്തു നൽകുന്നു.
ആർത്തവം, ഗർഭധാരണം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ കാരണങ്ങളാൽ നോമ്പനുഷ്ഠിക്കാൻ കഴിയാത്ത സ്ത്രീകൾക്ക് വലിയ മനഃപ്രയാസം കണ്ടുവരാറുണ്ട്. എന്നാൽ, അവർ അല്ലാഹുവിെൻറ അനുഗ്രഹത്തിലുള്ള പ്രതീക്ഷ കൈവിടേണ്ടതില്ല. ഏത് അനുസരണത്തിെൻറ ഭാഗമായാണോ റമദാനിൽ നോമ്പ് അനുഷ്ഠിക്കുന്നത് അതേ അനുസരണത്തിന്റെ ഭാഗമായിത്തന്നെയാണ് ചില പ്രത്യേക സാഹചര്യങ്ങളിൽ നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതും.
അത് അല്ലാഹുവിെൻറ കാരുണ്യത്തിൽനിന്ന് ലഭിക്കുന്ന ഇളവാണ്. അത് പ്രയോജനപ്പെടുത്തുന്നത് അവെൻറ അനുസരണം മൂലം ആകുമ്പോൾ അത് പ്രതിഫലാർഹമായ കർമമാണ്. തന്നെയുമല്ല, ഇത്തരം ശാരീരിക വിഷമതകളിലൂടെ കടന്നുപോകുന്ന പെണ്ണിന് ആ പ്രയാസങ്ങളുടെ പേരിലും അല്ലാഹുവിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും.
റമദാനിൽ നോമ്പ്, നമസ്കാരം എന്നിവ മാത്രമല്ല, കുടുംബിനി എന്ന നിലയിൽ ഒരു സ്ത്രീ നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങൾ, അഗതിസംരക്ഷണം, അല്ലാഹുവിെൻറ മാർഗത്തിൽ ചെലവഴിക്കൽ, ദിക്ർ ദുആകൾ എന്നുവേണ്ട നിത്യജീവിതത്തിലെ ഓരോ കർമവും സ്രഷ്ടാവ് അനുവദിച്ച രീതിയിൽ, പ്രവാചകൻ പഠിപ്പിച്ചുതന്ന മാതൃകയിൽ നിർവഹിക്കുമ്പോൾ അവയൊക്കെ പ്രതിഫലാർഹമാണ്. വിശ്വാസികൾ ആണാകട്ടെ, പെണ്ണാകട്ടെ ഏതവസ്ഥയിലും ദിവ്യകാരുണ്യത്തിൽ പ്രതീക്ഷ അർപ്പിച്ച് മുന്നോട്ടുപോകേണ്ടവരാണ്. ഒരു മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുന്ന മനുഷ്യസമൂഹത്തിന് ഒന്നടങ്കം പ്രചോദനമാണ്, പ്രതീക്ഷയാണ് ഖുർആെൻറ ഈ സൂക്തം: ''പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക''(2 :155).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.