റമദാനെ വരവേല്‍ക്കാനൊരുങ്ങി ഇമാറാത്ത്
text_fieldsഅബൂദബി: പുണ്യ റമദാനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം. കോവിഡ് മഹാമാരി താണ്ഡവമാടിയ മുന്‍ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരവധി കര്‍ശന നിബന്ധനകളില്‍ ഇളവ് നല്‍കിയതോടെ വിശ്വാസികളും സന്തുഷ്ടരാണ്. മസ്ജിദുകളിൽ ഒരുക്കങ്ങള്‍ തുടങ്ങി. രണ്ടു വര്‍ഷങ്ങളിലും മസ്ജിദുകളില്‍ നിര്‍ബന്ധിത ആരാധന കര്‍മങ്ങള്‍ക്കായി പരിമിതമായ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്.
ഇക്കുറി കൂടുതല്‍ പേര്‍ക്ക് പള്ളികളില്‍ തന്നെ ആരാധന നടത്താന്‍ സാധിക്കും.ഇഫ്താർ നടത്താന്‍ അനുമതി നല്കിയതും ലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസമേകും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് വര്‍ഷവും അടച്ചിട്ട ഇഫ്താര്‍ ടെന്റ് നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കാനാണ് യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതി അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാവുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അനുമതി.
ഏപ്രില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ റമദാന് ആഗതമാവുമെന്നാണ് നിഗമനം. കുറഞ്ഞ വരുമാനക്കാര്‍ക്കും പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം വിഭവസമൃദ്ധമായി നോമ്പുതുറക്കാനുള്ള ഇടമാണ് ഇഫ്താര്‍ ടെന്റുകള്‍. ഇത്തരം ടെന്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. എന്നാല്‍, കോവിഡ് കാലത്ത് കൂട്ടംചേരുന്നത് ഒഴിവാക്കാന്‍ ടെന്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടെ പ്രയാസത്തിലായ തൊഴിലാളികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ ജീവകാരുണ്യ സംഘടനകള്‍ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു.
അതേസമയം, റമദാന് ടെന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ റെഡ് ക്രെസന്റില്നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാരത്തില്‍ മാസ്കും സാനിറ്റൈസറും ലഭ്യമാക്കണം. കൂടാരം വായുസഞ്ചാരമുള്ളതും നാലു ഭാഗങ്ങളിലൂടെയും കവാടമുള്ളതുമായിരിക്കണം. ശീതീകരിച്ച ടെന്റുകളാണെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ടെന്റില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ആളുകളുടെ പരിധി അതാത് എമിറേറ്റിലെ ദുരന്ത നിവാരണ സമിതി തീരുമാനിക്കും. ടെന്റുകളിലേക്ക് നോമ്പ് തുറക്കാനെത്തുന്നവര്ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇഫ്താര്‍ ടെന്റിലെ പ്രവേശനത്തിന് അൽ ഹുസ്ൻ ആപ്പില്‍ ഗ്രീന്‍പാസ് നിര്‍ബന്ധമാണ്. ടെന്റിനകത്ത് ഒരു മീറ്റര്‍ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
തിരക്കു കുറയ്ക്കാന്‍ ഇഫ്താറിന് രണ്ട് മണിക്കൂര്‍ മുന്‍പു ടെന്റ് തുറക്കണം. ജനങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പാക്കണം. ഇഫ്താറിന് മുന്‍പും ശേഷവും ടെന്റ് അണുവിമുക്തമാക്കണം. ഉപയോഗിച്ച ശേഷം കളയാവുന്ന പ്ലേറ്റ്, കപ്പ്, സ്പൂണ്‍, മേശ വിരി എന്നിവ വേണം. പ്രവേശന കവാടങ്ങളില്‍ സുരക്ഷാ ഉേദ്യാഗസ്ഥരുണ്ടാകണം. ഹസ്തദാനം, ആശ്ലേഷണം തുടങ്ങിയവ പാടില്ല.
റമദാന്; നിര്‍ധനരെ സഹായിക്കാം
അബൂദബി: റമദാന് മാസത്തിലെ നോമ്പുതുറ, ഫിത്തർ സകാത്ത്, പെരുന്നാള്‍ പുടവ എന്നിവയ്ക്കായി 21 ലക്ഷം ദിര്‍ഹമിന്റെ (4.20 കോടി രൂപ) പദ്ധതി ആവിഷ്ക്കരിച്ചതായി എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആര്.സി) അറിയിച്ചു. പ്രാദേശിക, വിദേശ രാജ്യങ്ങളിലെ നിര്‍ധനരെ സഹായിക്കാനാണ് ഈ തുക വിനിയോഗിക്കുന്നത്. 14.5 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഇ.ആര്.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ സാലിം അല്‍ റയീസ് അല്‍ അമരി പറഞ്ഞു.
64 രാജ്യങ്ങളിലെ 6.63 ലക്ഷം പേര്‍ക്കും റമദാന് വിഭവമെത്തിക്കും. സംഭാവന സ്വീകരിക്കാന്‍ 250 കേന്ദ്രങ്ങളില്‍ ഇ.ആര്.സി സൗകര്യമൊരുക്കും. ഷോപ്പിങ് മാള്‍, മാര്‍ക്കറ്റ്, ജനങ്ങള്‍ കൂടുന്ന പ്രദേശം എന്നിവിടങ്ങളില്‍ ഔട്ട്ലറ്റുകളുണ്ടാകും. വെബ്സൈറ്റ്, സ്മാര്‍ട് ആപ്, ബാങ്ക് ട്രാന്‍സ്ഫര്‍, എസ്.എം.എസ് വഴിയും സംഭാവന നല്‍കാം. യു.എ.ഇയില്‍ അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ സംഭാവന പിരിക്കാന്‍ അധികാരമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.