സൗഹൃദം പൂക്കുന്ന റമദാൻകാലം
text_fieldsപുണ്യങ്ങളുടെ പൂക്കാലമായ റമദാൻ രാവുകൾ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേതുമാണ്. മനുഷ്യ സ്നേഹത്തിന്റെ കരുതൽകൂടിയാണ് റമദാൻ മാസം. കോഴിക്കോട്, വടകര, പുതുപ്പണം പ്രദേശത്ത് ജീവിച്ചുവളർന്ന എനിക്ക് കുട്ടിക്കാലത്തെ അനുഭവങ്ങൾ കുറേയധികം പറയാനുണ്ട്.
കുട്ടിക്കാലത്തെ സുഹൃദ് വലയങ്ങൾ നാട്ടിലും പ്രവാസ ലോകത്തുമാണെങ്കിലും ആ ബന്ധങ്ങൾ, സ്നേഹം ഇന്നും നിലനിന്നു പോരുന്നു. നോമ്പ് നോറ്റവർക്കൊപ്പം നോമ്പ് എടുത്തതും അവരുടെ വീടുകളിൽ ചെന്ന് കുടുംബത്തോടൊപ്പം നോമ്പ് തുറന്നതുമായ ഒരുപാട് സന്തോഷ നിമിഷങ്ങൾ, അനുഭവങ്ങൾ.
വൈകുന്നേരത്തോടെ അടുക്കളയിൽ ഒരുങ്ങുന്ന വിഭവങ്ങളോർത്ത് ബാങ്കുവിളിയും കാത്തിരുന്ന പ്രിയപ്പെട്ടവർ... ഷാജഹാൻ ബക്കർ, റഹീസ് അബ്ദുല്ല, മഷൂദ്, ഷക്കീർ, സിദ്ദീഖ്, റംഷാദ്... അവരെക്കുറിച്ചുള്ള ഓർമകൾ ചെറുപുഞ്ചിരിയോടെയല്ലാതെ ഓർത്തെടുക്കാൻ സാധിക്കില്ല.
ജീവിത പ്രാരാബ്ധങ്ങളുമായി പല പ്രവാസ കോണുകളിൽ ആണെങ്കിലും ഇന്നും ഞങ്ങൾ ആ സ്നേഹസൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇതുപോലുള്ള ആ പഴയകാല ഓർമകൾ ഇന്നും പങ്കിടുന്നു. ജാതി-മത ഭേദമന്യേ പല തരത്തിലുള്ള അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ.
ഇവക്കുപുറമേ ഇഫ്താർ പോലുള്ള കൂടിച്ചേരലുകൾ, ഇല്ലാത്തവന് ഉള്ളവർ ഒരു കൈത്താങ്ങായി മാറുക ഇതൊക്കെയല്ലെ മനുഷ്യത്വപരമായ കാര്യങ്ങൾ എന്ന് നമ്മൾ പലപ്പോഴായി ചിന്തിച്ചുപോകും.
14 വർഷക്കാലം ബഹ്റൈൻ പ്രവാസലോകത്ത് ആണെങ്കിലും, നാട്ടിലെ സൗഹൃദങ്ങൾക്കുപരി, ഇവിടെ കണ്ടുവരുന്ന സൗഹൃദം, പലതരത്തിലുള്ള സംഘടനകൾ നടത്തിപ്പോരുന്ന മതസൗഹാർദ മാനവികത അടയാളപ്പെടുത്തുന്ന കൂടിച്ചേരലുകൾ, സൗഹൃദ ബന്ധങ്ങൾ വിളിച്ചോതുന്ന ചെറുതും വലുതുമായ ഇഫ്താർ വിരുന്നുകൾ എല്ലാം എന്നെ ആ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.
ആഘോഷങ്ങൾ പരസ്പര സ്നേഹത്തിന്റെയും കരുണയുടെയും കാരുണ്യത്തിന്റെയും നിറകുടമായി നമ്മളിൽ എന്നും നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.